- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോട്ട് വന്നപ്പോൾ കാന്തപുരം പോലും ഇടതുപക്ഷത്തില്ലെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: യാക്കോബായ സഭ നിരണം മുൻ ഭദ്രസനാധിപൻ ഗീവർഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായിക്ക് പറയാം, മുഖ്യമന്ത്രി പറയുമ്പോൾ കരുതൽ വേണം. തകഴിയുടെ ശൈലിയിൽ സംസാരിക്കാൻ പിണറായിക്കാവില്ല. ചെത്തുകാരന്റെ മകനാണ്, സാധാരണക്കാരന്റെ ഭാഷയാണ് പിണറായിയുടേത്. സ്ഥാനത്തിരിക്കുമ്പോൾ ആ പദവിക്ക് നിരക്കുന്ന രീതിയിൽ സംസാരിക്കുന്നതാണ് അഭികാമ്യം. അതാണ് എപ്പോഴും നല്ലതെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
"ഒഴിവാക്കാമായിരുന്ന ഭാഷയാണ് ഉപയോഗിച്ചത്. മുഖ്യമന്ത്രിയെന്ന നിലയ്ക്കുള്ള പരാമർശം ശരിയല്ല. പിണറായി വിജയന്റെ ചോരകുടിക്കാൻ ഒരുപാടുപേരുണ്ട്. സാധാരണക്കാരന്റെ ഭാഷയിലാണു പിണറായി മറുപടി പറഞ്ഞത്. പിണറായുടെ ശൈലി അതാണ്. തകഴിയുടെ ഭാഷയിൽ സാഹിത്യം ചേർത്തു പറയാൻ പിണറായിക്ക് അറിയില്ല.
ഭരണവിരുദ്ധ വികാരം മാത്രമല്ല, പിന്നാക്ക വിഭാഗങ്ങൾ എൽഡിഎഫിൽനിന്ന് അകന്നതും ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തോൽവിക്കു കാരണമാണ്. പിന്നാക്കവിഭാഗങ്ങളോടുള്ള അവഗണനയും വിവേചനവും പരാജയത്തിനു കാരണമായിട്ടുണ്ട്. എൽഡിഎഫിന്റെ അടിത്തറ ഈഴവ, പിന്നാക്ക വിഭാഗങ്ങളാണ്. അവരുടെ ചോരയും നീരുമാണ് ഇടതുപക്ഷം. അവരെ മറന്നാണ് എൽഡിഎഫ് മുസ്ലിം പ്രീണനം നടത്തുന്നത്. ഫലം വന്നപ്പോൾ കാന്തപുരം പോലും സഹായിച്ചില്ലെന്നു തെളിഞ്ഞു. കോൺഗ്രസിന് അഭിമാനിക്കാവുന്ന നേട്ടമാണ് ഉണ്ടായിരിക്കുന്നത്.
എവിടെ പരാജയപ്പെട്ടാലും ആലപ്പുഴയിൽ എൽഡിഎഫ് തോൽക്കരുതായിരുന്നു. ആലപ്പുഴയിലെ സ്ഥാനാർത്ഥി നിർണയം പാളി. എ.എം.ആരിഫിനു ജയസാധ്യതയില്ലെന്നു ഞാൻ സ്ഥാനാർത്ഥി നിർണയസമയത്തു സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ആരിഫിനെ നിർത്തരുതായിരുന്നു. പാർട്ടി അണികൾക്കുപോലും ആരിഫ് സ്വീകാര്യനല്ലായിരുന്നു. ആരിഫിന് ഉന്നത സ്വാധീനം കാണും. പക്ഷേ, താഴേത്തട്ടിൽ അതില്ല. സിപിഎം പ്രവർത്തകരിൽ നിരാശബോധമുണ്ടായി. ശോഭ സുരേന്ദ്രൻ കൂടുതൽ വോട്ട് പിടിക്കുമെന്നു ഞാൻ പറഞ്ഞിരുന്നു. വലിയ മുന്നേറ്റമുണ്ടാക്കാൻ അവർക്കു കഴിഞ്ഞു.
പട്ടിക, പിന്നാക്ക വിഭാഗങ്ങൾ എൻഡിഎയെ പിന്തുണച്ചിട്ടുണ്ട്. അവരുടെ ആവശ്യങ്ങളൊന്നും യുഡിഎഫും എൽഡിഎഫും പരിഗണിച്ചില്ല. സുരേഷ് ഗോപി ജയിക്കുമെന്നു പ്രതീക്ഷിച്ചില്ല, എന്നാൽ, വലിയ മല്ലന്മാരെ അദ്ദേഹം അടിച്ചു താഴെയിട്ടു. പക്ഷേ, ഒറ്റയ്ക്കു ഭരിക്കാൻ ഭൂരിപക്ഷം കിട്ടുമെന്ന് അവകാശപ്പെട്ട ബിജെപിക്ക് അതുണ്ടായില്ല. എന്തുകൊണ്ടു പരാജയപ്പെട്ടെന്ന് ഓരോ പാർട്ടിയും ചിന്തിക്കണം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് പിടിക്കാൻ ബിജെപി ശ്രമിക്കും. തുഷാർ വെള്ളാപ്പള്ളി ഒരിക്കലും കേന്ദ്രമന്ത്രിയാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരിക്കലും കേന്ദ്രമന്ത്രി ആകില്ല. തനിക്ക് താൽപര്യമില്ല. കേന്ദ്രമന്ത്രി ആകുന്നതിനോട് താൻ എതിരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫും വിജയിക്കുന്ന രീതിയാണ് കുറേനാളായി കാണുന്നത്. സുരേഷ് ഗോപി വിജയിക്കുമെന്ന് വ്യക്തിപരമായി പ്രതീക്ഷിച്ചില്ല. ഈഴവരാദി പിന്നാക്കക്കാരുടെ വോട്ടുകൾ ഇടതിന് നഷ്ടപ്പെട്ടു. ഇടതിന്റെ ജനകീയ അടിത്തറ ഈഴവരാദി പിന്നാക്കങ്ങളാണ്. മുസ്ലിം പ്രീണനമാണ് നടന്നത്. മുസ്ലിം പ്രീണനം കൂടിയപ്പോൾ ക്രിസ്ത്യാനികളും പോയി. വോട്ട് വന്നപ്പോൾ കാന്തപുരം പോലും ഇടതുപക്ഷത്തില്ല.
പിന്നാക്ക വിഭാഗങ്ങൾക്ക് പ്രത്യേക പാക്കേജുണ്ടോ? ഉള്ളവർക്ക് പിന്നെയും പിന്നെയും കൊടുക്കുന്നു. ഇല്ലാത്തവർക്ക് ഒന്നുമില്ല. ക്ഷേമ പെൻഷനില്ല, മാവേലി സ്റ്റോറിൽ സാധനങ്ങളില്ല. പാർട്ടിയിൽ പിന്നാക്കക്കാരന് അവഗണനയാണ്. ന്യൂനപക്ഷമാണെങ്കിൽ ഉടൻ എൽസി സെക്രട്ടറിയും എംഎൽഎയുമാണ്. ആലപ്പുഴയിൽ പോലും ഈഴവർക്ക് പാർട്ടിയിൽ പരിഗണനയില്ല. ഇവിടെ ഇല്ലെങ്കിൽ എവിടെയാണ് ലഭിക്കുക? തോൽവിയുടെ എല്ലാ ഉത്തരവാദിത്തവും പിണറായിയുടെ തലയിൽ വെക്കരുത്. വാക്കുകൊണ്ട് രാഷ്ട്രീയം മാറി മറിഞ്ഞെന്ന് കരുതരുതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.