കോട്ടയം: ഘടകകക്ഷികളെ തൃപ്തിപ്പെടുത്തി നരേന്ദ്ര മോദിക്ക് എത്രകാലം മുന്നോട്ടുപോകാൻ കഴിയുമെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ബിജെപി നേതാവ് പി.സി. ജോർജ്. ഘടകകക്ഷികൾക്ക് അർഹമായ പരിഗണന കൊടുത്തില്ലെങ്കിൽ കേന്ദ്ര സർക്കാർ കാണില്ല. ഇക്കാര്യം മോദിക്ക് നന്നായി അറിയാമെന്നും പി.സി. ജോർജ് പറഞ്ഞു.

അനാവശ്യ ആഗ്രഹങ്ങളുമായി ഘടകകക്ഷികൾ വന്നാൽ പ്രതിസന്ധിയുണ്ടാകും. അത്തരം സാഹചര്യം വന്നാൽ പാർലമെന്റ് പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ജോർജ് പറഞ്ഞു. തിരഞ്ഞെടുപ്പിൽ അഖിലേന്ത്യ തലത്തിൽ ബിജെപിക്ക് പാകപ്പിഴ ഉണ്ടായിട്ടുണ്ട്. അത് എങ്ങനെ തിരുത്തണമെന്ന് നേതൃത്വം ചർച്ച ചെയ്യണം. കേരളത്തിലെ എൽ.ഡി.എഫും യു.ഡി.എഫും മാധ്യമങ്ങളും ഒരുമിച്ചിട്ടും ബിജെപിക്ക് വോട്ട് കൂടി. ഒരു സീറ്റ് പിടിച്ചു. ഘടകകക്ഷികൾക്ക് നൽകിയ നാലു സീറ്റിലും ദയനീയ പരാജയമാണ് ഉണ്ടായത്. ഈ വിഷയത്തിലും കൂടിയാലോചന വേണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു.

മോദി ന്യൂനപക്ഷ വിരുദ്ധ നിലപാട് സ്വീകരിച്ചിട്ടില്ല. ന്യൂനപക്ഷങ്ങളിലെ തീവ്രസ്വഭാവത്തെയാണ് എതിർക്കുന്നത്. ക്രിസ്ത്യൻ, ഹിന്ദു, മുസ്ലിം വിഭാഗങ്ങളിൽ ഈ തീവ്രസ്വഭാവമുണ്ട്. തീവ്രവാദത്തെ തീവ്രവാദം എന്ന് ഹിന്ദുക്കളും ക്രിസ്ത്യാനികളും പറയും. തീവ്രവാദികളെ പറ്റി പറയുമ്പോൾ ആവേശം കൊള്ളുന്ന മുസ്ലിങ്ങൾ അവരെ തള്ളിപ്പറയണമെന്നും പി.സി. ജോർജ് വ്യക്തമാക്കി.

ഗവർണർ ആകാൻ രണ്ട് മാസം മുമ്പ് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും താൻ നിരസിച്ചു. ദേശീയ ന്യൂനപക്ഷ കമ്മിഷൻ പദവി കിട്ടിയാൽ സന്തോഷമുണ്ട്. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്. ദേശീയ പരിസ്ഥിതി കമ്മിറ്റി കിട്ടിയാൽ ഇടുക്കി, വയനാട്, കണ്ണൂർ ഉൾപ്പെടെ മലയോര മേഖലക്കും നാടിനും ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ കഴിയും. ഗവർണറായാൽ വെറുതെ വീട്ടിൽ കുത്തിയിരിക്കാം. ഒരു പണിയും നടക്കൂല. അല്ലെങ്കിൽ ആനന്ദബോസ് ചെയ്തത് പോലെ സംസ്ഥാനവുമായി അടി വെക്കണം. അത് എത്ര വിജയകരമാകുമെന്ന് അറിയില്ലെന്നും പി.സി. ജോർജ് വ്യക്തമാക്കി.