തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് നേരെ കെ എസ് യുവിന്റെ കരിങ്കൊടി പ്രതിഷേധം. അഞ്ച് മിനിറ്റോളം മന്ത്രിയുടെ വാഹനം റോഡിൽ കിടന്നു. പൊലീസ് മതിയായ സുരക്ഷ ഒരുക്കാത്തതിൽ വിമർശനവുമായി മന്ത്രി രംഗത്ത് വന്നു.

ഒ.ആർ. കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ രാജ്ഭവനിലേക്ക് പോകുന്നതിനിടെയാണ് മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിനു മുന്നിൽ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്. അപ്രതീക്ഷിതമായാണ് മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രവർത്തകർ കാറിനു മുന്നിലേക്ക് ചാടി വീണത്. കാറിനു മുന്നിൽ കരിങ്കൊടി കാട്ടി. ഒപ്പമുണ്ടായിരുന്ന പൊലീസ് കരിങ്കൊടി മാറ്റാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ സമ്മതിച്ചില്ല.

പ്രവർത്തകർ തന്നെ സ്വയം മാറി രണ്ടുവശത്തേക്ക് നിന്നതുകൊണ്ടാണ് മന്ത്രിക്ക് കടന്നുപോകാനായത്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് വി.ശിവൻകുട്ടി പറഞ്ഞു. മതിയായ പൊലീസ് സുരക്ഷ മന്ത്രിക്കുണ്ടായിരുന്നില്ല. ഔദ്യോഗിക വസതിയിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരടക്കം പുറത്തേക്ക് വന്നു. പൊലീസ് സുരക്ഷയെപ്പറ്റി ചോദിച്ചപ്പോൾ ഞാൻ പറയണോ നിങ്ങൾ തന്നെ കണ്ടതല്ലേ എന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.

മന്ത്രിയുടെ വാഹനത്തിന്റെ കൂടെ ഉണ്ടായിരുന്നത് ഒരു പൊലീസ് ജീപ്പ് മാത്രമായിരുന്നു. ഇതിലുള്ള പൊലീസുകാർ ഇറങ്ങി പ്രതിഷേധക്കാരെ മാറ്റാൻ ശ്രമിച്ചെങ്കിലും കൂടുതൽ പ്രവർത്തകരെത്തി വാഹനം തടയുകയായിരുന്നു. എന്നാൽ ആർക്കും സമരം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അവർ പ്രതിഷേധിക്കട്ടെ എന്നായിരുന്നു മന്ത്രി പ്രതികരിച്ചത്. അദ്ദേഹം വാഹനത്തിൽ നിന്ന് പുറത്തിറങ്ങാനും കൂട്ടാക്കിയില്ല.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നത്. ഇതിന്റെ തുടച്ചയെന്നോണമാണ് തിരുവനന്തപുരത്ത് മന്ത്രിയുടെ വസതിക്ക് മുമ്പിൽ കെ.എസ്.യു. പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്.

പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട് പറയുന്ന തരത്തിലുള്ള പ്രതിസന്ധിയൊന്നുമില്ല. അത്തരത്തിൽ സംശയമുള്ളവർ അത് തെളിയിക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്ലസ് വൺ സീറ്റ് വിഷയവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ചർച്ച നടത്തും. ചൊവ്വാഴ്ച തിരുവനന്തപുരത്ത് വച്ചായിരിക്കും ചർച്ച.