തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഈ മാസം 10 ന് ആരംഭിക്കും. ആകെ 28 ദിവസമാണ് സഭ സമ്മേളിക്കുക. ആദ്യ ദിവസം ചോദ്യോത്തര വേളയ്ക്ക് ശേഷം ഫോട്ടോസെഷൻ ഉണ്ടാകും. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യർഥനകൾ ചർച്ച ചെയ്ത് പാസാക്കുന്നതിനാണ് സമ്മേളനം ചേരുന്നത്.

ആകെ 28 ദിവസം ചേരാൻ നിശ്ചയിച്ചിട്ടുള്ള സമ്മേളനത്തിൽ ജൂൺ 11 മുതൽ ജൂലൈ 8 വരെ 13 ദിവസം ധനാഭ്യർഥനകൾ ചർച്ച ചെയ്ത് പാസാക്കുന്നതിനാണു നീക്കിവച്ചിട്ടുള്ളത്. സമ്മേളനത്തിനിടയിൽ ജൂൺ 13, 14, 15 തീയതികളിലായി ലോകകേരള സഭയുടെ നാലാം സമ്മേളനം ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കും. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ജൂലൈ 25ന് സമ്മേളനം അവസാനിപ്പിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.

ലോക കേരള സഭ ജൂൺ 13,14,15 തീയതികളിൽ നടക്കുമ്പോൾ ഈ ദിവസങ്ങളിൽ സഭ സമ്മേളിക്കില്ല. സഭയിലെ എല്ലാ ചോദ്യങ്ങൾക്കും മന്ത്രിമാർ ഉത്തരം നൽകണമെന്ന് റൂളിങ് നൽകിയതായി സ്പീക്കർ എഎൻ ഷംസീർ അറിയിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ താൻ പ്രതിനിധീകരിക്കുന്ന തലശേരി മണ്ഡലത്തിൽ എൽഡിഎഫിനേറ്റ തിരിച്ചടി പൊതുവായി ഉണ്ടായ വികാരത്തിലാണെന്നും തന്റെ മണ്ഡലം മാത്രം ഒഴിവാകില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം കഴിഞ്ഞ തെരഞ്ഞടുപ്പിന്റെ ആവർത്തനമാണ്. തലശേരി മണ്ഡലത്തിൽ എൽഡിഎഫിന്റെ വോട്ടും ഭൂരിപക്ഷവും കുറഞ്ഞിട്ടുണ്ട്. തദ്ദേശ വാർഡ് പുനർനിർണയ ബിൽ ആദ്യ ദിവസം സഭയിൽ അവതരിപ്പിക്കുമെന്നും ഗവർണർ പറഞ്ഞു.