കല്പറ്റ: രാഹുൽ ഗാന്ധി വയനാട് ലോക്‌സഭാ മണ്ഡലം ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെപിസിസി. അധ്യക്ഷൻ കെ സുധാകരൻ. ഇന്ത്യ നയിക്കേണ്ട രാഹുൽ വയനാട്ടിൽ വന്ന് നിൽക്കാൻ ആവില്ലെന്ന് കെ സുധാകരൻ പറഞ്ഞു.

രാഹുൽ ഗാന്ധി വയനാട് വിടുന്നതിൽ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്നാണ് സുധാകരന്റെ പ്രതികരണം. കോൺഗ്രസ് വിജയവും രാഹുൽ ഗാന്ധിയുടെ നേട്ടവും സന്തോഷം നൽകുന്നു. എന്നാൽ രാഹുൽ വയനാട് വിടുന്നു എന്നത് ദുഃഖം ഉണ്ടാക്കുന്നുവെന്നും കെ സുധാകരൻ വ്യക്തമാക്കി.

നമ്മൾ ദുഃഖിച്ചിട്ട് കാര്യമില്ല. ഇന്ത്യ നയിക്കേണ്ട രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ വന്ന് നിൽക്കാൻ ആകില്ല -കെ സുധാകരൻ പറഞ്ഞു.

റായ് ബറേലി ലോക്‌സഭാ മണ്ഡലത്തിൽ നിന്നും വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്നും ജയിച്ച രാഹുൽ ഏത് മണ്ഡലം ഉപേക്ഷിക്കും എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ഇപ്പോൾ കെപിസിസി അധ്യക്ഷൻ തന്നെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയത്.

വയനാട്ടിലെയും റായ്ബറേലിയിലെയും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തീരുമാനം എടുക്കാനാണ് ആഗ്രഹിക്കുന്നതെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർമാർക്കു നന്ദി പറയാൻ എത്തിയപ്പോഴാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. വയനാട്ടിലും റായ്ബറേലിയിലും ജയിച്ച സാഹചര്യത്തിൽ ഏതു മണ്ഡലം നിലനിർത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. ഭരണഘടന കയ്യിൽ പിടിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.

"മോദിയോടു പരമാത്മാവ് സംസാരിക്കുന്നപോലെ എന്നോടു സംസാരിക്കാറില്ല. കാരണം, ഞാൻ സാധാരണ മനുഷ്യനാണ്. ജനങ്ങളാണ് എന്റെ ദൈവം. പ്രധാനമന്ത്രിക്ക് എന്തുചെയ്യണമെന്ന് പറഞ്ഞുകൊടുക്കുന്നത് ദൈവമാണ്. എനിക്ക് അങ്ങനെയല്ല. ഞാൻ ജൈവികമായി ഉണ്ടായ ആളല്ലെന്നാണു പ്രധാനമന്ത്രി പ്രസംഗിച്ചത്. ഒരു തീരുമാനവും താൻ എടുക്കില്ലെന്നും തന്നെ ഭൂമിയിലേക്ക് അയച്ച പരമാത്മാവ് തീരുമാനമെടുക്കുമെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ, അദാനിയുടെയും അംബാനിയുടെയും തീരുമാനങ്ങളാണ് ഈ വിചിത്രമായ പരമാത്മാവ് എടുക്കുന്നത്. പരമാത്മാവ് പറഞ്ഞതനുസരിച്ച് ആദ്യം വിമാനത്താവളങ്ങളും പിന്നീട് വൈദ്യുതി നിലയങ്ങളും അദാനിക്കും അംബാനിക്കും കൊടുത്തു" രാഹുൽ പരിഹസിച്ചു.

"ഭരണഘടനയുടെ പോരാട്ടമായിരുന്നു ഈ തിരഞ്ഞെടുപ്പിൽ നടന്നത്. ഈ രാജ്യത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും സംരക്ഷിക്കുന്നത് ഇന്ത്യൻ ഭരണഘടനയാണ്. കേരളത്തിലെ ജനങ്ങൾക്കു കഥകളി ആസ്വദിക്കാൻ സാധിക്കും, മലയാളം സംസാരിക്കാൻ സാധിക്കും, ഇഷ്ടമുള്ളത് ചെയ്യാൻ സാധിക്കും. ഈ അവകാശങ്ങളെ സംരക്ഷിക്കുന്നത് ഭാരതത്തിന്റെ ഭരണഘടനയാണ്" രാഹുൽ പറഞ്ഞു. വൻ സ്വീകരണമാണ് രാഹുൽ ഗാന്ധിക്ക് പ്രവർത്തകർ ഒരുക്കിയത്. റോഡ് ഷോ ആയാണ് രാഹുൽ വേദിയിലേക്കെത്തിയത്. കെ.സി.വേണുഗോപാൽ, വി.ഡി.സതീശൻ ഉൾപ്പെടെയുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു.