- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ ഡി.സി.സി ഓഫിസിൽ യോഗത്തിനിടെ കയ്യാങ്കളി
തൃശ്ശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ പരാജയപ്പെട്ടതിൽ പാർട്ടിക്കുള്ളിൽ പ്രതിഷേധം പുകയുന്നതിനിടെ തൃശ്ശൂർ ഡിസിസി ഓഫീസിൽ കയ്യാങ്കളി. പ്രതിഷേധത്തിനിടെ കെ മുരളീധരന്റെ അനുയായിയെ കൈയേറ്റം ചെയ്‌തെന്ന് പരാതി. ഇന്ന് വൈകിട്ട് യോഗത്തിനിടെയാണ് സംഭവം. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേർന്ന് പിടിച്ചുതള്ളിയെന്നാണ് ആരോപണം.
കെ മുരളീധരന്റെ അനുയായിയെ കൈയേറ്റം ചെയ്‌തെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ ഡിസിസി ഓഫീസിലെത്തിയ കെ മുരളീധരൻ അനുകൂലികളും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അനുകൂലികളും തമ്മിലാണ് സംഘർഷം ഉണ്ടായത്. ഇന്ന് വൈകിട്ട് ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേർന്ന് പിടിച്ചുതള്ളിയതിന് പിന്നാലെയായിരുന്നു സംഭവം.
ഡിസിസി ഓഫീസിന്റെ താഴത്തെ നിലയിൽ സജീവൻ കുര്യച്ചിറ പ്രതിഷേധിക്കുന്നത് അറിഞ്ഞാണ് കോൺഗ്രസ് പ്രവർത്തകരായ കെ മുരളീധരൻ അനുകൂലികൾ സംഘടിച്ചെത്തിയത്. തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡിസിസിയിൽ ചേരിപ്പോരിന് കളമൊരുക്കിയത്. ജില്ലയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച സുരേഷ് ഗോപി ജയിച്ചതോടെയാണ് ഡിസിസിയിൽ ആരോപണ-പ്രത്യാരോപണങ്ങൾ ഉയർന്നത്.
ഡിസിസി ഓഫീസിന്റെ താഴത്തെ നിലയിലാണ് സജീവൻ കുര്യച്ചിറയുള്ളത്. ജോസ് വള്ളൂരും സംഘവും ഡിസിസി ഓഫീസിന്റെ ഒന്നാമത്തെ നിലയിലാണ് ഉള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരന്റെ ദയനീയ തോൽവിക്ക് ശേഷം പല രീതിയിൽ പ്രകടമാവുന്ന പ്രതിഷേധത്തിന്റെ മൂർധന്യത്തിലാണ് അൽപസമയം മുമ്പ് തല്ലുണ്ടായത്. കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിൽ ഉണ്ടായിരുന്ന ഡി.സി.സി സെക്രട്ടറി സജീവൻ കുരിയച്ചിറയും അനുകൂലികളും ഡി.സി.സി ഓഫിസിൽ എത്തിയപ്പോൾ പ്രസിഡന്റ് ജോസ് വള്ളൂരും അനുയായികളും പിടിച്ച് തള്ളിയെന്നും മർദിച്ചുവെന്നുമാണ് ആക്ഷേപം. മർദനമേറ്റ് സജീവൻ പൊട്ടിക്കരയുകയും ഓഫിസിന് മുന്നിൽ കുത്തിയിരിക്കുകയും ചെയ്തു. പ്രതിഷേധം തുടരുകയാണ്.
പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി രൂക്ഷമായതോടെ തുടർച്ചായ മൂന്നാം ദിവസവും ഡിസിസി ഓഫിസിനു മുന്നിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കോൺഗ്രസ് നേതാക്കളായ അനിൽ അക്കര, എംപി.വിൻസന്റ് തുടങ്ങിയവർക്കെതിരെയാണ് പോസ്റ്ററുകൾ. ഇരുവരെയും പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നാണ് ആവശ്യം.
'കെ.മുരളീധരന്റെ പോസ്റ്ററുകളും ഫ്ളക്സ് ബോർഡുകളും അനിൽ അക്കര മുക്കി, പണം വാങ്ങി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച എംപി.വിൻസന്റ് ഒറ്റുകാരൻ'എന്നിങ്ങനെയുള്ള പോസ്റ്ററുകളാണ് കോൺഗ്രസ് ബ്രിഗേഡ് എന്ന പേരിൽ ഓഫിസിന് മുന്നിൽ പതിച്ചത്. ടി.എൻ.പ്രതാപന് ഇനി ഒരു വാർഡിൽ പോലും സീറ്റ് നൽകരുതെന്നും ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്.
കെ.മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതിന് പിന്നാലെയാണ് തൃശൂരിൽ ഭിന്നിപ്പ് രൂക്ഷമായത്. നേതൃത്വത്തിനെതിരെ മുരളീധരൻ നേരത്തെ രംഗത്ത് വന്നിരുന്നു. തന്റെ പ്രചാരണത്തിനായി മുതിർന്ന നേതാക്കൾ ആരും തന്നെ എത്തിയില്ലെന്നും സംഘടനാ തലത്തിൽ കാര്യക്ഷമമായ പ്രവർത്തനം നടന്നില്ലെന്നുമുള്ള ആരോപണങ്ങൾ മുരളീധരൻ നേരത്തെ ഉന്നയിച്ചിരുന്നു.