തിരുവനന്തപുരം: ഒടുവിൽ സിപിഎം നേതാക്കൾക്ക് സത്യം ബോധ്യപ്പെട്ടു തുടങ്ങി. സിപിഎം നേതൃത്വത്തിനെതിരേ വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ തോമസ് ഐസക് രംഗത്തു വരുമ്പോൾ സംസ്ഥാന സമിതി യോഗത്തിൽ നേതൃത്വം ചോദ്യം ചെയ്യപ്പെടുമെന്നും ഉറപ്പായി. ഐസക്കിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പത്തനംതിട്ട ലോക്‌സഭയിൽ മത്സരിച്ച ഐസക്കും തോൽവി ഏറ്റുവാങ്ങിയിരുന്നു.

തെരഞ്ഞെടുപ്പിൽ പാർട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ലെന്ന് ഐസക് തുറന്നു സമ്മതിക്കുന്നു. പാർട്ടി ജനങ്ങളുടേതാണെന്നും പാർട്ടിക്കുള്ളിൽ അച്ചടക്കം സ്വയം തീരുമാനിച്ചെടുക്കണമെന്നും തോമസ് ഐസക് പറയുന്നു. തുറന്ന മനസോടെ ജനങ്ങളുടെ വിമർശനങ്ങൾ കേൾക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലോക് സഭാ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് തോറ്റു എന്നത് കൃത്യമായ പരിശോധിക്കണമെന്നും അത് തിരുത്തണമെന്നും ഐസക് പറയുന്നു.

പാർട്ടി ജനങ്ങളുടേതാണ് എന്ന ബോധ്യം വേണമെന്നും തിരുത്തേണ്ട തെറ്റുകൾ തിരുത്തണമെന്നും തോമസ് ഐസക് പറഞ്ഞു. ജനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ വൈകിപ്പിച്ചത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ജനങ്ങളിൽ നിന്നും പാർട്ടി അകലുന്നുവെന്ന വിമർശനമാണ് ഐസക് ഉയർത്തുന്നത്. സംസ്ഥാന നേതൃയോഗത്തിലും ഇതെല്ലാം ചർച്ചയാക്കും.

ജനങ്ങളോട് തുറന്ന മനസ്സോടെ സംവദിച്ച് പോകണം. അവർ പറയുന്ന കാര്യങ്ങൾ നമുക്ക് അംഗീകരിക്കാൻ കഴിയില്ലെങ്കിലും അഭിപ്രായങ്ങൾ പരിഗണിക്കുക തന്നെ വേണം. പാർട്ടി, പാർട്ടിക്കാരുടേതല്ല ജനങ്ങളുടെ പാർട്ടിയാണ്. തുറന്ന മനസ്സോടെ അവരുടെ വിമർശനങ്ങളെല്ലാം കേൾക്കണമെന്നും തോമസ് ഐസക് പറഞ്ഞു. ഒരു പക്ഷവും ഇല്ലാത്ത ഒരുപാട് പേരുണ്ട്. പ്രത്യേകിച്ച് യുവജനങ്ങൾ. അവരെയൊക്കെ അകറ്റുന്ന രീതിയിലുള്ള പദപ്രയോഗങ്ങളും ശൈലികളും വെല്ലുവിളികളുമെല്ലാം എന്ത് ലക്ഷ്യത്തിലാണോ നമ്മൾ സോഷ്യൽ മീഡിയയിൽ ഇടപെടുന്നത് അതിലേക്കെത്തുന്നില്ല. വിപരീതഫലങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്നും ഐസക് കൂട്ടിച്ചേർത്തു.

'കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ അനുഭാവികളിൽ ഒരു വിഭാഗം എതിരായിട്ട് വോട്ട് ചെയ്തല്ലോ. എന്തുകൊണ്ട് അവർ അങ്ങനെ ചെയ്തു. അത് മനസിലാക്കി തിരുത്തുകയാണ് വേണ്ടത്. അത് മനസിലാകണമെങ്കിൽ ഇങ്ങനെയുള്ള സംവാദങ്ങൾ ഉണ്ടാകണം. എന്തുകൊണ്ടാണ് ഇങ്ങനെയൊരു പിശക്. പാർട്ടി പ്രവർത്തകരുടെ ശൈലി തൃപ്തികരമാണോ? അഴിമതി സംബന്ധിച്ചുള്ള ആക്ഷേപങ്ങളിലുള്ള ദേഷ്യമാണോ? സർക്കാരിന്റെ പ്രവർത്തനങ്ങളിലുള്ള അനിഷ്ടമാണോ ? ങ്ങൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ കിട്ടാതെ വന്നപ്പോൾ ഉണ്ടായ ദേഷ്യം. അതിന്റേതാണോ ?' - ഐസക് പ്രതികരിച്ചു.

ജനങ്ങളുടെ വിമർശനം തുറന്ന മനസ്സോടെ കേൾക്കണം. സി പി എം അനുഭാവികൾ എതിരായി വോട്ട് ചെയ്തതിന്റെ കാരണം പരിശോധിക്കണം. ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റുന്ന സാമൂഹിക മാധ്യമ ശൈലിയെയും ഐസക് വിമർശിച്ചു. ജനങ്ങൾക്ക് ആനുകൂല്യങ്ങൾ കിട്ടാതെ വന്നതും പാർട്ടി നേതാക്കളുടെ പെരുമാറ്റ വൈകല്യവും അഴിമതി ആരോപണങ്ങളും മറ്റും തിരിച്ചടിയായോ എന്ന് തുറന്നു പരിശോധിക്കണമെന്നും ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഐസക് പറഞ്ഞു.