കൊച്ചി: ദേശീയ തലത്തിൽ എൻഡിഎയ്ക്ക് ഒപ്പവും കേരളത്തിൽ ഇടതുമുന്നണിയിലും നിലയുറപ്പിച്ചതിൽ 'ജെഡിഎസ്' വിവാദങ്ങളിൽ കുരുങ്ങിയതോടെ ആ പേര് ഉപേക്ഷിച്ച് പുതിയ പാർട്ടി രൂപീകരിക്കാൻ കേരള ഘടകം തീരുമാനിച്ചു. കുമാരസ്വാമി കേന്ദ്രത്തിലെ എൻഡിഎ സർക്കാറിൽ മന്ത്രിയായതോടെയാണ് തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന നേതൃയോഗമാണ് പുതിയ പാർട്ടിക്കും കൊടിക്കും ചിഹ്നത്തിനും രൂപം നൽകാൻ ധാരണയായത്.

വിപ്പ് ഭീഷണി ഒഴിവാക്കാൻ എംഎൽഎമാരായ കെ കൃഷ്ണൻ കുട്ടിയും മാത്യു ടി തോമസും പുതിയ പാർട്ടിയിൽ ഭാരവാഹികളാകില്ല. ജെഡിഎസ് ദേശീയ ഘടകം എൻഡിഎ കക്ഷിയായിട്ട് പത്ത് മാസം പിന്നിട്ടിട്ടും കേരള ഘടകം വ്യക്തമായ നിലപാട് എടുക്കാതെ ഒളിച്ചുകളിക്കുകയായിരുന്നു. ഒടുവിൽ നിലപാടെമെടുക്കാൻ സിപിഎം അന്ത്യശാസനം നൽകിയതോടെയാണ് പാർട്ടിയുണ്ടാക്കാനുള്ള തീരുമാനം.

പുതിയ പേര് രജിസ്റ്റർ ചെയ്യമെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ മാത്യു ടി.തോമസ് അറിയിച്ചു. ഇക്കാര്യത്തിൽ നിയമപരമായ കാര്യങ്ങൾ കൂടി പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. ആർജെഡിയിൽ ലയിക്കുന്നത് ആലോചനയിലില്ല. ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും മാത്യു ടി.തോമസ് പറഞ്ഞു. ദേശീയ നേതൃത്വം ബിജെപി ബന്ധം ഉപേക്ഷിച്ചാൽ അതിലേക്ക് ലയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ദേശീയ നേതൃത്വത്തിന്റെ ബിജെപി ബന്ധത്തെ തുടർന്ന് സിപിഎമ്മിൽനിന്നും ഇടതുമുന്നണിയിലെ ഘടകകക്ഷികളിൽനിന്നും പ്രതിപക്ഷത്തുനിന്നും കടുത്ത സമ്മർദമുയർന്ന സാഹചര്യത്തിലാണ് പുതിയ പാർട്ടി പ്രഖ്യാപനം. ദേശീയഘടകം അധ്യക്ഷൻ എച്ച്.ഡി.കുമാരസ്വാമി കേന്ദ്രത്തിലെ മോദി മന്ത്രിസഭയിൽ അംഗമായതോടെ സംസ്ഥാനഘടകം വെട്ടിലായിരുന്നു. കഴിഞ്ഞ ദിവസം ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ആർജെഡി നേതാവ് എം വിശ്രേയാംസ് കുമാർ കൂടി രംഗത്തെത്തിയതോടെ സിപിഎമ്മും ഉത്തരം പറയേണ്ട അവസ്ഥയിലായി.

ഗൗഡാ ബന്ധം വിഛേദിച്ചുവെന്നാണു കേരള നേതൃത്വം പറഞ്ഞതെങ്കിലും സാങ്കേതികമായി ദേവെഗൗഡ അധ്യക്ഷനായ പാർട്ടിയുടെ കേരളഘടകം തന്നെയാണ് ഇവിടെയുണ്ടായിരുന്നത്. കേന്ദ്രനേതൃത്വത്തിന്റെ ബിജെപി ബന്ധത്തിൽ അതൃപ്തിയുണ്ടെങ്കിലും ഉറച്ച നിലപാട് സ്വീകരിക്കാൻ ഇതുവരെ സംസ്ഥാന ഘടകത്തിനു കഴഞ്ഞിരുന്നില്ല. ഇതിന്റെ പേരിൽ സി.കെ.നാണുവും എ.നീലലോഹിതദാസും പാർട്ടി വിടുകയും ചെയ്തു. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യതാ ഭീഷണി ഭയന്നാണ് മന്ത്രി കെ.കൃഷ്ണൻകുട്ടിയും സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസും അന്തിമതീരുമാനം എടുക്കാത്തതെന്ന വിമർശനവും ഉയർന്നു. ഈ ഘട്ടത്തിലാണ് പുതിയ പാർട്ടി പ്രഖ്യാപനവുമായി മാത്യു ടി.തോമസ് രംഗത്തെത്തിയത്.