- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് ശശി തരൂരിനെ തോൽപിക്കാൻ ആർക്കും കഴിയില്ല: ഒ രാജഗോപാൽ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ എലൈറ്റ് ക്ലാസ് മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. ഇവിടെ ശശി തരൂർ സ്ഥാനാർത്ഥിയായതു കൊണ്ടാണ് ബിജെപിക്ക് വിജയം നേടാൻ സാധിക്കാതെ പോയത്. മണ്ഡലത്തിൽ സാക്ഷാൻ നരേന്ദ്ര മോദി വന്നു മത്സരിച്ചാലും വിജയിക്കുമെന്ന ആത്മവിശ്വാസം തരൂരിനുണ്ട് താനും. ഇക്കാര്യം അദ്ദേഹം തുറന്നു പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തരൂരിന്റെ ആ ആത്മവിശ്വാസത്തിന് അടിവരയിട്ട് മുതിർന്ന ബിജെപി നേതാവും മുൻപ് തിരുവനന്തപുരത്ത് മത്സരിച്ചു തോറ്റ നേതാവുമായി ഒ രാജഗോപാൽ രംഗത്തെത്തി.
തിരുവനന്തപുരത്ത് ശശി തരൂരിനെ ആർക്കും തോൽപ്പിക്കാൻ കഴിയില്ലെന്നാണ് മുൻ എംഎൽഎ കൂടിയായ രാജഗോപാൽ പറഞ്ഞിരിക്കുന്നത്. പാലക്കാട് നിന്ന് എത്തി തിരുവനന്തപുരത്തുകാരുടെ മനസിനെ സ്വാധീനിക്കാൻ തരൂരിന് കഴിഞ്ഞെന്നും അതുകൊണ്ടാണ് തരൂർ വീണ്ടും വീണ്ടും തിരുവനന്തപുരത്ത് ജയിക്കുന്നതെന്നും ഓ രാജഗോപാൽ പറഞ്ഞു. തിരുവനന്തപുരത്തെ ഒരു അവാർഡ്ദാന ചടങ്ങിൽ പ്രസംഗിക്കവേയാണ് ഒ രാജഗോപാലിന്റെ വാക്കുകൾ.
അടുത്തകാലത്ത് മറ്റൊരാൾക്ക് അവസരമുണ്ടാകുമോ എന്നു സംശയിക്കുന്നതായും തരൂരിന്റെ സേവനം കൂടുതൽ ലഭ്യമാകട്ടെ എന്നു പ്രാർത്ഥിക്കുന്നതായും രാജഗോപാൽ പറഞ്ഞു. പാലക്കാട്ടുകാരനായ തരൂരിന്റെ മഹിമ ലോകം അംഗീകരിക്കുന്നു. അദ്ദേഹം തിരുവനന്തപുരത്ത് മത്സരിക്കാൻ തീരുമാനിച്ച അവസരത്തിൽ ഞാൻ സംശയിച്ചിരുന്നു. ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഏറ്റവും യോഗ്യൻ തന്നെയാണ്. അക്കാര്യത്തിൽ സംശയമില്ല. നല്ല ഇംഗ്ലിഷിൽ ഭംഗിയായി സംസാരിക്കും. എന്തായാലും അങ്ങനെയുള്ള ഒരാളെ പാലക്കാട്ടുകാർ സംഭാവന ചെയ്തു എന്നുള്ളതിൽ എനിക്കു അഭിമാനമുണ്ട്. പാലക്കാട്ടുകാർക്കു മാത്രമല്ല, മലയാളികൾക്കു മുഴുവൻ അഭിമാനത്തിനു വകയുള്ള ഒന്നാണിത്.
എന്തായാലും അദ്ദേഹത്തിനു ദീർഘായുസ് ഉണ്ടാകട്ടെ. അദ്ദേഹത്തിന്റെ സേവനം കൂടുതൽ ലഭ്യമാകട്ടെ. അദ്ദേഹത്തിന് ഈശ്വരാനുഗ്രമുണ്ടാകട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നതായും രാജഗോപാൽ പറഞ്ഞു. അന്തരിച്ച മാധ്യമപ്രവർത്തകൻ എൻ.രാമചന്ദ്രന്റെ പേരിലുള്ള അവാർഡ് തരൂരിനു ഡി.കെ. ശിവകുമാർ സമ്മാനിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു രാജഗോപാൽ. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ശശി തരൂരിനെ പുകഴ്‌ത്തിയുള്ള രാജഗോപാലിന്റെ പ്രസ്താവന ബിജെപി നേതൃത്വത്തെയും അനുനായികളെയും അസ്വസ്ഥരാക്കിയിരിക്കയാണ്.
തലസ്ഥാനത്ത് തരൂരിനെ നേരിടാൻ ബിജെപി ശക്തനായ സ്ഥാനാർത്ഥിയെ തേടവേയാണ് തരൂരിനെ തോൽപ്പിക്കാൻ സാധിക്കില്ലെന്ന് ഒ രാജഗോപാൽ തന്നെ വ്യക്തമാക്കുന്നത്. കേന്ദ്ര നേതാക്കളെ അടക്കം തിരുവനന്തപുരം മണ്ഡലത്തിൽ തരൂരിനെതിരെ മത്സരിപ്പിക്കാൻ ബിജെപി പദ്ധതിയിടുന്നുണ്ട്. കൂടാതെ മണ്ഡലത്തിൽ പരിചിതനായ കൃഷ്ണകുമാറിനെയും പരിഗണിക്കുന്നുണ്ട്. ഇതിനിടെയാണ് തരൂരിന് തന്നെ മൈലേജ് നൽകുന്ന പരാമർശം മുൻ എതിരാളിയിൽ നിന്നും ഉണ്ടായിരിക്കുന്നതും.
അടുത്ത തവണത്തേത് ലോക്സഭയിലേക്കുള്ള തന്റെ അവസാന അങ്കമായിരിക്കുമെന്ന് പറഞ്ഞാണ് തരൂർ സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് മത്സരിച്ചാലും വിജയം തനിക്കായിരിക്കുമെന്നും വിജയമെന്ന് അഭിപ്രായപ്പെട്ടത്. ഒരു സ്വകാര്യ ചാനലിനോടായിരുന്നു തരൂർ ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു:
'തിരുവനന്തപുരത്തുനിന്ന് വീണ്ടും മത്സരിക്കാൻ തയ്യാറാണ്. പക്ഷേ ഇതുസംബന്ധിച്ച് അന്തിമതീരുമാനം എടുക്കേണ്ടത് പാർട്ടിയാണ്. എന്നോട് പാർട്ടി ആവശ്യപ്പെട്ടാവ്ഡ ഞാൻ മത്സരിക്കും. അങ്ങനെയെങ്കിൽ ലോക്സഭയിലേക്കുള്ള എന്റെ അവസാനത്തെ മത്സരമായിരിക്കുമത്', ശശി തരൂർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തുനിന്നും മത്സരിച്ചാലോ എന്ന ചോദ്യത്തിന് മോദി തനിക്കെതിരെ മത്സരിച്ചാലും താൻ തന്നെ ജയിക്കുമെന്നായിരുന്നു തരൂരിന്റെ മറുപടി.
"എന്നെ മാറ്റണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർക്ക് അതിനുള്ള അധികാരമുണ്ട്. അല്ലാതെ ഞാൻ ആർക്കെതിരെയാണ് മത്സരിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തിലാകരുത് അത്', തരൂർ കൂട്ടിച്ചേർത്തു. "ഞാൻ ആദ്യം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയത്ത് കേന്ദ്ര വിദേശകാര്യ മന്ത്രിയാകണമെന്നായിരുന്നു എന്റെ ആഗ്രഹം. അത് ഇതുവരെ നടന്നിട്ടില്ല. ഇനിയത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്', അദ്ദേഹം പറഞ്ഞു.
കേരള നിയമസഭയിലേക്ക് മത്സരിക്കുമോ എന്നു ചോദിച്ചപ്പോൾ നിലവിൽ തന്റെ ശ്രദ്ധ ലോക്സഭാ തിരഞ്ഞെടുപ്പിലാണെന്നും ആ സമയത്തെ സാഹചര്യമനുസരിച്ച് നോക്കാമെന്നുമായിരുന്നു തരൂരിന്റെ മറുപടി. യുഎൻ മുൻ അണ്ടർസെക്രട്ടറി ജനറലായ ശശി തരൂർ അപ്രതീക്ഷിതമായാണ് 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായതും ജയിക്കുന്നതും. പീന്നീട് തുടർച്ചയായ മൂന്നുതവണയും അദ്ദേഹം തന്നെയാണ് അവിടെ നിന്ന് വിജയിച്ചത്.
2019ലെ തിരഞ്ഞെടുപ്പിൽ 99,989 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച തരൂരിന് 2014 തിരഞ്ഞെടുപ്പിൽ 15,470 വോട്ടുകളുടെ ഭൂരിപക്ഷവും 2009 ലെ ആദ്യ തിരഞ്ഞെടുപ്പിൽ 99998 വോട്ടുകളുടെ ഭൂരിപക്ഷത്തിലുമായിരുന്നു ലോക്‌സഭയിലെത്തിയത്. അതുകൊണ്ട് തന്നെ ഇക്കിയും അനായസം വിജയിച്ചു കയറാമെന്നാണ് തരൂരിന്റെ പ്രതീക്ഷ. മണ്ഡലത്തിൽ തരൂർ തന്നെയാകും മത്സരിക്കുക എന്ന കാര്യം ഹൈക്കമാൻഡും ഉറപ്പിച്ചിട്ടുണ്ട്. മറുവശത്ത് പത്മനാഭന്റെ മണ്ണിൽ സാക്ഷാൽ നരേന്ദ്ര മോദി തന്നെ പോരിനിറങ്ങുമെന്ന ശ്രുതി ഉയർന്നിരുന്നു. ഇക്കുറി തിരുവനന്തപുരത്തേക്കാൾ തൃശ്ശൂർ മണ്ഡലത്തിലാണ് ബിജെപി കണ്ണുവെക്കുന്നത്. സുരേഷ് ഗോപിയിലൂടെ മണ്ഡലം പിടിക്കാമെന്നാണ് ബിജെപിയുടെ കണക്കുൂട്ടൽ.