- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസുകാരനായ ഞാൻ എന്തിന് ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കണം?
തിരുവനന്തപുരം: അയോധ്യയിൽ പണിത രാമക്ഷേത്രത്തിലെ രാമലല്ലയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ കടുത്ത വിമർശനങ്ങളാണ് കോൺഗ്രസ് നേതാവ് ശശി തരൂരിന് നേരിടേണ്ടി വന്നത്. ഇന്ന് എസ്എഫ്‌ഐ പ്രവർത്തകർ പരസ്യ പ്രതികരണങ്ങളുമായി രംഗത്തു വരികയും ചെയ്തു. ഇതോടെ ഈ വിഷയത്തിൽ പ്രതികരിച്ചു തരൂർ രംഗത്തെത്തി. താൻ എന്താണ് ഉദ്ദേശിച്ചതെന്ന് വിശദീകരിച്ചു കൊണ്ടാണ് തരൂർ രംഗത്തെത്തിയത്.
തന്റെ ട്വീറ്റ് തെറ്റായി വ്യാഖ്യാനിച്ചെന്നും ഒരുവരി ട്വീറ്റിന്റെ പേരിൽ താൻ സെക്യുലർ അല്ലെന്നാണ് എസ്.എഫ്.ഐയും അവരെ പിന്തുണയ്ക്കുന്ന ചിലരും പറയുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. 'സിയാവർ രാമചന്ദ്ര കീ ജയ്' എന്നായിരുന്നു അയോധ്യ പ്രതിഷ്ഠ ദിനത്തിൽ രാം ലല്ലയുടെ ചിത്രത്തിനൊപ്പം തരൂർ കുറിച്ചത്. തന്റെ ട്വീറ്റിൽ, ജയ് ശ്രീറാം എന്നത് രാഷ്ട്രീയ മുദ്രാവാക്യമായതിനാൽ ബോധപൂർവമാണ് 'സിയാറാം' എന്ന് എഴുതിയതെന്നും തരൂർ വ്യക്തമാക്കി.
കോൺഗ്രസുകാരനായ താൻ എന്തിന് ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കുന്നു എന്നും തരൂർ ചോദിച്ചു. ബിജെപിയുടെ ആഗ്രഹം അതായിരിക്കുമെന്നും എന്നാൽ താൻ ബിജെപിക്ക് രാമനെ വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും തരൂർ വ്യക്തമാക്കി. രാമനെ പ്രാർത്ഥിക്കുന്ന ഹിന്ദുക്കളെല്ലാം ബിജെപിയല്ല. സ്വന്തം രീതിയിൽ വിശ്വാസത്തെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കണം. താൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാൻ വേണ്ടിയാണെന്നും തരൂർ വിശദമാക്കി.
ലോ കോളേജിൽ പരിപാടിക്ക് എത്തിയ തരൂരിനെതിരെ എസ്എഫ്‌ഐ പ്രതിഷേധിച്ചിരുന്നു. രാഷ്ട്രീയത്തിനല്ല, എസ്എഫ്‌ഐയുടെ പ്രതിഷേധം തന്റെ മതേതരത്വത്തിൽ സംശയിച്ചാണെന്നും തരൂർ വ്യക്തമാക്കി. ഒരു വരി ട്വീറ്റിന്റെ പേരിൽ താൻ സെക്യുലർ അല്ല എന്നാണ് എസ്എഫ്‌ഐ പറയുന്നതെന്നും തരൂർ വിമർശിച്ചു. ഇത്രയൂം കാലം താൻ എഴുതിയതും പറഞ്ഞതിലൂടെയുമെല്ലാം തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു കൂടുതൽ പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് തവണ ബിജെപി സ്ഥാനാർത്ഥിയെ തോൽപ്പിച്ചു പാർലമെന്റിൽ എത്തിയ വ്യക്തിയാണ് താനെന്നും തരൂർ ഓർമ്മിപ്പിച്ചു. തന്റെയും തന്റെ പാർട്ടിയുടെയും നിലപാട് വ്യക്തമാണെന്നും എസ്എഫ്‌ഐക്ക് പ്രതിഷേധിക്കാൻ ഉള്ള അവസരം കെ.എസ്.യു കൊടുക്കണമെന്നും തരൂർ കൂട്ടിച്ചേർത്തു. അവർക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന്, സമർക്കാർക്കു നേരെ കൈകൂപ്പിയും കൈവീശിയും അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്രത്തിൽ പോകുമെന്ന പരാമർശം ആവർത്തിച്ച തരൂർ, ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാനാണെന്നും രാഷ്ട്രീയത്തിനല്ലെന്നും വ്യക്തമാക്കി. 'സീയാവർ രാമചന്ദ്ര കീ ജയ്' (Hai Tamchandra to Siyar) എന്ന് തരൂർ എക്സിൽ കുറിച്ചതിന് പിന്നാലെയാണ് വിമർശം ഉയർന്നത്.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിനെ പിന്തുണച്ചുവെന്നാരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകർ ശശി തരൂരിനെതിരെ തിരുവനന്തപുരം ലോ കോളജിൽ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. നേരത്തെ അയോധ്യ പ്രതിഷ്ഠാ ചടങ്ങുകൾ തിരഞ്ഞെടുപ്പിന് ഗുണം കിട്ടാനുള്ള ബിജെപി തന്ത്രമാണെന്ന് ശശി തരൂർ നേരത്തേ വിമർശനമുന്നയിച്ചിരുന്നു. പുരോഹിതരല്ല പകരം പ്രധാനമന്ത്രിയാണ് ചടങ്ങിന് നേതൃത്വം നൽകുന്നതെന്നും അതിലെ രാഷ്ട്രീയാർത്ഥം കാണണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഹിന്ദു വിശ്വാസത്തെ കോൺഗ്രസ് അവഹേളിച്ചിട്ടില്ലെന്നും ഉദ്ഘാടനം കഴിഞ്ഞാൽ രാമക്ഷേത്രം സന്ദർശിക്കുമെന്നും ശശി തരൂർ വ്യക്തമാക്കിയിരുന്നു. പ്രതിഷ്ഠാ ചടങ്ങ് കോൺഗ്രസ് ബഹിഷ്‌കരിച്ചിരുന്നു. അഞ്ച് വയസുള്ള ബാലനായ രാമനാണ് അയോധ്യയിലെ പ്രതിഷ്ഠ. താൽക്കാലിക ക്ഷേത്രത്തിൽ ആരാധിച്ചിരുന്ന രാംലല്ല വിഗ്രഹമടക്കമുള്ളവയും പ്രതിഷ്ഠിച്ചിട്ടുണ്ട്. കൃഷ്ണശിലയിൽ തീർത്തതാണ് രാംലല്ല.
രാംലല്ല വിഗ്രഹത്തിന്റെ കണ്ണു മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയതോടെയാണ് പ്രതിഷ്ഠാ ചടങ്ങുകൾ പൂർണമായത്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യഗോപാൽ ദാസ് തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം ചടങ്ങുകളിൽ പങ്കെടുത്തു.