- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റികളിൽ അതിരൂക്ഷ വിമർശനം
പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം ജില്ലാ കമ്മിറ്റി യോഗങ്ങളിൽ കടുത്ത വിമർശനം. മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചെന്നാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നത്. ഈ പെരുമാറ്റ രീതി മാറിയേ പറ്റൂ. ഇത് കമ്മ്യൂണിസ്റ്റുകാരന് ചേർന്നതല്ല. ഭരണവിരുദ്ധ വികാരം തോൽവിയിൽ ആഞ്ഞടിച്ചുവെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നു.
മുഖ്യമന്ത്രിയുടെ പെരുമാറ്റ രീതികൾ കമ്യൂണിസ്റ്റുകാരനു ചേർന്നതല്ല. ഈ പെരുമാറ്റം മുഖ്യമന്ത്രിയെ ജനങ്ങളിൽനിന്ന് അകറ്റുമെന്നും തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് അതാണെന്നും മുഖ്യമന്ത്രിക്കെതിരെ കമ്മറ്റി വിമർശിച്ചു. തിരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരമാണ് സൂചിപ്പിക്കുന്നത്. മുപ്പതിനായിരത്തോളം ഇടത് വോട്ടുകൾ പത്തനംതിട്ടയിൽ ചോർന്നു. മന്ത്രിമാർക്ക് പാർട്ടി കത്തുകൊടുത്തിട്ട് പോലും തുടർനടപടി ഉണ്ടാകുന്നില്ല. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്ക് ജില്ലാ കമ്മിറ്റി അംഗങ്ങളെ പുച്ഛമാണെന്നും പത്തനംതിട്ട ജില്ലാ കമ്മിറ്റി വിമർശിച്ചു.
പത്തനംതിട്ടയിൽ മുപ്പതിനായിരത്തിലധികം ഉറച്ച പാർട്ടി വോട്ടുകൾ ചോർന്നു. തോമസ് ഐസക്കിനെതിരെ ജില്ലാ നേതൃത്വത്തിലെ ചില മുതിർന്ന നേതാക്കൾ പ്രവർത്തിച്ചുവെന്നും തോൽവിയിൽ അന്വേഷണം വേണമെന്നും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ ആവശ്യമുയർന്നു.
സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗത്തിലും മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. മകൾക്കെതിരായ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ മൗനത്തിന് പാർട്ടി നൽകേണ്ടി വന്നത് കനത്ത വിലയാണെന്നാണ് വിമർശനം. വിശ്വസനീയമായ മറുപടി മുഖ്യമന്ത്രി നൽകിയില്ലെന്നും ഇത് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യകാരണമായെന്നുമാണ് യോഗത്തിൽ നേതാക്കളുടെ ഭാഗത്ത് നിന്ന് വിമർശനം ഉണ്ടായത്.
മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ആരോപണം ഇടത് സർക്കാരിനെക്കുറിച്ച് അവമതിപ്പുണ്ടാക്കാനും ഇടയാക്കിയെന്ന് വിമർശിക്കപ്പെട്ടു. 30 പേരാണ് ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായം പറഞ്ഞത്. അഞ്ച് പേർ തങ്ങളുടെ അഭിപ്രായം എഴുതി നൽകി. ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണ്ണയം പാളിയെന്നും ഹൈബി ഈഡനെതിരായ സ്ഥാനാർത്ഥി ശക്തയായിരുന്നില്ലെന്നും യോഗത്തിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
കോടിയേരി ബാലകൃഷ്ണന്റെ മക്കൾക്കെതിരെ ആരോപണമുയർന്നപ്പോൾ അതിൽ പാർട്ടിക്കും തനിക്കും പങ്കില്ലെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണന്റേത് മാതൃകാപരമായ നിലപാടായിരുന്നുവെന്നും അംഗങ്ങൾ പറഞ്ഞു. മകൾക്കെതിരെയും, കരിമണൽ കമ്പനിയുമായുള്ള ബന്ധത്തെക്കുറിച്ചും ആരോപണമുയർന്നപ്പോൾ മുഖ്യമന്ത്രി ആ മാതൃക കാട്ടിയില്ല.
മുഖ്യമന്ത്രിയും, പാർട്ടി സെക്രട്ടറിയും മാധ്യമങ്ങളോട് ഇടപെടുന്നത് ശരിയായ രീതിയിലല്ലെന്നും ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി നടത്തിയത് അതിരുവിട്ട ആവശ്യമില്ലാത്ത വാക്കുകളാണെന്നും യോഗത്തിൽ വിമർശനം ഉയർന്നു.
അതേ സമയം തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്തിക്കും സർക്കാരിനും എതിരായ വിമർശനത്തിന് സംഘടിത സ്വഭാവമുണ്ടെന്ന വിലയിരുത്തലിലാണ് സിപിഎം സംസ്ഥാന നേതൃത്വം. ആക്ഷേപങ്ങൾക്ക് പാർട്ടിക്ക് അകത്തോ പുറത്തോ മറുപടി നൽകി പ്രശ്‌നം വഷളാക്കേണ്ടെന്നാണ് നേതൃതലത്തിലെ ധാരണ. നേതൃമാറ്റ ആവശ്യം തള്ളിയ എംവി ഗോവിന്ദനാകട്ടെ പാർട്ടിയുടേയും സർക്കാരിന്റെയും നെടുംതൂണാണ് പിണറായിയെന്ന് വിശേഷിപ്പിച്ചു
പാർട്ടി നയങ്ങൾക്കും സർക്കാരിന്റെ പ്രവർത്തന രീതിക്കും മുഖ്യമന്ത്രിയുടെ ശൈലിക്കും എതിരെ ആദ്യം പുറത്തും പിന്നിട് പാർട്ടി യോഗങ്ങളിലും വന്ന ചില വിമർശനങ്ങൾക്ക് ആസൂത്രിതവും സംഘടിതവുമായ സ്വഭാവമുണ്ടെന്നാണ് നേതൃത്വം കരുതുന്നത്. അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്നുണ്ടായ പരസ്യ വിമർശനങ്ങൾക്ക് പിന്നാലെ പാർട്ടി യോഗങ്ങളിലും നേതാക്കൾ മുഖം നോക്കാതെ സംസാരിക്കാൻ തയ്യാറായി. സമീപ കാലത്തൊന്നും നേതൃത്വത്തിനെതിരെ ഇത്ര വലിയ വിമർശനം സംസ്ഥാന സമിതിയിൽ ഉയർന്നിട്ടില്ല.
അപ്രതീക്ഷിത കടന്നാക്രമങ്ങളിൽ അമ്പരപ്പുണ്ടെങ്കിലും നിലവിട്ട മറുപടി നൽകി പ്രശ്‌നം വഷളാക്കേണ്ടതില്ലെന്നാണ് തീരുമാനം. ആക്ഷേപങ്ങളുടെ എല്ലാം കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയാണ്. വിമർശനങ്ങൾക്കും കേന്ദ്രീകൃത സ്വഭാവം ഉള്ളതിനാൽ പരമാവധി മുഖ്യമന്ത്രിയെ പ്രതിരോധിക്കുകയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി. ശൈലീ മാറ്റം ആവശ്യമില്ലെന്ന് മാത്രമല്ല പാർട്ടിയുടെയും സർക്കാരിന്റെയും നെടുംതൂണാണ് പിണറായി എന്ന് കൂടി പറഞ്ഞാണ് എംവി ഗോവിന്ദൻ ഒരു ദിനപത്രത്തിലെ അഭിമുഖത്തിൽ വിമർശകരുടെ വായടക്കുന്നത്. എന്നാൽ സിപിഎമ്മിൽ തിരുത്തൽ വാദത്തിന് ശക്തിയേറുകയാണ്.
ജില്ലാ നേതൃയോഗങ്ങൾക്കും മേഖലാ യോഗങ്ങൾക്കും ശേഷം സർക്കാർ പ്രവർത്തനങ്ങൾക്ക് മുൻഗണന ക്രമം നിശ്ചയിച്ച് തെരഞ്ഞെടുപ്പ് തോൽവിയുടെ ക്ഷീണം തീർക്കാനാണ് സിപിഎം ആലോചന. സംസ്ഥാനത്തുയർന്ന അസാധാരണ ചർച്ചകളിൽ കേന്ദ്ര നേതൃത്വം കൈക്കൊള്ളുന്ന നിലപാടും നിർണ്ണായകമാണ്. 28 മുതലാണ് കേന്ദ്രകമ്മിറ്റിയോഗം.