തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താനും തിരുത്തൽ നടപടി ചർച്ച ചെയ്യാനുമായി സിപിഎമ്മിന്റെ 5 ദിവസം നീളുന്ന സംസ്ഥാനതല നേതൃയോഗങ്ങൾക്ക് ഇന്നു തുടക്കമാകുമ്പോൾ കേന്ദ്ര നേതൃത്വം കർശന നിലപാടുകൾ എടുക്കും. ഇന്നും നാളെയും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും തുടർന്നുള്ള 3 ദിവസം സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അടക്കമുള്ള കേന്ദ്ര നേതാക്കളും പങ്കെടുക്കും. യെച്ചൂരിയും എംഎ ബേബിയും സംസ്ഥാന നേതൃത്വത്തിന്റെ പാളിച്ചകൾ അക്കമിട്ട് നിരത്തും. ന്യൂനപക്ഷ പ്രീണന നയം ബിജെപിയുടെ വളർച്ചയ്ക്ക് അവസരമൊരുക്കി. തൃശൂർ പൂര നടത്തിപ്പിലെ സർക്കാർ വീഴ്ച സംഭവിക്കാൻ പാടില്ലാത്തതാണെന്ന വിലയിരുത്തലും സിപിഎമ്മിനുള്ളിലുണ്ട്. ഈ സംഭവമാണ് സുരേഷ് ഗോപിക്ക് തൃശൂരിൽ മിന്നും വിജയം നൽകിയത്. ബിജെപിയെ വിമർശിക്കാതെ രാഹുൽ ഗാന്ധിയെ കളിയാക്കി നടന്നതിന്റെ ഫലമാണ് തോൽവിയെന്നാണ് സിപിഎം കേന്ദ്ര കമ്മറ്റിയുടെ വിലയിരുത്തൽ.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരു സീറ്റിൽ മാത്രമേ വിജയിക്കാനായുള്ളൂ എങ്കിലും ബിജെപി നേടിയത് ചരിത്ര നേട്ടമാണ്. ആദ്യമായാണ് താമര ചിഹ്നത്തിൽ മത്സരിച്ച ഒരാൾ കേരളത്തിൽ നിന്നും ലോക്‌സഭയിലേക്കെത്തുന്നത്. അതിലുപരി ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടുകൾ പരിശോധിക്കുമ്പോൾ കേരളത്തിലെ 11 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിയാണ് ഒന്നാം സ്ഥാനത്ത്. ഈ പതിനൊന്നും സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളാണ്. ഇതിൽ കഴക്കൂട്ടത്തേയും കാട്ടക്കടത്തേയും ബിജെപി നേട്ടങ്ങൾ സിപിഎം അടിത്തറ ഇളക്കിയുള്ളതാണ്. അതുകൊണ്ട് തന്നെ സിപിഎം ഈ പിന്നോട്ട് പോക്കലിനെ ഗൗരവത്തോടെ എടുക്കും.

കഴിഞ്ഞ തവണ നേമത്തുമാത്രം ഒന്നാമതെത്തിയ ബിജെപി ഇത്തവണ 22613 വോട്ടിന്റെ ഭൂരിപക്ഷത്തിൽ നേമത്ത് ഒന്നാമതെത്തിയതിനു പുറമെ വട്ടിയൂർക്കാവ്,(8162) കഴക്കൂട്ടം(10842), കാട്ടാക്കട(4779). ആറ്റിങ്ങൽ(6287), പുതുക്കാട്(12692)്, ഇരിങ്ങാലക്കുട(13950), നാട്ടിക(13950), തൃശ്ശൂർ(14117), ഒല്ലൂർ(10363), മണലൂർ(8013) നിയമസഭാ മണ്ഡലങ്ങളിലും ഒന്നാമതായി. ഇടതു മുന്നണിക്ക് 19 മണ്ഡലങ്ങളിൽ മാത്രമാണ് ഒന്നാമതെത്താൻ കഴിഞ്ഞത്. യുഡിഎഫ് 110 മണ്ഡലങ്ങളിൽ മുന്നിലെത്തി. 2019 ൽ അത് 123 മണ്ഡലങ്ങളായിരുന്നു. 8 മണ്ഡലങ്ങളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരം, കോവളം, നെയ്യാറ്റിൻകര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസർഗോഡ്, ഇവിടങ്ങളിലാണ് രണ്ടാമത് എത്തിയത്.

ശക്തികേന്ദ്രങ്ങളിലടക്കം അടിസ്ഥാന വോട്ടുകൾ ചോർന്നതും അതിൽ നല്ലൊരു പങ്ക് നേടിയ ബിജെപിയുടെ വളർച്ചയുമാണ് സിപിഎമ്മിനെ ഞെട്ടിക്കുന്നത്. ബിജെപി രണ്ടാമതെത്തിയ കോൺഗ്രസ് അനുകൂല മണ്ഡലങ്ങളിൽ സിപിഎം വോട്ട് വലിയ തോതിൽ ബിജെപിയിലേക്ക് മറിഞ്ഞു. ശക്തമായ ഭരണവിരുദ്ധ വികാരവും നയപരമായ പാളിച്ചകളും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇതിന് കാരണമായി. ഏകാധിപത്യ മനോഭാവ ചർച്ചകളും സിപിഎമ്മിനെ തകർത്തു. എന്നാൽ മുഖ്യമന്ത്രിയെ പ്രതിരോധിക്കാനും സംസ്ഥാന നേതൃയോഗങ്ങളിൽ ബന്ധപ്പെട്ടവർ തയ്യാറാകും. ഇപി ജയരാജൻ ഉയർത്തിയ വിവാദങ്ങളും ചർച്ചയാകും.

സിപിഎം ജില്ലാ കമ്മിറ്റികളും ഭരണവിരുദ്ധ വികാരമാണ് തോൽവിയുടെ മുഖ്യ കാരണമായി വിലയിരുത്തിയത്. സിപിഐ ജില്ലാ കമ്മിറ്റികളിലാകട്ടെ മുഖ്യമന്ത്രിക്കെതിരെ ശക്തമായ വിമർശനമുണ്ടായി. അദ്ദേഹത്തിന്റെ രാജി ആവശ്യം വരെ ഉയരുകയും ചെയ്തു. ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയതു പുറത്തായതു പാർട്ടിയുടെ ബിജെപി വിരുദ്ധ നിലപാടിനെ തന്നെ ചോദ്യം ചെയ്യുന്നതായി. ജയരാജനെ ഇടതു കൺവീനർ സ്ഥാനത്ത് നിന്നും മാറ്റാനും സാധ്യതയുണ്ട്.