കോട്ടയം: പാലാ നഗരസഭാ കൗൺസിലർ ബിനു പുളിക്കകണ്ടത്തിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിപിഎം പുറത്താക്കി. പാർട്ടി വിരുദ്ധ നിലപാടുകളുടെ പേരിലാണ് പുറത്താക്കിയത്. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയതിൽ ബിനു പുളിക്കകണ്ടം വിമർശനം ഉന്നയിച്ചിരുന്നു. പാലാ നഗരസഭയിൽ സിപിഎം പാർലമെന്ററി പാർട്ടി നേതാവാണ് നിലവിൽ ബിനു പുളിക്കകണ്ടം. ബിനുവിനെ പുറത്താക്കാനുള്ള പാലാ ഏരിയ കമ്മിറ്റിയുടെ തീരുമാനത്തിന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗീകാരം നൽകി.

പാർട്ടി അച്ചടക്കം ലംഘിച്ചതിനും ഇടതുപക്ഷ വിരുദ്ധ സമീപനത്തിനുമെതിരെയാണ് ബിനുവിനെതിരായ നടപടിയെന്ന് സിപിഎം. പാലാ ഏരിയാ കമ്മിറ്റി സെക്രട്ടറി പി.എം. ജോസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

നേരത്തേ കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയതിനെതിരെ ബിനു പുളിക്കക്കണ്ടം പരസ്യവിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ പാർട്ടി കടുത്ത നടപടിയെടുത്തത്.

ജോസ് കെ. മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയതിൽ പാർട്ടി അണികൾക്ക് എതിർപ്പുണ്ടെന്നാണ് ബിനു നേരത്തേ പറഞ്ഞത്. ജോസ് ജനങ്ങളിൽ നിന്ന് ഓടിയൊളിക്കുകയാണെന്നും ജനങ്ങളെ നേരിടാൻ മടിയുള്ളതുകൊണ്ടാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നും പറഞ്ഞ ബിനു, പിൻവാതിലിലൂടെ അധികാരത്തിലെത്താൻ ശ്രമിക്കുന്നത് നല്ലതല്ലെന്നും പറഞ്ഞിരുന്നു.

പാലാ നഗരസഭയിലെ ചെയർമാൻ സ്ഥാനത്തേക്ക് ബിനുവിനെ കൊണ്ടുവരുന്നതിനെതിരെ കേരള കോൺഗ്രസ് എം നിലപാട് എടുത്തതാണ് നഗരസഭയിൽ തർക്കങ്ങൾ തുടങ്ങാൻ കാരണം. പിന്നീട് വെളുത്ത വസ്ത്രം ഉപേക്ഷിച്ച് കറുപ്പ് വസ്ത്രം മാത്രം അണിഞ്ഞ ബിനു പുളിക്കകണ്ടം കറുപ്പ് ഉപേക്ഷിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയതോടെയാണ് ബിനു പുളിക്കകണ്ടം പ്രതിഷേധം അവസാനിപ്പിച്ചത്. നിലനിൽപ്പിനായി അപേക്ഷിക്കുന്നവരോട് ബാലിശമായ യുദ്ധങ്ങൾ നടത്താൻ ഇല്ലെന്നായിരുന്നു ബിനുവിന്റെ നിലപാട്.

ജോസ് കെ.മാണിയുമായി നിരന്തരം സംഘർഷത്തിൽ ഏർപ്പെട്ടിരുന്ന ബിനു സിപിഎമ്മിനും കേരള കോൺഗ്രസിനും (എം) ഒരേ സമയം തലവേദന സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി വിട്ട് സിപിഎമ്മിൽ എത്തിയ ബിനു ഈ കൗൺസിലിൽ പാർട്ടി ചിഹ്നത്തിലാണു മത്സരിച്ചത്. പാലാ നഗരസഭയിലേക്കു വിജയിച്ച ഏക സിപിഎം അംഗമാണ്.

മുന്നണി ധാരണ പ്രകാരം സിപിഎമ്മിനു ലഭിക്കേണ്ട നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് ബിനുവിനെ പരിഗണിക്കാതിരിക്കാൻ കേരള കോൺഗ്രസ് (എം) സിപിഎം സംസ്ഥാന നേതൃത്വത്തിൽ വരെ സമ്മർദം ചെലുത്തിയിരുന്നു.

കേരള കോൺഗ്രസ് (എം) തന്റെ നഗരസഭാ അധ്യക്ഷ സ്ഥാനം തട്ടിക്കളഞ്ഞതിൽ പ്രതിഷേധിച്ച് 2023 ജനുവരി മുതൽ പൊതുപരിപാടികളിൽ കറുപ്പ് ഷർട്ട് ഇട്ട് ബിനു പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം കേരള കോൺഗ്രസിനു (എം) സിപിഎം രാജ്യസഭാ സീറ്റ് നൽകിയ നടപടിയിൽ പരിഹാസ സ്വരവുമായി ബിനു രംഗത്ത് എത്തിയിരുന്നു.

ഇതോടെയാണു പാർട്ടിയിൽ നിന്നു പുറത്താക്കാൻ തീരുമാനിച്ചത്. ഏരിയാ കമ്മിറ്റിയുടെ തീരുമാനത്തിനു ജില്ലാ കമ്മിറ്റി അംഗീകാരം നൽകിയെന്നു സിപിഎം ജില്ലാ സെക്രട്ടറി എ.വി.റസൽ പറഞ്ഞു.

നേരത്തേ വൻ വിവാദമായ ആപ്പിൾ എയർപോഡ് മോഷണത്തിൽ ബിനു പുളിക്കക്കണ്ടത്തിലിന്റെ പേര് വാർത്തകളിൽ നിറഞ്ഞിരുന്നു. പാലാ നഗരസഭയിലെ കേരള കോൺഗ്രസ് (എം) കൗൺസിലർ ജോസ് ചീരാംകുഴിയുടെ എയർപോഡാണ് മോഷണം പോയത്. ആഴ്ചകൾക്ക് മുമ്പ് ഈ എയർപോഡ് മാഞ്ചസ്റ്ററിൽ ജോലി ചെയ്യുന്ന പാലാ സ്വദേശിനിയായ യുവതി പൊലീസിന് നൽകുകയായിരുന്നു. പിന്നാലെ ബിനുവിനെ പ്രതിയാക്കി പാലാ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.