തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിൽ പുതിയ മന്ത്രിയായി ഒ.ആർ കേളു. രാജ്ഭവനിൽ ഞായറാഴ്ച നാല് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വയനാട്ടിൽനിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരത്ത് എത്തിയിരുന്നു.

പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയായാണ് ഒ.ആർ കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. സഗൗരവത്തിലാണ് കേളു സത്യപ്രതിജ്ഞ ചെയ്തത്. കെ.രാധാകൃഷ്ണൻ രാജിവച്ച ഒഴിവിൽ മന്ത്രിയായ ഒ.ആർ. കേളു, വയനാട്ടിലെ മാനന്തവാടിയിൽ നിന്നുള്ള എംഎൽഎയാണ്. വയനാട്ടിൽ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയും ആദിവാസി വിഭാഗത്തിൽ നിന്നും ആദ്യമായി മന്ത്രിയായ സിപിഎം നേതാവുമാണ് കേളു. 10 വർഷം തുടർച്ചയായി പഞ്ചായത്ത് പ്രസിഡന്റായിരുന്നതിന്റെ ഭരണപരിചയവുമായാണ് കേളു മന്ത്രിപദവിയിലേക്ക് എത്തിയിരിക്കുന്നത്.

ആലത്തൂർ എംപിയായി ലോക്‌സഭയിലേക്ക് ജയിച്ച കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവച്ചതോടെയാണ് ഒ ആർ കേളുവിനെ മന്ത്രിയാക്കാൻ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള ആദ്യത്തെ സിപിഎം മന്ത്രിയാണ് ഇദ്ദേഹം. മന്ത്രിയാകുമെന്ന പ്രഖ്യാപനം കേട്ടശേഷം നാട്ടിലേക്ക് മടങ്ങിയ കേളു ഇന്ന് പുലർച്ചെയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. സത്യപ്രതിജ്ഞ കാണാൻ കുടുംബവും കൂടെയെത്തി.

നാടിന്റെ സ്പന്ദനമറിയുന്ന ജനപ്രതിനിധിയെന്ന നിലയിൽ മാനന്തവാടിക്കാരും ആഹ്ലാദത്തിലാണ്. വയനാട് ജില്ലനേരിടുന്ന നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാകാൻ ഇനി സ്വന്തം മന്ത്രിയുണ്ടാകുമെന്ന ആശ്വാസമാണ് ജനങ്ങൾക്കുള്ളത്. ഒ.ആർ. കേളു എംഎ‍ൽഎ.യുടെ പിതാവ് ഓലഞ്ചേരി രാമൻ, ഇളയമ്മ കീര, ഭാര്യ പി.കെ. ശാന്ത, സഹോദരങ്ങളായ ഒ.ആർ. രവി (അച്ചപ്പൻ), ഒ.ആർ. ലീല, ഒ.ആർ. ചന്ദ്രൻ, മക്കളായ സി.കെ. മിഥുന, സി.കെ. ഭാവന എന്നിവരും മറ്റുബന്ധുക്കളും അയൽക്കാരും സത്യപ്രതിജ്ഞാചടങ്ങിനെത്തിയിരുന്നു.

കെ രാധാകൃഷ്ണൻ വഹിച്ചിരുന്ന ദേവസ്വം വകുപ്പ് കേളുവിന് നൽകിയിട്ടില്ല. അതിൽ കാര്യമില്ലെന്നായിരുന്നു കേളുവിന്റെ പ്രതികരണം. വയനാട്ടിൽനിന്ന് ബസിലും ട്രെയിനിലുമെല്ലാമായി ഏതാണ്ട് ഇരുനൂറോളം പേർ ചടങ്ങ് കാണാനെത്തി. മാനന്തവാടി എംഎൽയായ കേളുവിന് പട്ടിക ജാതി പട്ടിക വർഗ വകുപ്പാണ് ലഭിക്കുക.

കെ.രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന എല്ലാ വകുപ്പുകളും കേളുവിന് നൽകാത്തതിൽ പ്രതിപക്ഷം വിമർശനം ഉന്നയിച്ചിരുന്നു. ദേവസ്വം വകുപ്പ് വി.എൻ. വാസവനും പാർലമെന്ററി കാര്യം എം.ബി. രാജേഷിനും വീതിച്ചു നൽകി. ആദ്യമായി മന്ത്രിയാകുന്നു എന്ന കാരണത്താലാണ് കേളുവിന് ഈ വകുപ്പുകൾ നൽകാത്തത് എന്നാണ് സിപിഎം വൃത്തങ്ങൾ പറയുന്നത്. അതേസമയം, കേളുവിന് ദേവസ്വം വകുപ്പ് നൽകാത്തതിനെതിരെ പ്രതിപക്ഷവും സമൂഹ മാധ്യമങ്ങളും വലിയതോതിലുള്ള വിമർശനമാണ് ഉന്നയിക്കുന്നത്.