ന്യൂഡൽഹി: കേന്ദ്രസർക്കാറിനെയും സംസ്ഥാന സർക്കാറിനെയും നിരന്തരം വിമർശിച്ചു കൊണ്ടു രംഗത്തുവന്ന വരുൺ ഗാന്ധിയെ അവഗണിച്ചു ബിജെപി. അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടപ്പോൾ പിലഭത്ത് സീറ്റ് വരുണിന് നൽകിയില്ല. സിറ്റിങ് സീറ്റിൽ മറ്റൊരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കയാണ് ബിജെപി. മുൻ കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദയാണ് ഇത്തവണ വരുണിന് പകരം പിലിഭിത്തിൽ ബിജെപി ടിക്കറ്റിൽ മത്സരിക്കുക.

അതേസമയം വരുണിന്റെ മാതാവും സുൽത്താൻപുരിലെ സിറ്റിങ് എംപിയുമായ മനേക ഗാന്ധിക്ക് ബിജെപി വീണ്ടും സീറ്റ് നൽകി. പിലിഭിത്തിൽ സീറ്റ് നിഷേധിച്ചാൽ വരുൺ ഗാന്ധി ബിജെപി വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. വരുണിന് സീറ്റ് വാഗ്ദാനം ചെയ്ത് എസ്‌പി. അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാരിനെതിരെയും ഉത്തർപ്രദേശിൽ യോഗി സർക്കാരിനെതിരെയും നിരന്തരം വിമർശനങ്ങൾ ഉന്നയിച്ച് പാർട്ടിക്ക് തലവേദന സൃഷ്ടിച്ച വരുണിന് ഇത്തവണ സീറ്റ് നൽകേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം. ഇനി വരുൺ ഗാന്ധി സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തുവരുമോ എന്നാണ് അറിയേണ്ടത്.

ഇതിനിടെ നടി കങ്കണ റണൗട്ട് ബിജെപി. സ്ഥാനാർത്ഥി പട്ടികയിൽ ഇടംനേടി. ഹിമാചൽ പ്രദേശിലെ മണ്ഡിയിൽ നിന്നായിരിക്കും കങ്കണ മത്സരിക്കുക. ബിജെപിയെ കാര്യമായി പിന്തുണക്കുന്ന വ്യക്തിയാണ് കങ്കണ. രാമായണ ടെലിവിഷൻ സീരീസിൽ രാമനായി വേഷമിട്ട അരുൺ ഗോവിൽ മീററ്റിൽ നിന്ന് മത്സരിക്കും. ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദര ഭാര്യയും ജെ.എം.എം. എംഎൽഎയുമായ സീത സോറൻ ധുംകയിൽനിന്ന് മത്സരിക്കും. നേരത്തെ ജെ.എം.എമ്മിൽനിന്ന് സിതാ സോറൻ രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. കോൺഗ്രസിൽനിന്ന് വീണ്ടും ബിജെപിയിലെത്തിയ ജഗദീഷ് ഷെട്ടാർ കർണാടകയിലെ ബെൽഗാമിൽനിന്ന് മത്സരിക്കും. കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് അഭിജിത്ത് ഗംഗോപാധ്യായ ബംഗാളിലെ തംലുക് മണ്ഡലത്തിൽ മത്സരിക്കും.

അതേസമയം കേന്ദ്രമന്ത്രി അശ്വിനികുമാർ ചൗബേ, മുൻ കേന്ദ്ര മന്ത്രി ആനന്ദ് കുമാർ ഹെഗ്ഡെ, വികെ സിങ് എന്നിവരും അഞ്ചാം പട്ടികയിൽ ഉൾപ്പെട്ടില്ല. അതിനവിടെ നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ റായ്ബറേലിയിലും അമേഠിയിലും മത്സരിക്കാൻ വിസമ്മതിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. അമേഠി നേരത്തെ നഷ്ടമായതാണെങ്കിലും ഇത്തവണ സോണിയ മത്സര രംഗത്ത് നിന്നും മാറിയ സാഹചര്യത്തിൽ പ്രിയങ്ക എത്തിയില്ലെങ്കിൽ റായ്ബറേലിയും കൈവിട്ടുപോകുമെന്നാണ് പ്രവർത്തകരുടെ ആശങ്ക.

രാഹുലും പ്രിയങ്കയും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ രണ്ട് മണ്ഡലങ്ങളും ഒഴിച്ചിട്ട് കൊണ്ടാണ് കോൺഗ്രസിന്റെ യുപി പട്ടിക പുറത്ത് വന്നത്. 46 സ്ഥാനാർത്ഥികളാണ് കോൺഗ്രസിന്റെ നാലാം പട്ടികയിലുള്ളത്. വാരാണസിയിൽ മോദിക്കെതിരെ, യുപി പിസിസി അധ്യക്ഷൻ അജയ് റായി സ്ഥാനാർത്ഥിയാകും. അംറോഹയിൽ പ്രാദേശിക ഘടകത്തിന്റെ പ്രതിഷേധം തള്ളി ബിഎസ്‌പിയിൽ നിന്നും കോൺഗ്രസിലെത്തിയ ഡാനിഷ് അലിക്ക് വീണ്ടും സീറ്റ് നൽകി.

അംരോഹയിലെ സിറ്റിങ് എംപിയായ ഡാനിഷ്, എംപിയെന്ന നിലയിൽ പരാജയമാണെന്നും അതിനാൽ സീറ്റ് നൽകരുതെന്നുമാണ് അംരോഹയിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇത് നേതൃത്വം തള്ളി. മുതിർന്ന നേതാവ് ദിഗ് വിജയ് സിങ് മധ്യപ്രദേശിലെ രാജ്ഗഡിൽ നിന്ന് ജനവിധി തേടും. തമിഴ്‌നാട്ടിലെ ഏഴ് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ശിവഗംഗയിൽ കാർത്തി ചിദംബരവും കന്യാകുമാരിയിൽ വിജയ് വസന്തും സ്ഥാനാർത്ഥികളാകും.