കണ്ണൂർ: പിണറായി സർക്കാരിന്റെ തുടർഭരണത്തിൽ തങ്ങൾക്കോ ജനങ്ങൾക്കോ തൃപ്തിയില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്തുകൊണ്ടെന്നാൽ സർക്കാരിന്റെ കൈയിൽ കാശില്ല. അർഹതപ്പെട്ട വിഹിതം കേന്ദ്രസർക്കാർ നൽകുന്നുമില്ല. ജനങ്ങൾക്ക് ഏറെ ആശ്വാസം പകർന്ന സർക്കാരായിരുന്നു കഴിഞ്ഞതവണത്തേത്. അതേ ഭരണം തുടരണമെങ്കിൽ വലിയ തോതിലുള്ള ബാധ്യത ഏറ്റെടുക്കേണ്ട സ്ഥിതിയാണ്.

1,07500 കോടി രൂപയുടെ ആനുകൂല്യമാണ് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നൽകാനുള്ളത്. ഇക്കൊല്ലം മാത്രം 64000 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ട്. ഇതൊന്നും മോദി സർക്കാരിന്റെ ഔദാര്യമല്ലെന്നോർക്കണം. കേരളത്തിന് അവകാശപ്പെട്ട തുകയാണ്. ഇത്രയും തുക പിടിച്ചുവയക്കുക വഴി ക്ഷേമപ്രവർത്തനങ്ങൾക്കടക്കം തുരങ്കം വയ്ക്കുകയാണ് കേന്ദ്രം. കേന്ദ്ര സർക്കാരിന്റെ അവഗണന സംസ്ഥാന സർക്കാരിനോടല്ല, ഇവിടുത്തെ ജനങ്ങളോടാണ്. ഇതിനെതിരേ ശബ്ദമുയർത്താൻ കേരളത്തിൽ നിന്നുള്ള 18 എംപിമാരും തയാറായില്ല. പാർലമെന്റിൽ അവർ എന്തെങ്കിലും മിണ്ടിയിട്ടുണ്ടെങ്കിൽ അത് കേരളത്തിന് എതിരേയാണ്. ഈ 18 എംപിമാരുടെയും മണ്ഡലം എടുത്ത് പരിശോധിച്ചാൽ മനസിലാകും വട്ടപ്പൂജ്യമായിരുന്നു അവരുടെ പ്രകടനം എന്നത്.

കേന്ദ്ര അവഗണനയ്ക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള സംഘം ഓരോ മണ്ഡലവും സന്ദർശിച്ച്് ലക്ഷക്കണക്കിന് ആളുകളുമായി സംവദിച്ചു. കേന്ദ്ര സർക്കാരിന്റെ അവഗണന തന്നെയാണ് അതിൽ പ്രധാനമായും എടുത്തുപറഞ്ഞത്. സർക്കാർ നടപ്പാക്കിവരുന്ന പ്രവർത്തനങ്ങളും നടത്താൻ പ്രയാസമുള്ള പ്രവർത്തനങ്ങളും എന്തെന്ന് ജനങ്ങളോട് വിശദീകരിച്ചു. ഈ കാര്യങ്ങളൊക്കെ തിരഞ്ഞെടുപ്പ് സമയത്തും ജനങ്ങളോട് വിശദീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ മാധ്യമങ്ങൾ അജൻഡകളുമായി മുൻപോട്ടുവരുന്നതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. മലയാളത്തിലെഒരു പ്രമുഖ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ട, തങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിന് കോർപറേറ്റുകൾ സൃഷ്ടിക്കുന്നതാണ് മൂലധനസമാഹരണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഇന്നത്തെ മാധ്യമ അജൻഡകൾ.

വാർത്തകൾ സംഭവിക്കുന്നതിനുപകരം അവ ഉൽപ്പാദിപ്പിക്കുകയാണ് പുതിയ കാലത്ത്. കള്ളവും അർധസത്യങ്ങളുമൊക്കെ ചേർത്ത് ജനമനസിനെ വശീകരിക്കും വിധം ഇവരുടെ വർഗതാൽപര്യങ്ങൾ കൂടി ഉൾചേർത്താണ് മിക്ക വാർത്തകളും നിർമ്മിക്കുന്നത്. ഇത്തരത്തിലുള്ള വാർത്താ നിർമ്മാണത്തിന്റെ എറ്റവും വലിയ കേന്ദ്രമാണ് കേരളം. കേരളത്തിൽ നിർമ്മിക്കപ്പെടുന്ന ഇത്തരം വാർത്തകളുടെ വലിയ പ്രത്യേകത ഇടതുപക്ഷ വിരുദ്ധമാണെന്നതാണ്, പ്രത്യേകിച്ച് സിപിഎം വിരുദ്ധം.

ഇത്തരത്തിൽ സിപിഎമ്മിനെതിരേ വാർത്തകൾ പടച്ചുവിടുന്ന മറ്റൊരു സംസ്ഥാനവും ഇന്ത്യയിലില്ല. ലോകത്തുപോലുമില്ല. കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ ഏറ്റവും വലിയ താവളം കേരളത്തിലെ മാധ്യമ ശൃംഖലയാണ്. അതിന്റെ അടിസ്ഥാനം വർഗപരമാണ്. ഇത് കൃത്യമായി ആസൂത്രണം ചെയ്ത് ഉണ്ടാക്കുന്നതാണ്. മുഖ്യമന്ത്രിക്കെതിരേയും കുടുംബത്തിനെതിരേയും വരുന്ന ഓരോ വാർത്തയും എടുത്ത് പരിശോധിച്ചാൽ അതു ബോധ്യമാകും. അത് തിരിച്ചറിയാൻ ജനങ്ങൾക്കു കഴിഞ്ഞുവെന്നതിന്റെ സാക്ഷ്യമാണ് പിണറായി സർക്കാർ രണ്ടാമതും അധികാരത്തിലേറിയത്. മാധ്യമങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചതല്ല രണ്ടാം പിണറായി സർക്കാരിന്റെ വരവ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന മിക്ക സർവേകളും തുടർഭരണം പ്രവചിച്ചതേയില്ല. പക്ഷെ, എൽ.ഡി.എഫ് ഭരണം തുടരുന്നതാണ് നല്ലതെന്ന് ജനങ്ങൾ തീരുമാനിച്ചുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.