തിരുവനന്തപുരം: കേരള സർക്കാരുമായി കൂടിയാലോചിക്കാതെ റോഡ് ടാക്‌സ് വർദ്ധിപ്പിച്ച തമിഴ്‌നാട് സർക്കാരിന്റെ നടപടിക്കെതിരെ വിമർശനവുമായി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാർ. കേരളവുമായി ആലോചിക്കാതെയാണ് 4000 രൂപ ടാക്‌സ് വർദ്ധിപ്പിച്ചതെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.

നികുതിയുടെ പേരിൽ കെഎസ്ആർടിസിയുടെ ബസുകൾ തമിഴ്‌നാട്ടിൽ പിടിച്ചിട്ടാൽ അവരുടെ വാഹനങ്ങൾ കേരളത്തിലും പിടിക്കും. യാതൊരു ആലോചനയും കൂടാതെയാണ് സീറ്റിന് 4000 രൂപ വീതം തമിഴ്‌നാട് സർക്കാർ വർധിപ്പിച്ചത്. രാജ്യം മുഴുവൻ ഒരു നികുതി എന്നു കേന്ദ്രം പറയുമ്പോഴാണ് ഈ നടപടി.

കേരളത്തിൽ ശബരിമല സീസണാണ് വരുന്നതെന്ന് തമിഴ്‌നാട് ഓർക്കണം. തമിഴ്‌നാട്ടിൽ നിന്നാണ് ശബരിമലയിലേക്ക് ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്നത്. അവിടെ 4000 വാങ്ങിയാൽ ഇവിടെയും നാലായിരം വാങ്ങിക്കും. ഇങ്ങോട്ട് ദ്രോഹിച്ചാൽ തിരികെ അങ്ങോട്ടും ദ്രോഹിക്കുമെന്നും ഗണേശ് കുമാർ നിയമസഭയിൽ പറഞ്ഞു.

"അങ്ങനെയെങ്കിൽ നമുക്കും പോരട്ടെ 4000 രൂപ എന്നാണ് നമ്മുടെ നിലപാട്. ശബരിമല സീസൺ വരാൻ പോകുകയാണെന്ന് തമിഴ്‌നാട്ടുകാർ മനസ്സിലാക്കണം. അവിടെ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ ഇങ്ങോട്ടു വരാൻ പോകുന്നത്. ഞങ്ങൾ ഖജനാവിൽ പണം നിറയ്ക്കും. ഇവിടെനിന്നു പോകുന്നവരെ അവിടെ ഉപദ്രവിച്ചാൽ അവിടെനിന്ന് വരുന്നവരെ ഇവിടെയും ഉപദ്രവിക്കും. കെഎസ്ആർടിസിയുടെ വണ്ടി പിടിച്ചിട്ടാൽ ഇവിടെ തമിഴ്‌നാടിന്റെ വണ്ടിയും പിടിച്ചിടും. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല." - ഗണേശ് കുമാർ പറഞ്ഞു.