കോഴിക്കോട്: പ്ലസ് വൺ സീറ്റ് വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ട് നടത്തിയ വിവാദ പ്രസംഗത്തിൽ വിശദീകരണവുമായി എസ്വൈഎസ് നേതാവ് മുസ്തഫ മുണ്ടുപാറ. കേരളത്തെ വെട്ടിമുറിക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് മുസ്തഫ മുണ്ടുപാറ പറഞ്ഞു. വിഭവ വിതരണത്തിൽ തെക്കൻ കേരളവും മലബാറും തമ്മിലുള്ള അസമത്വമാണ് ചൂണ്ടിക്കാണിച്ചതെന്നും മുസ്തഫ മുണ്ടുപാറ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കേരളം വിഭജിക്കണമെന്ന ആവശ്യം ഉയർന്നാൽ തെറ്റ് പറയാൻ കഴിയില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മുസ്തഫ മുണ്ടുപാറ പറഞ്ഞത്. വിദ്യാഭ്യാസ രംഗത്ത് മലബാറിനോട് അവഗണന തുടരുമ്പോൾ മലബാർ സംസ്ഥാനം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ തെറ്റുപറയാൻ കഴിയില്ല. തെക്കൻ കേരളത്തിലുള്ളവരെ പോലെ തന്നെ നികുതി പണം കൊടുക്കുന്നവരാണ് മലബാറിലുള്ളതെന്നും അതിനാൽ അവഗണനയുണ്ടാകുമ്പോൾ പല തരത്തിലുള്ള പ്രതിഷേധങ്ങളുണ്ടാകുമെന്നും മുസ്തഫ മുണ്ടുപാറ വ്യക്തമാക്കിയിരുന്നു. പ്രസംഗം വിവാദമായതോടെയാണ് വിശദീകരണവുമായി രംഗത്ത് വന്നത്.

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലാണ് മലബാർ സംസ്ഥാനവുമായി ബന്ധപ്പെട്ട വിവാദ പരാമർശമുണ്ടായത്. ഇതിനെതിരെ വിവിധ രാഷ്ട്രീയപാർട്ടികൾ വിമർശനം ശക്തമാക്കിയതോടെയാണ് വിശദീകരണവുമായി മുണ്ടുപാറ രംഗത്തെത്തിയത്. മലബാർ കേന്ദ്രീകരിച്ചു സംസ്ഥാനം വേണമെന്ന ആവശ്യം പല കേന്ദ്രങ്ങളിൽ നിന്നും ഉയർന്നിരുന്നു. അവർക്ക് ആക്കം കൂട്ടുന്ന വിധം പ്ലസ് വൺ വിഷയത്തിൽ സർക്കാർ സ്വീകരിച്ച സമീപനത്തിലെ അപകടവസ്ഥ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തത്. ഇതാണ് കേരള വിഭജനം വേണമെന്ന രീതിയിൽ ചിലർ തെറ്റിദ്ധരിപ്പിച്ചതെന്നും മുസ്തഫ മുണ്ടുപാറ കൂട്ടിച്ചേർത്തു.

മലബാർ സംസ്ഥാനം വേണമെന്ന സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറയുടെ പരാമർശത്തിനെതിരെ വിമർശനവുമായി സിപിഎം രംഗത്തെത്തിയിരുന്നു. കേരളത്തെ വെട്ടിമുറിക്കണമെന്ന മുസ്തഫ മുണ്ടുപാറയുടെ നിലപാട് വിഘടനവാദമാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻ ദാസ് പറഞ്ഞു. മലയാളികളുടെ മാതൃഭൂമിയെ വെട്ടിമുറിക്കണമെന്ന വാദം ഞെട്ടിപ്പിക്കുന്നതാണ്. ഭൂരിപക്ഷ തീവ്ര വർഗീയശക്തികൾക്ക് രാജ്യത്തെ ധ്രുവീകരിക്കാനുള്ള ആയുധമാണ് ഈ വിഘടനവാദ പ്രസ്താവനയിലൂടെ നൽകുന്നതെന്നും ഇഎൻ മോഹൻ ദാസ് പറഞ്ഞു.

കാശ്മീരിനെ മൂന്നായി വെട്ടിമുറിച്ച അനുഭവം നമ്മുടെ മുന്നിലുണ്ട്. കേരളത്തെ വിഭജിക്കണമെന്ന വാദം ജനാധിപത്യ വിരുദ്ധമാണ്. ഇത്തരം ഭ്രാന്തൻ പ്രസംഗങ്ങളും മുദ്രാവാക്യങ്ങളും ഉയർത്തുന്ന നേതാക്കളെ നിയന്ത്രിക്കാൻ സമസ്ത നേതൃത്വം തയ്യാറാക്കണം. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യാൻ ഇടയാക്കരുത്. ന്യൂനപക്ഷങ്ങളാകെ വിഘടനവാദികളാണെന്ന് ആക്ഷേപിക്കുന്ന ബിജെപിയുടെ ആയുധത്തിന് മൂർച്ച കൂട്ടുന്ന പ്രസ്താവനയാണിത്.

മലയാളിയുടെ മാതൃഭൂമിയെ വെട്ടിമുറിക്കാൻ ആരെയും അനുവദിക്കില്ല. ഈ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കും. ഇത്തരം ഭ്രാന്തൻ മുദ്രാവാക്യം ഉയർത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും സമസ്ത നേതാവിന്റെ ഈ പ്രസ്താവനയോട് മുസ്ലിം ലീഗും യുഡിഎഫ് നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും ഇഎൻ മോഹൻദാസ് കൂട്ടിച്ചേർത്തു.