തിരുവനന്തപുരം: കേന്ദ്രമന്ത്രിയായി ചുമതലയേറ്റ ശേഷം തൃശൂരിലെ മുരളീമന്ദിരം സന്ദർശിക്കവെ ഇന്ദിരാഗാന്ധിയേയും കെ.കരുണാകരനേയും കുറിച്ച് നടത്തിയ തന്റെ പരാമർശം മാധ്യമങ്ങൾ തെറ്റായി ചിത്രീകരിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ പ്രയോഗത്തിൽ തെറ്റ് പറ്റിയിട്ടില്ല. കരുണാകരൻ കോൺഗ്രസിന്റെ പിതാവും കോൺഗ്രസിന്റെ മാതാവ് ഇന്ദിരാഗാന്ധിയെന്നുമാണ് പറഞ്ഞത്. ഇന്ദിരാ ഗാന്ധി രാഷ്ട്രമാതാവാണ് എന്ന് പറഞ്ഞിട്ടില്ല.

പ്രയോഗത്തിൽ തെറ്റു പറ്റിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാൽ അത് മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിച്ചു. ഇത്തരം കാര്യങ്ങൾ മുഖവിലക്കെടുക്കില്ല. മാധ്യമങ്ങളെ വിലക്കിയിട്ടില്ല.. ഇത്തരത്തിലെങ്കിൽ മാധ്യമങ്ങളിൽ നിന്ന് അകലും. കലാകാരനായി പോലും മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ മടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

"കെ.കരുണാകരൻ കേരളത്തിലെ കോൺഗ്രസിന്റെ പിതാവാണെന്നാണ് ഞാൻ പറഞ്ഞത്. ആർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതാണ് ഞാൻ പറഞ്ഞത്. ഭാരതം എന്നു പറയുമ്പോൾ മാതാവാണ് ഇന്ദിരാ ഗാന്ധി എന്നത് ഹൃദയത്തിൽ വച്ചുകൊണ്ടാണ് പറഞ്ഞത്. അല്ലാതെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയും രാഷ്ട്ര മാതാവ് ഇന്ദിരാ ഗാന്ധിയുമാണ് എന്നു പറയുന്ന വ്യംഗ്യം പോലും അതിലില്ല.

"ഇതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന കോലാഹലങ്ങളൊന്നും ഞാൻ ശ്രദ്ധിച്ചിട്ടില്ല. കാരണം വലിയ ഉത്തരവാദിത്തം എന്റെ തലയിലുണ്ട്. ഇങ്ങനെയുള്ള ഒരു കാര്യവും ഇനി ഞാൻ ശ്രദ്ധിക്കുകയോ മുഖവിലയ്ക്ക് എടുക്കുകയോ ഇല്ല." സുരേഷ് ഗോപി പറഞ്ഞു.

പൂങ്കുന്നം മുരളീ മന്ദിരത്തിൽ പത്മജ വേണുഗോപാലിനൊപ്പം കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെ സ്മൃതി മണ്ഡലപത്തിൽ കഴിഞ്ഞ ദിവസം പുഷ്പാർച്ചന നടത്തിയ ശേഷമാണ് തനിക്ക് മാതൃകകളായവരെപ്പറ്റി സുരേഷ്‌ഗോപി പറഞ്ഞത്. ഇതിന് പല രീതിയിലുള്ള വ്യാഖ്യാനങ്ങൾ വന്ന സാഹചര്യത്തിലാണ് സുരേഷ്‌ഗോപിയുടെ വിശദീകരണം

കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി തിരുവനന്തപുരത്തെത്തിയ സുരേഷ് ഗോപിക്ക് ബിജെപി ജില്ലാ കമ്മറ്റി ഓഫീസിലും സംസ്ഥാന കമ്മറ്റി ഓഫീസിലും സ്വീകരണം നൽകി.തൃശ്ശൂരിലെ ജനത ബിജെപിക്ക് നൽകിയ തങ്കകിരീടമാണ് വിജയം. ഒന്നര വർഷം നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമാണത്.തൃശ്ശൂരിലെ എംപിയായി ഒതുങ്ങില്ല.കേരളത്തിന്റെ എംപിയായിരിക്കും.തന്റെ ശ്രദ്ധ തമിഴ്‌നാട്ടിലും ഉണ്ടാകും.തമിഴ്‌നാടിന് വേണ്ടിയും പ്രവർത്തിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

നേരത്തെ കെ കരുണാകരന്റെ സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തിയ സുരേഷ് ഗോപി തൃശൂരിലെ ലൂർദ്ദ് മാതാവ് പള്ളിയിൽ എത്തി സ്വർണ്ണകൊന്തയും സമർപ്പിച്ചിരുന്നു. പള്ളിയിൽ മാതാവിന്റെ കഴുത്തിൽ അണിയിച്ചു. നേരത്തേ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പായി ലൂർദ്ദ്മാതാവിന് സ്വർണ്ണകിരീടം സമർപ്പിച്ച സുരേഷ്ഗോപി കേന്ദ്രമന്ത്രിയായി മടങ്ങിയെത്തിയപ്പോഴാണ് സ്വർണ്ണകൊന്തയും നൽകിയത്.

നേരത്തേ കെ. കരുണകരന്റെ തൃശൂരിലെ മുരളീമന്ദിരം സന്ദർശിച്ച സുരേഷ്ഗോപി കെ. കരുണാകരന്റെ സ്മൃതി കുടീരം സന്ദർശിച്ചിരുന്നു. കെ. കരുണാകരന്റെ വീട്ടിൽ എത്തിയതിൽ തനിക്ക് രാഷ്ട്രീയമില്ലെന്നും ഗുരുത്വം നിർവഹിക്കാനാണ് എത്തിയതെന്നും പറഞ്ഞു. കേരളത്തിലെ കോൺഗ്രസിന്റെ പിതാവാണ് കരുണാകരനെന്നും പറഞ്ഞു. ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചറിന് മുന്നേ തനിക്ക് കിട്ടിയ അമ്മയാണ് കെ. കരുണാകരന്റെ ഭാര്യ കല്ല്യാണിക്കുട്ടിയമ്മയെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

തന്റെ സന്ദർശനത്തിന് രാഷ്ട്രീയമായ ഒരു മാനവുമില്ലെന്നും ഗുരുതുല്യരുടെ അനുഗ്രഹം വാങ്ങൽ മാത്രമാണെന്നും അത് വിവാദമാക്കരുതെന്നും പറഞ്ഞു. കെ റെയിൽ വേണ്ടെന്നും അത് ജനദ്രോഹമാണെന്നും വികസനത്തിൽ പ്രാദേശികവാദം അനുവദിക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.