- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടനാട്ടിൽ ഇടതുമുന്നണിയിൽ വീണ്ടും പൊട്ടിത്തെറിക്ക് കളമൊരുങ്ങി
കുട്ടനാട്: കുട്ടനാട്ടിൽ ഇടതുമുന്നണിയിൽ, പൊട്ടിത്തെറിക്ക് വഴിവച്ചേക്കാവുന്ന വിധത്തിൽ, രാമങ്കരി പഞ്ചായത്തിൽ അവിശ്വാസ പ്രമേയം. എൽ ഡി എഫാണ് രാമങ്കരി പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്തിൽ സി പി എം അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത് എന്നതാണ് വിചിത്രമായ സാഹചര്യം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേന്ദ്രകുമാറിനും വൈസ് പ്രസിഡന്റ് കുഞ്ഞുമോൾ ശിവദാസിനും എതിരെയാണ് നോട്ടീസ് നൽകിയത്.
യുഡിഎഫിന്റെ നാല് അംഗങ്ങൾക്കൊപ്പം സിപിഎമ്മിന്റെ മൂന്ന് അംഗങ്ങളും ചേർന്നാണ് നോട്ടീസ് നൽകിയത്. ആർ. രാജുമോൻ, ഡെന്നി സേവ്യർ, സോളി ആന്റണി, ഷീന റെജപ്പൻ എന്നീ യു.ഡി.എഫ് അംഗങ്ങളും കെ.പി. അജയഘോഷ്, സൂര്യ ജിജിമോൻ, ബിൻസ് ജോസഫ് എന്നീ സിപിഎം അംഗങ്ങളും ആണ് നോട്ടീസിൽ ഒപ്പിട്ടത്. ഇവർക്ക് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയുണ്ട് എന്നാണ് സൂചന.
കുട്ടനാട്ടിൽ സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങൾ ഏറെ നാളായി നേതൃത്വത്തിന് തലവേദനയാണ്. പാർട്ടിയെ പ്രതിസന്ധിയിലാക്കിയ നിരവധി സംഭവവികാസങ്ങൾക്ക് തുടക്കം കുറിച്ചത് രാമങ്കരിയിലാണ്. മുന്നൂറോളം പേർ കുട്ടനാട്ടിൽ സി പി എം വിട്ട് സിപിഐയുടെ ഭാഗമായിരുന്നു. സി പി എം ടിക്കറ്റിൽ വിജയിച്ച പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേന്ദ്രകുമാറാണ് ഇതിന് നേതൃത്വം നൽകിയത്.
രാജേന്ദ്ര കുമാറിനെ താഴെയിറക്കാൻ പ്രാദേശിക നേതൃത്വം ലക്ഷ്യമിട്ടിരുന്നെങ്കിലും, ജില്ലാ നേതൃത്വത്തിന്റെ പിന്തുണ ഈ നീക്കത്തിന് ലഭിച്ചിരുന്നില്ല. കുറുമാറ്റ നിരോധന നിയമപ്രകാരം പ്രസിഡന്റ് സ്ഥാനത്തുനിന്നും പഞ്ചായത്ത് അംഗ സ്ഥാനത്തുനിന്നും മാറേണ്ടിവരും എന്ന നിയമോപദേശം കിട്ടിയതിനാൽ രാജേന്ദ്രകുമാർ ഔദ്യോഗികമായി സിപിഐയുടെ അംഗത്വം എടുത്തിട്ടില്ല.
രാമങ്കരി പഞ്ചായത്തിലെ ഭരണ സ്തംഭനത്തിനും കൊടുകാര്യസ്ഥതക്കുമെതിരെയാണ് യുഡിഎഫ്. അവിശ്വാസ പ്രമേയം. രാമങ്കരി പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഷോപ്പിങ് കോംപ്ലക്സ് പൊളിച്ചു നീക്കി രണ്ടു വർഷം കഴിഞ്ഞിട്ടും പുതിയ കെട്ടിടം നിർമ്മിക്കുവാൻ യാതൊരു നടപടിയും സ്വീകരിക്കാത്തതാണ് കാരണമായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.