- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമ്മിലടിക്കും വിവാദങ്ങൾക്കുമിടെ രാജി പ്രഖ്യാപിച്ച് ജോസ് വള്ളൂരും എംപി വിൻസെന്റും
തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്റെ തോൽവിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും തമ്മിലടിക്കും പിന്നാലെ ഡിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് ജോസ് വള്ളൂർ. യുഡിഎഫ് ജില്ലാ ചെയർമാൻ എംപി വിൻസന്റും രാജി പ്രഖ്യാപിച്ചു.
ഡൽഹിയിൽ നിന്ന് തിരിച്ചെത്തി ഡിസിസി ഓഫീസിലേക്ക് വന്ന ജോസ് വള്ളൂരിന് ഒരു വിഭാഗം പ്രവർത്തകർ സ്വീകരണമൊരുക്കിയിരുന്നു. ഇത് വീണ്ടും ഓഫീസിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. തുടർന്ന് ഡിസിസിയിലെ ഭാരവാഹിയോഗത്തിൽ ജോസ് വള്ളൂർ രാജിവെച്ചതായി അറിയിച്ചു. യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ചതായി എംപി വിൻസെന്റും അറിയിച്ചു.
നേതൃത്വത്തിന്റെ ആവശ്യത്തിനുപിന്നാലെയാണ് തൃശ്ശൂർ ഡിഡിസി അധ്യക്ഷസ്ഥാനം ജോസ് വള്ളൂർ രാജിവെച്ചത്. ഡിഡിസി ഓഫീസിലെത്തിയ ഇരുവരും പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷമാണ് രാജി അറിയിച്ചത്. കെ.മുരളീധരന്റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് ജോസ് വള്ളൂർ പറഞ്ഞു. തൃശ്ശൂർ ഡിഡിസി ഓഫീസിലുണ്ടായ കൂട്ടത്തല്ലിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി എംപി വിൻസന്റും പ്രതികരിച്ചു.
രാജിസമർപ്പിക്കാനെത്തിയ ജോസിന് അഭിവാദ്യം അർപ്പിച്ച് നിരവധി പ്രവർത്തകരാണ് അദ്ദേഹത്തോടൊപ്പം ഡിസിസി ഓഫീസിലെത്തിയത്. ജോസ് വള്ളൂരിനെ എതിർക്കുന്ന ഒരു വിഭാഗം പ്രവർത്തകരും കോൺഗ്രസ് കൗൺസിലർമാരും ഇതേസമയം ഓഫീസിലുണ്ടായിരുന്നു. ഇരുവിഭാഗവും തമ്മിൽ പിന്നീട് ഉന്തും തള്ളുമുണ്ടായി. എന്നാൽ, വലിയ സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിയില്ല. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസും നിലയുറപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും രാജ്യപ്രഖ്യാപനത്തിനുശേഷം പ്രവർത്തകർ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലുണ്ടായ തോൽവിക്കും ഡി.സി.സി. ഓഫീസിലെ കൂട്ടത്തല്ലിനും പിന്നാലെ ജോസ് വള്ളൂരിനോടും യുഡിഎഫ് എംപി വിൻസന്റിനോടും കഴിഞ്ഞദിവസം പാർട്ടി നേതൃത്വം രാജി ആവശ്യപ്പെട്ടിരുന്നു. എഐസിസി നിർദ്ദേശം ജോസിനേയും വിൻസന്റിനേയും കെപിസിസി അറിയിക്കുകയായിരുന്നു. പാലക്കാട് എംപി വി.കെ. ശ്രീകണ്ഠന് ഡിസിസി പ്രസിഡന്റിന്റെ താൽകാലിക ചുമതലയും നൽകി.
ജോസ് വള്ളൂരിനെ നേരത്തെ കോൺഗ്രസ് നേതൃത്വം ഡൽഹയിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ കൂട്ടത്തല്ലിൽ വിശദീകരണവുമായി ജോസ് വള്ളൂരും രംഗത്തെത്തി. കൂട്ടത്തല്ല് മദ്യലഹരിയിൽ ഡി.സി.സി സെക്രട്ടറി സജീവൻ കുരിച്ചിറയുടെ നേതൃത്വത്തിൽ ഉണ്ടായതാണെന്നായിരുന്നു തൃശ്ശൂർ ഡി.സി.സിയുടെ വിശദീകരണം. കെ.എസ്.യു. നേതാവിനെയും സോഷ്യൽ മീഡിയാ കോർഡിനേറ്ററെയും പ്രകോപനമില്ലാതെ സജീവൻ മർദിച്ചുവെന്നും വിശദീകരണത്തിൽ പറഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങളുമായിട്ടായിരുന്നു ജോസ് വള്ളൂർ ഡൽഹിയിൽ നേതാക്കളെ കാണാനെത്തിയത്.
ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ, ടി.എൻ. പ്രതാപൻ എന്നിവർക്കെതിരേ ഡി.സി.സി.യുടെ മതിലിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പതിച്ച പോസ്റ്ററിനെച്ചൊല്ലിയുള്ള തർക്കമാണ് കൈയേറ്റത്തിലെത്തിയത്. പോസ്റ്റർ പതിച്ചത് സജീവൻ കുരിയച്ചിറയുടെ അറിവോടെയാണെന്നാരോപിച്ചാണ് ബഹളം തുടങ്ങിയത്. ഡി.സി.സി. സെക്രട്ടറിയും ഏതാനും പ്രവർത്തകരും ഓഫീസിന്റെ താഴത്തെ നിലയിൽ നിൽക്കുമ്പോൾ സ്ഥലത്തെത്തിയ ജോസ് വള്ളൂരുമായി വാക്കുതർക്കമുണ്ടാകുകയും തുടർന്ന് സജീവൻ കുരിയച്ചിറയെ മർദിക്കുകയായിരുന്നുവെന്നാണ് കെ. മുരളീധരന്റെ അനുയായികളെന്നവകാശപ്പെടുന്നവർ പറഞ്ഞത്.
അതിനിടെ, തൃശൂരിലെ കോൺഗ്രസ് തോൽവിയിൽ വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിന് മുൻപിൽ പ്രസിഡന്റ് ജോസ് വള്ളൂരിന് ഐക്യദാർഢ്യമാറിയിച്ചാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ യഥാർത്ഥ പ്രതികളെ സംരക്ഷിച്ച് ജോസ് വള്ളൂരിനെ ബലി കൊടുക്കരുതെന്ന് പോസ്റ്ററിൽ പറയുന്നു. ജോസ് വള്ളൂരിനെതിരെ നേരത്തെയും ചേരിതിരിഞ്ഞ് അണികൾ പോസ്റ്റർ പ്രചാരണം നടത്തിയിരുന്നു.
ചേലക്കരയിൽ രമ്യ ഹരിദാസിനെതിരെ സേവ് കോൺഗ്രസ് എന്ന പേരിലും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആലത്തൂരിൽ പരാജയപ്പെട്ട രമ്യാ ഹരിദാസിനെ ചേലക്കരയിലെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നതിനെതിരെയാണ് പോസ്റ്റർ. ഞങ്ങൾക്ക് ഞങ്ങളെ അറിയുന്ന ഒരു സ്ഥാനാർത്ഥി മതിയെന്നും ചേലക്കരയിൽ ഒരു വരുത്തി വേണ്ടേ വേണ്ട എന്നാണ് പോസ്റ്ററിലെ വാചകങ്ങൾ.