- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നികേഷ് കുമാറിന്റെ മനസ്സിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പല്ല
കണ്ണൂർ: ദൃശ്യമാധ്യമപ്രവർത്തനം അവസാനിപ്പിച്ച എം വി നികേഷ് കുമാറിനെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തും. നിലവിൽ പ്രത്യേക ക്ഷണിതാവായാണ് നികേഷിനെ ഉൾപ്പെടുത്തുക. അടുത്ത സംസ്ഥാന സമിതി യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകും.
നിലവിൽ സിപിഎം അംഗമായ നികേഷ് കുമാർ കണ്ണൂർ ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുള്ള താത്പര്യം പാർട്ടിയെ അറിയിച്ചെന്നാണ് വിവരം. അടുത്ത സമ്മേളനത്തോടെ ജില്ലാ കമ്മിറ്റിയിൽ സ്ഥിരാംഗമായി ഉൾപ്പെടുത്തുമെന്നാണ് സൂചന. എന്നാൽ പാലക്കാട് തെരഞ്ഞെടുപ്പിൽ എം.വി നികേഷ് കുമാറിനെ സ്ഥാനാർത്ഥിയാക്കുമെന്ന അഭ്യൂഹം സിപിഎം സംസ്ഥാന നേതൃത്വം തള്ളിയിട്ടുണ്ട്.
അതുകൊണ്ടു തന്നെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്നും നികേഷ് കുമാറിനെ മത്സരിപ്പിക്കാനുള്ള സാധ്യതയേറെയാണ്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കണ്ണൂർ, എം.വി ഗോവിന്ദൻ പ്രതിനിധാനം ചെയ്യുന്ന തളിപ്പറമ്പ്, മുഖ്യമന്ത്രിയുടെ ധർമ്മടം , സ്പീക്കർ എ.എൻ ഷംസീറിന്റെ തലശേരി എന്നിവടങ്ങളാണ് നികേഷ് കുമാറിന് സാധ്യത കൽപ്പിക്കുന്നത്.
താൻ സജീവമാധ്യമപ്രവർത്തനം അവസാനിപ്പിക്കുന്നതായി നികേഷ് കുമാർ കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. സിപിഎം അംഗമായി പൊതുരംഗത്ത് സജീവമാകുമെന്നാണ് നികേഷ് കുമാർ അറിയിച്ചത്. 2016 ൽ കണ്ണൂരിലെ അഴീക്കോട് നിന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി നികേഷ് കുമാർ നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും മുസ്ലിം ലീഗ് സ്ഥാനാർത്ഥി കെ എം ഷാജിയോട് പരാജയപ്പെട്ടിരുന്നു.
നികേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിലാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. 2003 ൽ ഇന്ത്യാവിഷൻ ആരംഭിച്ചപ്പോൾ എക്സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റു. 2011ൽ റിപ്പോർട്ടർ ടിവിക്ക് തുടക്കം കുറിച്ചു. രാംനാഥ് ഗോയങ്ക അവാർഡുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനാണ് നികേഷ് കുമാർ.