തിരുവനന്തപുരം: ലോക്‌സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ മന്ത്രിസ്ഥാനം രാജിവച്ച് കെ.രാധാകൃഷ്ണൻ. പട്ടിക വിഭാഗക്കാർ താമസിക്കുന്ന മേഖലകളെ കോളനി, സങ്കേതം, ഊര് എന്നറിയപ്പെടുന്നത് മാറ്റാനുള്ള തീരുമാനത്തോടെയാണ് മന്ത്രി കെ.രാധകൃഷ്ണന്റെ പടിയിറക്കം. അവസാന ഉത്തരവിലും ഒപ്പിട്ടതിന് ശേഷം അദ്ദേഹം ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് നേരിട്ട് രാജിക്കത്ത് നൽകി. ആലത്തൂരിൽ നിന്നാണ് രാധാകൃഷ്ണൻ എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്.

കോളനി എന്ന അഭിസംബോധന അവമതിപ്പും താമസക്കാരിൽ അപകർഷതാബോധവും സൃഷ്ടിക്കുന്നതിനാലാണ് പേരുമാറ്റം. പുതിയ ഉത്തരവനുസരിച്ച് കോളനികൾ ഇനി നഗർ എന്നറിയപ്പെടും. സങ്കേതം എന്ന പേര് ഉന്നതി എന്നും ഊര് പ്രകൃതി എന്നുമാക്കി. ഓരോ പ്രദേശത്തും താല്പര്യമുള്ള കാലാനുസൃതമായ പേരുകളും ഉപയോഗിക്കാം. തർക്കങ്ങൾ ഒഴിവാക്കാൻ വ്യക്തികളുടെ പേരിടുന്നത് പരമാവധി ഒഴിവാക്കാനും ഉത്തരവിൽ നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. എന്നാൽ നിലവിൽ വ്യക്തികളുടെ പേര് നൽകിയിട്ടുള്ള സ്ഥലങ്ങളിൽ അതു തുടരാം.

ഉന്നതി എംപവർമെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നോളജ് സിറ്റി പ്രഖ്യാപനവുമായിരുന്നു മന്ത്രി എന്ന നിലയിലെ അദ്ദേഹത്തിന്റെ അവസാന പരിപാടി. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി ക്ഷേമ പ്രവർത്തനങ്ങൾ മാത്രം നടത്താതെ അവരെ സംരംഭകരാക്കി വളർത്തുക കൂടിയാണ് ഉന്നതി പദ്ധതിയുടെ ലക്ഷ്യമെന്ന് ചടങ്ങിൽ മന്ത്രി പറഞ്ഞു. മികച്ച പഠനം നേടിയവർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി ഉണ്ടാക്കുകയാണ് ഉന്നതി പദ്ധതിയിലൂടെ ചെയ്യുന്നത്.

691 പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികളെ വിദേശ സർവകലാശാലകളിൽ അയച്ച് പഠിപ്പിക്കാൻ സാധിച്ചു. 255 കുട്ടികൾ ഈ സെപ്റ്റംബറിൽ വിദേശത്തേക്ക് പോകുന്നുണ്ട്. 150 ഗോത്രവർഗ്ഗ കുട്ടികൾ എയർഹോസ്റ്റസുമാരായി ജോലി ചെയ്യുന്നു. ഗോത്രവർഗ്ഗ യുവാക്കളെ പൈലറ്റുമാരാക്കുന്നതിനുള്ള വിങ്‌സ് പദ്ധതിയിലൂടെ കൂടുതൽ പൈലറ്റുമാരെ ഇനിയും സൃഷ്ടിക്കും.

അന്താരാഷ്ട്ര വിമാനം പറത്തുന്നതിനുള്ള പരിശീലനം നേടുന്നതിന് അഞ്ച് കുട്ടികൾക്ക് പ്രത്യേക സാമ്പത്തിക സഹായവും നൽകി. 1285 കേന്ദ്രങ്ങളിൽ ഇന്റർനെറ്റ് കണക്ഷൻ എത്തിച്ചു. 17 കേന്ദ്രങ്ങളിൽ കൂടി വൈദ്യുതി എത്തിയാൽ 100% വൈദ്യുതീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമായി കേരളം മാറും. അർഹതപ്പെട്ട ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭിക്കണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാൽ സാമ്പത്തിക പ്രതിസന്ധി കുറച്ച് പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

1996 ൽ ചേലക്കരയിൽനിന്നു നിയമസഭയിലേക്ക് രാധാകൃഷ്ണന്റെ ആദ്യജയം. ആദ്യ അവസരത്തിൽത്തന്നെ മന്ത്രിപദവി. ഇ.കെ. നായനാർ മന്ത്രിസഭയിൽ പട്ടിക ജാതി - പട്ടിക വർഗ ക്ഷേമം, യുവജനകാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. 2001ൽ സീറ്റു നിലനിർത്തി. പ്രതിപക്ഷ വിപ്പായി. 2006 ൽ സ്പീക്കർ. 2011 ലും ചേലക്കര നിന്നു വിജയിച്ചു. 2016 ൽ മത്സരിച്ചില്ല. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ്. ജില്ലാ സെക്രട്ടറിയായും പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റ്, ദലിത് ശോഷൻ മുക്തി മഞ്ച് ദേശീയ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

സ്വതസിദ്ധമായ മൃദുശബ്ദത്തിലാണ് മന്ത്രി കെ.രാധാകൃഷ്ണൻ പതിനഞ്ചാം കേരള നിയമസഭയോടും യാത്ര പറഞ്ഞിരുന്നു. 'സാധാരണക്കാരനായ എന്നെപ്പോലെ ഒരാൾക്കു ചെന്നെത്താൻ കഴിയാത്തത്ര ഉയരത്തിലെത്താൻ സഹായിച്ച പാർട്ടിക്കു നന്ദി, നിയമസഭാംഗവും മന്ത്രിയുമായിരിക്കെ വഴികാട്ടിയ മഹാരഥന്മാർക്കും നന്ദി'രാധാകൃഷ്ണൻ പറഞ്ഞു. ചോദ്യോത്തരവേളയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദന്റെ ചോദ്യത്തിനാണ് നിയമസഭയിലെ അവസാന ഉത്തരം മന്ത്രി പറഞ്ഞത്. ഇടമലക്കുടി പഞ്ചായത്ത് ഓഫിസ് സ്ഥിതി ചെയ്യുന്നതു ദേവികുളത്തായതു പ്രദേശവാസികൾക്കു ബുദ്ധിമുട്ടായതിനാൽ ഇടമലക്കുടിയിലേക്കു മാറ്റി സ്ഥാപിക്കുമോ എന്നായിരുന്നു എം വിഗോവിന്ദന്റെ ചോദ്യം. വാഹനസൗകര്യമില്ലാത്തതാണു തടസ്സമെന്നും അതുണ്ടായാൽ ഉടൻ പഞ്ചായത്ത് ആസ്ഥാനം ഇടമലക്കുടിയിലേക്കു മാറ്റുമെന്നും മന്ത്രി മറുപടി നൽകിയതോടെ ചോദ്യോത്തരവേള അവസാനിച്ചു.

സ്പീക്കർ എ.എൻ.ഷംസീർ രാധാകൃഷ്ണന് ആശംസ നേർന്നു. ശൂന്യവേളയിൽ കൊട്ടിയൂർ വൈശാഖോത്സവം സംബന്ധിച്ചു സണ്ണി ജോസഫ് ഉന്നയിച്ച സബ്മിഷനും മന്ത്രി മറുപടി നൽകിയിരുന്നു. ധനാഭ്യർഥന ചർച്ചയിൽ മുഖ്യമന്ത്രി പ്രസംഗിച്ചശേഷം കെ.രാധാകൃഷ്ണനു വിടവാങ്ങൽ പ്രസംഗം നടത്താൻ സ്പീക്കർ അവസരം നൽകിയിരുന്നു.