- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലബാറിലെ പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ അധിക ബാച്ച് അനുവദിക്കും
തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ രണ്ടംഗ സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ. എവിടെയെല്ലാം അധിക ബാച്ച് അനുവദിക്കണമെന്ന് സമിതി പരിശോധിക്കും. ഹയർസെക്കൻഡറി ജോയിൻ ഡയറക്ടറും മലപ്പുറം ആർ.ആർ.ഡിയുമാണ് സമിതി അംഗങ്ങൾ. വിദ്യാർത്ഥി സംഘടനാ നേതാക്കളുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുമായി നടത്തിയ ചർച്ചയിലായിരുന്നു തീരുമാനം.
ജൂലൈ അഞ്ചിനകം സമിതി റിപ്പോർട്ട് സർക്കാരിന് നൽകണം. അതിന്റെ അടിസ്ഥാനത്തിൽ അടുത്ത പ്രവേശന നടപടികൾ ആരംഭിക്കും. മലപ്പുറം, പാലക്കാട്, കാസർകോട് ജില്ലകളിലാണ് സീറ്റ് പ്രതിസന്ധികളുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ അധിക ബാച്ച് അനുവദിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് തീരുമാനമെടുക്കാൻ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. മലപ്പുറം 7478 സീറ്റുകളുടെയും കാസർകോട് 252 സീറ്റുകളുടെയും പാലക്കാട് 1757 സീറ്റുകളുടെയും കുറവാണ് ഉള്ളത്. മലപ്പുറത്ത് 7 താലൂക്കിൽ സയൻസ് സീറ്റ് അധികവും കൊമേഴ്‌സ്, ഹ്യൂമാനീറ്റിസ് സീറ്റുകൾ കുറവുമാണ്. മലപ്പുറത്ത് പുതിയ താൽക്കാലിക ബാച്ച് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
അധിക ബാച്ച് തീരുമാനിക്കാൻ നിയോഗിച്ച രണ്ടംഗ സമിതി ജൂലായ് 5 നുള്ളിൽ റിപ്പോർട്ട് നൽകും. അതിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. ക്ലാസ് നഷ്ടമാകുന്നവർക്ക് ബ്രിഡ്ജ് കോഴ്‌സ് നൽകുമെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. വിദ്യാർത്ഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേ സമയം സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ദേശീയ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിനോടാണ് റിപ്പോർട്ട് തേടിയത്. ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നോട്ടീസിൽ പറയുന്നത്. പ്ലസ് വൺ സീറ്റ് ലഭിക്കാതെ കേരളത്തിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവമടക്കം ചൂണ്ടിക്കാട്ടിയാണ് ദേശീയ ബാലാവകാശ കമ്മീഷന്റെ നടപടി. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ താത്പര്യം സംരക്ഷിക്കാനും ക്ഷേമം ഉറപ്പാക്കാനും ഏഴ് ദിവസത്തിനുള്ളിൽ വിഷയം പരിഹരിക്കാൻ സ്വീകരിച്ച നടപടികളടക്കം വിശദീകരിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.