കോട്ടയം: ബിജെപി നേതാവ് ജോർജ് കുര്യന്റെ കേന്ദ്ര മന്ത്രിസ്ഥാനം സമൂഹത്തിനായി ഇത്രയും നാൾ അധ്വാനിച്ചതിന്റെ അംഗീകാരമെന്ന് ജോർജ് കുര്യന്റെ ഭാര്യ അന്നമ്മ. സന്തോഷമുണ്ട്, സംതൃപ്തിയും. ഒത്തിരിനാൾ അദ്ദേഹം കഷ്ടപ്പെട്ടു. മന്ത്രിസ്ഥാനം വരും പോകും. അതൊന്നും ജീവിതത്തിൽ വലിയ നേട്ടമായി കരുതാൻ സാധിക്കില്ലെന്നും ഭാര്യ പറഞ്ഞു.

ജോർജ് കുര്യന്റെ പ്രവർത്തനങ്ങൾക്ക് കുടുംബം തടസം നിന്നിട്ടില്ല. പൂർണ പിന്തുണയാണ് നൽകിയിരുന്നത്. കേന്ദ്ര മന്ത്രിസ്ഥാനം സംബന്ധിച്ച വാർത്ത മാധ്യമങ്ങളിൽ കൂടിയാണ് അറിയുന്നത്. സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഡൽഹിയിൽ എത്തി എന്ന് പറഞ്ഞ് ജോർജ് കുര്യൻ വിളിച്ചിരുന്നുവെന്നും അതിന് ശേഷം അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ലെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു.

സമൂഹത്തിന് സേവനം ചെയ്യുക. സ്വരാജ്യത്തെ സ്‌നേഹിക്കുക. ചെയ്യാവുന്നതിന്റെ മാക്‌സിമം ചെയ്തു. ഭാർത്താവിന്റെ സേവനമനോഭാവത്തെ തള്ളിപ്പറയാൻ പറ്റില്ലെന്നും അവർ കൂട്ടിച്ചേർത്തു. മന്ത്രിസ്ഥാനം ഉറപ്പിച്ച് ജോർജ് കുര്യൻ വിളിച്ചിരുന്നോ എന്ന ചോദ്യത്തിന്, ഇതുവരെ വിളിച്ചിട്ടില്ലെന്നും മാധ്യമങ്ങളിൽ കൂടിയാണ് ഇക്കാര്യം അറിയുന്നതെന്നും അവർ കൂട്ടിച്ചേർത്തു. നിലവിൽ പോയിരിക്കുന്നത് മന്ത്രിസഭയിലേക്കാണോ എന്ന കാര്യത്തിൽ ഉറപ്പു പറയാൻ പറ്റില്ലെന്നും ഭാര്യ പറഞ്ഞു.

കേരളത്തിൽ നിന്നുള്ള മന്ത്രിമാരുടെ ലിസ്റ്റിൽ ജോർജ് കുര്യന്റെ പേര് ചർച്ചയായിരുന്നില്ല. അപ്രതീക്ഷിതമായാണ് അദ്ദേഹത്തിന്റെ മന്ത്രിസഭാ പ്രവേശനം. 2016 നിയമസഭ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്ക് എതിരെ സ്ഥാനാർത്ഥിയായിട്ടുണ്ട്.

ചാനൽ ചർച്ചകളിൽ ബിജെപിക്ക് വേണ്ടിയുള്ള സ്ഥിരം സാന്നിധ്യമാണ് ജോർജ് കുര്യൻ. കേരളത്തിലെ ക്രിസ്ത്യൻ വിഭാഗങ്ങളെ പാർട്ടിയിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ജോർജ് കുര്യന് മന്ത്രിസ്ഥാനം നൽകിയത് എന്നാണ് വിലയിരുത്തൽ. ദേശീയ ന്യൂനപക്ഷ കമ്മിഷൻ മുൻ വൈസ് ചെയർമാനാണ്. കോട്ടയം കാണക്കാരി സ്വദേശിയാണ്.

മൂന്നാം മോദി മന്ത്രിസഭയിൽ തൃശൂർ എംപി സുരേഷ് ഗോപിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനുമാണ് കേരളത്തിന്റെ പ്രാതിനിധ്യമായി മാറുന്നത്. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനായി സുരേഷ് ഗോപി ഡൽഹിയിലെത്തി. രാത്രി 7.15-ന് രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ. നിയുക്ത മന്ത്രിമാർ മോദി ഒരുക്കിയ ചായ സത്കാരത്തിൽ പങ്കെടുത്തിരുന്നു.

സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവിയോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി സ്ഥാനമോ ലഭിച്ചേക്കും എന്നാണ് സൂചന. തന്റെ സിനിമാ തിരക്കുകൾ സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ പാർട്ടി നിർദേശിച്ചു എന്നാണ് സൂചന. പ്രധാന വകുപ്പുകളായ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകൾ ബിജെപി തന്നെ കൈകാര്യം ചെയ്യും എന്നാണ് സൂചന. ഘടകക്ഷികളായ ടിഡിപിക്കും ജെഡിയുവിനും രണ്ട് വീതം മന്ത്രിസ്ഥാനമാണ് നൽകിയിരിക്കുന്നത്.

ഡൽഹിയിലെത്താൻ നരേന്ദ്ര മോദി നേരിട്ട് ക്ഷണിച്ചെന്നും മോദിയും അമിത് ഷായും പറയുന്നത് എന്തായാലും അനുസരിക്കുമെന്നും യാത്രയ്ക്ക് മുൻപ് സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.