- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണക്കം മറന്ന് ചായ സത്കാരത്തിൽ ഒന്നിച്ച് മുഖ്യമന്ത്രിയും ഗവർണറും
തിരുവനന്തപുരം: ഒ ആർ കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പരസ്പരം മിണ്ടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. ആലത്തൂർ എംപിയായി ലോക്‌സഭയിലേക്ക് ജയിച്ച കെ രാധാകൃഷ്ണന് പകരക്കാരനായി മന്ത്രിസഭയിലേക്ക് എത്തിയ ഒ ആർ കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിലാണ് ഇരുവരും നേർക്കുനേർ എത്തിയത്. ചടങ്ങിൽ ഇരുവരും പരസ്പരം സംസാരിച്ചില്ല. എന്നാൽ സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണർ ഒരുക്കിയ ചായ സത്കാരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുത്തു. കഴിഞ്ഞ തവണ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഗവർണർ ഒരുക്കിയ ചായ സത്കാരത്തിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നിരുന്നു.
മന്ത്രിയായി കെ.ആർ. കേളു സത്യപ്രതിജ്ഞ ചെയ്യുമ്പോഴും ഏവരുടെയും കൗതുകം മുഖ്യമന്ത്രിയും ഗവർണറും പരസ്പരം സംസാരിക്കുമോ എന്നായിരുന്നു. സത്യപ്രതിജ്ഞ ചടങ്ങിൽ പതിവ് ഗൗരവം വിടാതെ ഇരുവരും ഇരുന്നപ്പോൾ ഭിന്നത തുടർന്ന് മുഖ്യമന്ത്രിയും ഗവർണറുമെന്ന് ചാനലുകൾ ഫ്‌ളാഷ് പുറത്തുവിട്ടു. മുഖ്യമന്ത്രിക്ക് മുഖം കൊടുക്കാൻ പോലും ഗവർണർ കൂട്ടാക്കിയില്ല. ഇതിനിടെ മുഖ്യമന്ത്രിക്ക് കൈ കൊടുക്കാൻ കേളുവിനോട് ഗവർണർ ആംഗ്യം കാണിച്ചിരുന്നു.
സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം നടന്ന ചായ സൽക്കാരത്തിൽ ഗവർണറും മുഖ്യമന്ത്രിയും പരസ്പരം കൈക്കൊടുത്തു. ചായ സൽക്കാരത്തിൽ ഗവർണർ പ്രത്യേകിച്ച് ഒന്നും സംസാരിച്ചില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ചായ കുടിച്ച ശേഷം സന്തോഷമായാണ് എല്ലാവരും പിരിഞ്ഞത്. ചായക്കൊപ്പം പതിവ് പലഹാരങ്ങളൊക്കെ തന്നെയായിരുന്നു. എന്നാൽ പലഹാരങ്ങളുടെ ബാഹുല്യത്തിലല്ല കാര്യം. ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ചിരുന്ന് ചായ കുടിച്ചുവെന്നതാണ് കാര്യമെന്നും ശശീന്ദ്രൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും ചായസൽക്കാരത്തിൽ പങ്കെടുത്തതും ശ്രദ്ധേയമായി.
മന്ത്രിമാരായി ഗണേശ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്ത അവസരത്തിൽ മുഖ്യമന്ത്രിയെ ചായ സൽക്കാരത്തിനു ഗവർണർ ക്ഷണിച്ചിരുന്നില്ല. ക്ഷണിക്കാത്ത ചായ കുടിക്കാൻ നിൽക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവൻ വിടുകയായിരുന്നു.
മന്ത്രി കെബി ഗണേശ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രാജ്ഭവനിൽ നടന്ന ചായ സത്കാരത്തിൽ നിന്നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നത് വലിയ ചർച്ചയായിരുന്നു.
സർക്കാർ - ഗവർണർ പോരിന്റെ തുടർച്ചയെന്നോണമായിരുന്നു അന്ന് ഇത് വിലയിരുത്തപ്പെട്ടത്. അന്ന് മുഖ്യമന്ത്രിയും ഗവർണറും മുഖാമുഖം നോക്കാതെ പരസ്പരം അഭിവാദ്യം ചെയ്യാതെയായിരുന്നു ചടങ്ങിൽ പങ്കെുടത്തത്. ഏഴ് മിനിറ്റോളം നീണ്ടും നിന്ന ചടങ്ങിൽ, പരസ്പരം നോക്കുക പോലും ചെയ്തില്ലെന്ന് മാത്രമല്ല ഇരുവരുടേയും ശരീര ഭാഷയിൽ തന്നെ അന്ന് അകല്ച വ്യക്തമായിരുന്നു.
രാജ്ഭവനിൽ നാല് മണിക്കായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. സഗൗരവമായിരുന്നു ഒ ആർ കേളുവിന്റെ സത്യപ്രതിജ്ഞ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. വയനാട്ടിൽ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും കേളുവിന്റെ സത്യപ്രതിജ്ഞ ചടങ്ങിനായി തിരുവനന്തപുരത്ത് എത്തിയിരുന്നു.