തൃശ്ശൂർ : ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന് ഏറ്റ കനത്ത തോൽവിക്കും ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിനും പിന്നാലെ അതിക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളുമായി തൃശ്ശൂർ ഡി.സി.സി അധ്യക്ഷൻ ഡൽഹിയിൽ. കോൺഗ്രസ് ഹൈക്കമാന്റ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ ഡൽഹിയിലെത്തിയത്. സിസിടിവി ദൃശ്യങ്ങളുമായാണ് നേതാക്കളെ കാണാനെത്തിയത്. കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, കെ. സുധാകരൻ എന്നിവരെ കാണും.

ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ, ടി.എൻ. പ്രതാപൻ എന്നിവർക്കെതിരേ ഡി.സി.സി.യുടെ മതിലിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പതിച്ച പോസ്റ്ററിനെച്ചൊല്ലിയുള്ള തർക്കമാണ് വെള്ളിയാഴ്ച വൈകുന്നേരം കൈയേറ്റത്തിലെത്തിയത്. പോസ്റ്റർ പതിച്ചത് സജീവൻ കുരിയച്ചിറയുടെ അറിവോടെയാണെന്നാരോപിച്ചാണ് ബഹളം തുടങ്ങിയത്. ഡി.സി.സി. സെക്രട്ടറിയും ഏതാനും പ്രവർത്തകരും ഓഫീസിന്റെ താഴത്തെ നിലയിൽ നിൽക്കുമ്പോൾ സ്ഥലത്തെത്തിയ ജോസ് വള്ളൂരുമായി വാക്കുതർക്കമുണ്ടാകുകയും തുടർന്ന് സജീവൻ കുരിയച്ചിറയെ മർദിക്കുകയായിരുന്നുവെന്നാണ് കെ. മുരളീധരന്റെ അനുയായികളെന്നവകാശപ്പെടുന്നവർ പറയുന്നത്.

അതിനിടെ സംഭവം നടന്ന് ഒരു ദിവസം പിന്നിട്ട ശേഷം ഡിസിസി വാർത്താ കുറിപ്പ് പുറത്തിറക്കി. ഡിസിസി ജനറൽ സെക്രട്ടറി സജീവൻ കുര്യച്ചിറ മദ്യപിച്ചെത്തി അഴിഞ്ഞാടിയെന്നാണ് ഡിസിസി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. 'മദ്യപിച്ച് എത്തിയ ഡിസിസി ജനറൽ സെക്രട്ടറി സജീവൻ കുരിയച്ചിറയുടെയും അനുയായികളുടെയും ക്രൂരമർദ്ദനമേറ്റ കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം വിമൽ സി.വിയും യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ കോഡിനേറ്റർ പഞ്ചു തോമസും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

മദ്യപിച്ച് എത്തിയ ഡിസിസി ജനറൽ സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ നേതൃത്വത്തിൽ ഡിസിസി സെക്രട്ടറി എം എൽ ബേബി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബി മോൻ,ജില്ലാ സെക്രട്ടറി അഖിൽ ബാബുരാജ്, ബൈജു പുത്തൂർ, നിഖിൽ ജോൺ, സുരേഷ്, സുനോജ് തമ്പി തുടങ്ങിയവരാണ് വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടുകൂടി ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലെത്തിയത്. യൂണിവേഴ്‌സിറ്റി യൂണിയൻ ഇലക്ഷനുമായി ബന്ധപ്പെട്ട് ഡിസിസി ഓഫീസിൽ ഉണ്ടായിരുന്ന കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം വിമൽ സി.വിയേയും, യൂത്ത് കോൺഗ്രസ് സോഷ്യൽ മീഡിയ കോർഡിനേറ്റർ കോഡിനേറ്റർ പഞ്ചു തോമസിനെയും ഇവർ യാതൊരു പ്രകോപനവും ഇല്ലാതെ മർദ്ദിച്ചുവെന്നും ഡിസിസി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.