തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പിലും ന്യൂനപക്ഷ പ്രീണനമെന്ന് ആരോപിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാജ്യസഭ സീറ്റ് മുന്നണികൾ നൽകിയത് ന്യൂനപക്ഷങ്ങൾക്കാണ്. ബിജെപിയുടെ വളർച്ചയ്ക്ക് കാരണം ന്യൂനപക്ഷ പ്രീണനനയമാണ്. തിരുത്തേണ്ടത് തിരുത്തിയാൽ വോട്ടുകൾ തിരിച്ചു വരുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ജനാധിപത്യത്തെ മതാധിപത്യം ഹൈജാക്ക് ചെയ്തിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ വെള്ളാപ്പള്ളി ചിഹ്നം നോക്കി വോട്ട് ചെയ്യുന്നവർ തെരുവിലാണെന്നും ജാതി നോക്കി വോട്ട് ചെയ്യുന്നവർ മിടുക്കരാണെന്നും വിമർശിച്ചു. സത്യം പറയുന്ന തന്നെ ജാതിവാദിയാക്കുന്നുവെന്നും തിരഞ്ഞു പിടിച്ചു ആക്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

ആലപ്പുഴയിലടക്കം എൽഡിഎഫ് തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ വെള്ളാപ്പള്ളി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് അഭിമാനിക്കാവുന്ന നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ആലപ്പുഴ എൽഡിഎഫ് തോൽക്കാൻ പാടില്ലാത്ത സീറ്റാണ്. എങ്ങനെ തോറ്റു എന്ന് അവർ ചിന്തിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആരിഫിനെ മത്സരിപ്പിക്കരുതെന്ന് പറഞ്ഞതാണ്. പാർട്ടി അണികൾക്ക് ആരിഫിനെ സ്വീകാര്യമല്ലായിരുന്നു. മുകളിൽ ആരിഫിന് സ്വാധീനം കാണും പക്ഷെ താഴെയില്ല. ഈഴവരാദി പിന്നാക്കക്കാരുടെ വോട്ടുകൾ ഇടതിന് നഷ്ടപ്പെട്ടു. ഇടതിന്റെ ജനകീയ അടിത്തറ ഈഴവരാദി പിന്നാക്കങ്ങളാണ്. പാർട്ടിയിൽ പിന്നാക്കക്കാരന് അവഗണനയാണ്. ന്യൂനപക്ഷമാണെങ്കിൽ ഉടൻ എൽസി സെക്രട്ടറിയും എംഎൽഎയുമാണ്. ആലപ്പുഴയിൽ പോലും ഈഴവർക്ക് പാർട്ടിയിൽ പരിഗണനയില്ല. ഇവിടെ ഇല്ലെങ്കിൽ എവിടെയാണ് ലഭിക്കുകയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

മുസ്ലിം പ്രീണനമാണ് നടന്നത്. മുസ്ലിം പ്രീണനം കൂടിയപ്പോൾ ക്രിസ്ത്യാനികളും പോയി. വോട്ട് വന്നപ്പോൾ കാന്തപുരം പോലും ഇടതുപക്ഷത്തില്ല. പിന്നാക്ക വിഭാഗങ്ങൾക്ക് പ്രത്യേക പാക്കേജുണ്ടോ? ഉള്ളവർക്ക് പിന്നെയും പിന്നെയും കൊടുക്കുന്നു. ഇല്ലാത്തവർക്ക് ഒന്നുമില്ല. ക്ഷേമ പെൻഷനില്ല, മാവേലി സ്റ്റോറിൽ സാധനങ്ങളില്ലെന്നും വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.