- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോസ് കെ. മാണിയും പി.പി. സുനീറും ഹാരിസ് ബീരാനും ഇനി രാജ്യസഭാ എംപിമാർ
തിരുവനന്തപുരം: കേരളത്തിൽ നിന്നും ജോസ് കെ മാണിയും പി പി സുനീറും ഹാരിസ് ബീരാനും 'എതിരാളികളില്ലാതെ' രാജ്യസഭയിലേക്ക്. ജോസ് കെ മാണി (കേരളാ കോൺഗ്രസ് എം), പി.പി.സുനീർ (സിപിഐ), ഹാരിസ് ബീരാൻ (മുസ്ലിം ലീഗ്) എന്നിവരെ രാജ്യസഭാ എംപിമാരായി എതിരില്ലാതെ തിരഞ്ഞെടുത്തു. പത്രിക പിൻവലിക്കാനുള്ള അവസാന സമയം കഴിഞ്ഞും മൂന്ന് ഒഴിവുകളിലേക്ക് മൂന്നു പേർ മാത്രം അവശേഷിച്ച സാഹചര്യത്തിലാണ് ഇവരെ വിജയികളായി പ്രഖ്യാപിക്കുന്നത്. 25-നാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ മൂന്ന് ഒഴിവുകളിലും എതിരാളികളില്ലാതെ വന്നതോടെ വോട്ടെടുപ്പ് ഒഴിവായി. രാജ്യസഭയിൽ കേരളത്തിൽനിന്ന് ആകെ ഒൻപത് എംപിമാരാണുള്ളത്.
എൽഡിഎഫിൽ രാജ്യസഭാ സീറ്റിനായി തർക്കം ഉടലെടുത്തതോടെ സിപിഎം സ്വന്തം സീറ്റ് ജോസ് കെ മാണിക്ക് വിട്ടുനൽകുകയായിരുന്നു. കേരള കോൺഗ്രസ് എം യുഡിഎഫിൽ ഘടക കക്ഷി ആയിരുന്നപ്പോൾ 2009 മുതൽ 2018 വരെ ലോക്സഭയിലും 2018 മുതൽ 2021 വരെ രാജ്യസഭയിലും അംഗമായിരുന്നു. അംഗത്വം രാജിവച്ച് ഇടതു മുന്നണിയിലേക്ക് ചേർന്നതിനെ തുടർന്നുണ്ടായ ഒഴിവിലേയ്ക്ക് ഇടതു മുന്നണി ജോസ് കെ മാണിയെ തന്നെ വീണ്ടും രാജ്യസഭാംഗമായി തിരഞ്ഞെടുത്തു. 2021 നവംബർ 28 മുതൽ ഇടതു മുന്നണിയുടെ രാജ്യസഭാംഗമായിരുന്നു.
കേരള കോൺഗ്രസ് (എം) ചെയർമാനായ ജോസ് കെ. മാണി കേരളാ യൂത്ത് ഫ്രണ്ടിലൂടെയാണു മുഖ്യാധാര രാഷ്ട്രീയത്തിലേക്കു കടന്നു വരുന്നത്. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചിട്ടുണ്ട്. കോട്ടയം ലോക്സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളിലും പ്രവർത്തനം. നിഷാ ജോസ് കെ.മാണിയാണു ഭാര്യ. മക്കൾ പ്രിയങ്ക, റിതിക, കുഞ്ഞുമാണി.
പൊന്നാനി സ്വദേശിയായ സുനീർ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ്. നിലവിൽ ഹൗസിങ് ബോർഡ് വൈസ് ചെയർമാനാണ്. പൊന്നാനി, വയനാട് മണ്ഡലങ്ങളിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. പാർട്ടിയിൽ കാനം രാജേന്ദ്രന്റെ വിശ്വസ്തനായിരുന്നു. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ച സുനീർ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽനിന്നും മത്സരിച്ചു. വെളിയങ്കോട് മുളമുക്കിലെ കമ്യൂണിസ്റ്റ് കുടുംബത്തിൽ പിറന്ന സുനീർ എഐഎസ്എഫിലൂടെ സ്കൂൾ കാലത്തു തന്നെ രാഷ്ട്രീയത്തിലേക്കിറങ്ങിയിരുന്നു. വെളിയങ്കോട് ഗവ. ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഡപ്യൂട്ടി ലീഡറായാണു തുടക്കം. എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിൽ പ്രീഡിഗ്രി. തുടർന്ന് തൃശൂർ കേരളവർമ കോളജിലെത്തിയതോടെയാണ് സജീവ രാഷ്ട്രീയത്തിലേക്കു മാറുന്നത്. പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഇവിടെനിന്നു പാസായ അദ്ദേഹം 2 തവണ കാലിക്കറ്റ് സർവകലാശാല വൈസ് ചെയർമാനുമായി.
മലപ്പുറം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സ്ഥാനത്തിരിക്കേയാണ് രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവുണ്ടാകുന്നത്. അന്ന് സിപിഐയുടെ പ്രമുഖ നേതാവായിരുന്ന എം.റഹ്മത്തുല്ല 2011ൽ ഏറനാട് മണ്ഡലത്തിലെ പരാജയത്തിനു പിന്നാലെ രാജിവച്ചു. പാർട്ടി പ്രതിസന്ധിയിലായ ആ വർഷമാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് സുനീർ തിരഞ്ഞെടുക്കപ്പെട്ടപ്പെട്ടത്. 2018 വരെ ജില്ലാ സെക്രട്ടറി പദവി വഹിച്ച ശേഷമാണ് സംസ്ഥാന എക്സിക്യൂട്ടീവിലേക്കും ഇപ്പോൾ പ്രധാന പദവികളിലക്കും എത്തിയത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മാറഞ്ചേരി ഡിവിഷനിൽനിന്നു ജില്ലാ പഞ്ചായത്ത് അംഗമായിട്ടുണ്ട്. ഭാര്യ ഷാഹിന അദ്ധ്യാപികയാണ്. 3 മക്കളുണ്ട്.
രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് നേതാവ് ഹാരിസ് ബീരാൻ, സുപ്രീംകോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്റുമാണ്. പൗരത്വ ഭേദഗതി നിയമം അടക്കമുള്ള വിഷയങ്ങളിൽ മുസ്ലിം ലീഗിന് വേണ്ടി സുപ്രിംകോടതിയിൽ നിലകൊണ്ട ഹാരിസ് ബീരാൻ എം എസ് എഫിലൂടെയാണ് സംഘടനാ രംഗത്തെത്തുന്നത്.
സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്റുമായ ഹാരിസ് ബീരാനാണ് പൗരത്വനിയമ ഭേദഗതി ഉൾപ്പെടെ മുസ്ലിം ലീഗ് നടത്തിയ നിയമപോരാട്ടങ്ങൾ ഏകോപിപ്പിക്കുന്നത്. എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാൻ സുപ്രീം കോടതി അഭിഭാഷകനാണ്. 2011 മുതൽ ഡൽഹി കെഎംസിസിയുടെ പ്രസിഡന്റാണ്. ലോയേഴ്സ് ഫോറം ദേശീയ കൺവീനറും ലീഗ് ഭരണഘടനാ സമിതി അംഗവുമാണ്. പൗരത്വ വിഷയം, പ്രവാസി വോട്ടവകാശം, ഹിജാബ് കേസ്, ലൗ ജിഹാദ് കേസ് (ഹാദിയ), അബ്ദുൽ നാസർ മഅദനിയുടെ കേസുകൾ, മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ കേസ് തുടങ്ങിയവ സുപ്രീം കോടതിയിൽ വാദിച്ചു. യുപിഎ സർക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും അഭിഭാഷകനായിരുന്നു. ഇന്ത്യയിൽനിന്നുള്ള ഹജ് തീർത്ഥാടകരുടെ സൗകര്യം മക്കയിൽ പരിശോധിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതിയിലും അംഗമായിരുന്നു.
കളമശേരി രാജഗിരിയിൽനിന്ന് സ്കൂൾ വിദ്യാഭ്യാസവും എറണാകുളം മഹാരാജാസ് കോളജിൽ പ്രീഡിഗ്രി വിദ്യാഭ്യാസവും എറണാകുളം ഗവ. ലോ കോളജിൽനിന്നു നിയമബിരുദവും നേടി. 1998ൽ ഡൽഹിയിൽ അഭിഭാഷകനായി. സുപ്രീം കോടതിയിൽ കപിൽ സിബലിന്റെയും ദുഷ്യന്ത് ദാവെയുടെയും കീഴിൽ പ്രാക്ടീസ് തുടങ്ങി. മുൻ അഡീഷനൽ അഡ്വക്കറ്റ് ജനറൽ വി.കെ.ബീരാന്റെയും കാലടി ശ്രീ ശങ്കരാചാര്യ കോളജിലെ മുൻ പ്രഫസർ ടി.കെ.സൈനബയുടെയും മകനാണ്. ടാനിയയാണ് ഭാര്യ. മക്കൾ: ആര്യൻ, അർമാൻ.