കൊച്ചി: ബിജെപിയുടെ പിൻബലത്തിൽ തുടങ്ങിയ നാഷണൽ പ്രോഗ്രസീവ് പാർട്ടി പ്രതിസന്ധിയിൽ. പാർട്ടി രൂപീകരിച്ച് അഞ്ചുമാസമാകുമ്പോഴേക്കും, കൊഴിഞ്ഞുപോക്കിന്റെ ബഹളമാണ്. ജോണി നെല്ലൂരും, മാത്യു സ്റ്റീഫനും എൻപിപി വിട്ടതിന് പിന്നാലെ, ജനറൽ സെക്രട്ടറി സ്ഥാനത്ത്‌ നിന്ന് ഹിന്ദു പാർലമെന്റ് നേതാവായ സി പി സുഗതൻ രാജി വച്ചു. ഹിന്ദു പാർലമെന്റും അതിന്റെ രാഷ്ട്രീയ വിഭാഗമായ ജനസഭയും എൻപിപിക്ക് നൽകിയ പിന്തുണയും പിൻവലിച്ചു.

പിന്തുണ പിൻവലിക്കാനായി സി പി സുഗതൻ തന്റെ രാജി കത്തിൽ നിരത്തിയിരിക്കുന്ന കാരണങ്ങളിൽ നിന്നുതന്നെ പാർട്ടി വിടരും മുമ്പേ കൊഴിയുകയാണെന്ന് വ്യക്തമാണ്. ഹിന്ദു പാർലമെന്റ് എൻപിപിക്ക് പിന്തുണ പിൻവലിക്കാനുള്ള കാരണങ്ങൾ ഇങ്ങനെയാണ്

1. സാങ്കേതികമായി എൻപിപി വായൂവിലുള്ള പാർട്ടിയാണ്. രജിസ്‌ട്രേഷൻ കിട്ടിയിട്ടില്ലെന്ന് മാത്രമല്ല, നേതൃത്വം അതിനായി ഉത്സാഹിക്കുന്നുമില്ല.

2.വ്യക്തമായ നയമോ മാർഗ്ഗരേഖകളോ പാർട്ടിക്കില്ല. എൻഡിഎയുടെ ഘടകകക്ഷി ആകുന്നെങ്കിൽ മാത്രമേ ഹിന്ദു പാർലമെന്റ് പിന്തുണയ്ക്കുകയുള്ളു എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ആർക്കാണ് പിന്തുണ എന്ന കാര്യത്തിൽ വ്യക്തതയില്ല.

3. പാർട്ടി രൂപീകരിക്കാൻ മുൻകൈയെടുത്ത ജോണി നെല്ലൂരും മാത്യു സ്റ്റീഫനും അടക്കമുള്ളവർ പാർട്ടി വിട്ടു.

4.ക്രിസ്ത്യൻ സമുദായങ്ങളുടെയും ബിഷപ്പുമാരുടെയും പിന്തുണ ഉണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും നിലവിൽ ആരുടെയും പിന്തുണയില്ല. പാർട്ടി കമ്മിറ്റികൾ രൂപീകരിക്കാൻ പോലും ആളില്ല. ഹിന്ദു പാർലമെന്റ് അംഗങ്ങളാണ് നിലവിൽ ഇതിനെല്ലാം ഓടേണ്ടത്.

5. ബിജെപി കേരള ഘടകത്തിന്റെ പിന്തുണ ഉണ്ടോ എന്നുപോലും എൻപിപിക്ക് അറിയില്ല.

മല പോലെ വന്നു..പക്ഷേ

ഏപ്രിൽ 22 നായിരുന്നു നാഷണൽ പ്രോഗസീവ് പാർട്ടിയുടെ പ്രഖ്യാപനം. ക്രൈസ്തവ വോട്ട് ബാങ്ക് ലക്ഷ്യമിട്ടായിരുന്നു നിർണായക നീക്കം. വി വി അഗസ്റ്റിൻ ചെയർമാനും ജോണി നെല്ലൂർ വർക്കിങ് ചെയർമാനുമായി എറണാകുളത്തായിരുന്നു പാർട്ടി പ്രഖ്യാപനം. ജോണി നെല്ലൂരും, മാത്യു സ്റ്റീഫനും അടക്കമുള്ള നേതാക്കൾ കേരള കോൺഗ്രസ് ജോസഫിൽ നിന്ന് രാജിവച്ചാണ് എൻപിപിയിലേക്ക് ചേക്കേറിയത്. നാഷണൽ പ്രോഗസീവ് പാർട്ടിക്ക് ഒരു മുന്നണിയുമായും അടുപ്പമില്ലെന്ന് ചെയർമാൻ വിവി അഗസ്റ്റിൻ പറഞ്ഞെങ്കിലും, ബിജെപിയോടുള്ള ചായ് വ് ഒരുവിഭാഗം പ്രകടമാക്കിയതോടെ ഭിന്നത ഉടലെടുക്കുകയായികുന്നു. ദേശീയ ന്യൂനപക്ഷ കമ്മിഷൻ മുൻ അംഗവും കത്തോലിക്കാ കോൺഗ്രസ് മുൻ ഗ്ലോബൽ അധ്യക്ഷനുമാണ് അഡ്വ. വി.വി. അഗസ്റ്റിൻ. റബർ ഫാർമേഴ്സ് ഫെഡറേഷൻ എന്ന സംഘടനയുടെ അധ്യക്ഷൻ കൂടിയാണ് ഇദ്ദേഹം.

ഒരു പാർട്ടിയുടെ കീഴിലും നാഷണൽ പ്രോഗസീവ് പാർട്ടി പ്രവർത്തിക്കില്ലെന്നും കാർഷിക മേഖലയുടെ ഉന്നമനമാണ് പ്രധാന ലക്ഷ്യമെന്നും റബറിന് 300 രൂപ വില ലഭിക്കാനായി സമരരംഗത്ത് ഉണ്ടാകുമെന്നുമാണ് പാർട്ടി രൂപീകരണ വേളയിൽ വി വി അഗസ്റ്റിൻ പറഞ്ഞത്. കേന്ദ്രസർക്കാരിനോട് എതിർപ്പുമില്ല പ്രത്യേക സ്‌നേഹവുമില്ല, ബിജെപി നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ല എന്നൊക്കെയാണ് അന്ന് വിശദീകരിച്ചത്.

ക്രിസ്ത്യൻ വോട്ടുകൾ പെട്ടിയിലാക്കാൻ തന്ത്രമോ?

ബിജെപിയോട് അകലം പാലിക്കുന്ന ക്രിസ്ത്യൻ മതവിഭാഗങ്ങളിലേക്ക് വളഞ്ഞ വഴിയിലൂടെ കയറുന്നതിനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണ് പുതിയ പാർട്ടി പ്രഖ്യാപനമെന്ന ആരോപണം ഉയർന്നിരുന്നു. ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ പുതിയ കർഷക പാർട്ടി രൂപീകരിച്ച് മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യൻ കർഷകരെ ആകർഷിച്ച് പാർട്ടിയിലെത്തിക്കാൻ ശ്രമമെന്നായിരുന്നു സംസാരം.

റബ്ബറിന്റെ വിലത്തകർച്ചക്കെതിരെ തലശേരി ബിഷപ്പ് ജോസഫ് പാംപ്ലാനി വെടി പൊട്ടിച്ചതിന് പിന്നാലെയാണ് ജോണി നെല്ലൂരിന്റെ പാർട്ടി പ്രഖ്യാപനം. ഇതോടെയാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം ഉപേക്ഷിച്ച് ജോണി നെല്ലൂർ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. പുതിയ പാർട്ടി നീക്കത്തിന് പിന്തുണയുമായി കേരള കോൺഗ്രസ് നേതാവ് മാത്യു സ്റ്റീഫനും രംഗത്തുവന്നു. കേരള കോൺഗ്രസ് വിട്ട അദ്ദേഹം ജോണി നെല്ലൂരിനൊപ്പം ചേർന്നു.

നയരാഹിത്യം വിനയായി; ജോണി നെല്ലൂരും പാർട്ടി വിട്ടു

അവിടെയും ഇവിടെയും തൊടാത്ത സമീപനം എൻപിപിക്ക് ഗുണം ചെയ്തില്ല. എൻപിപിയിൽ ചിലർക്ക് ബിജെപി അജണ്ടയുണ്ടെന്ന് മനസ്സിലായതോടെയാണ് പാർട്ടി വിട്ടതെന്ന് ജോണി നെല്ലൂർ തുറന്നുപറഞ്ഞിരുന്നു. മതേതര ബോധ്യമില്ലാത്ത ഒരു പാർട്ടിയിലും ചേർന്ന് പ്രവർത്തിക്കേണ്ടെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ന്യൂനപക്ഷങ്ങൾക്ക് ഒരിക്കലും ബിജെപി സഖ്യം ഗുണകരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ പാർട്ടിയിലും ചിലർക്ക് ബിജെപി അജണ്ടയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ താൻ പ്രവർത്തനം നിർത്തുകയായിരുന്നു. മതേതര ബോധ്യമില്ലാത്ത ഒരു പാർട്ടിയിലും ചേർന്ന് പ്രവർത്തിക്കേണ്ടെന്നാണ് തന്റെ നിലപാട്. രണ്ട് മുന്നണിയിൽ പോയാലും വർഗീയ നിലപാടുള്ളവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത് ഭൂഷണമല്ലെന്ന് മനസിലാക്കിയാണ് പ്രവർത്തനം അവസാനിപ്പിച്ചതെന്നും ജോണി പറഞ്ഞിരുന്നു.

ക്രൈസ്തവ സഭകൾ ഒരിക്കലും ബിജെപി അനുകൂല നിലപാട് എടുത്തിട്ടില്ല. റബർ വിലയിടിവ്, വന്യമൃഗശല്യം, ബഫർ സോൺ അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരുമായി ചില ചർച്ചകൾ നടത്തിയെന്ന് മാത്രം. അത് കർഷക താൽപര്യമനുസരിച്ചായിരുന്നു.
അല്ലാതെ സഖ്യമായിരുന്നില്ല ലക്ഷ്യം. ന്യൂനപക്ഷങ്ങൾക്ക് ഒരിക്കലും ബിജെപി സഖ്യം ഗുണകരമല്ല. അവർ ഒരിക്കലും അവരുടെ ഫാസിസ്റ്റ് നിലപാട് മാറ്റില്ല. കൂടെയുള്ള വർഗീയ വാദികളെ നിയന്ത്രിക്കാനും അവർക്ക് കഴിയില്ല. അതുകൊണ്ട് തന്നെ ബിജെപിയെയും സംഘ്പരിവാറിനെയും ന്യൂനപക്ഷങ്ങൾ ഭീതിയോടെയാണ് കാണുന്നത്. മണിപ്പൂരിൽ നടക്കുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയല്ലേ, എന്നും ജോണി നെല്ലൂർ ചോദിച്ചിരുന്നു.

ക്രൈസ്തവ മേഖലകൾ, പ്രത്യേകിച്ച് കത്തോലിക്കാ ഭൂരിപക്ഷ മേഖലകളിലെ വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് ജോണി നെല്ലൂരിനേയും കൂട്ടരെയും ഒപ്പം നിർത്താൻ ബിജെപി നേതൃത്വം ഒരുങ്ങിയതെന്ന് വാർത്തകൾ വന്നിരുന്നു. ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലർ ദേശീയ പാർട്ടി രൂപവൽകരിക്കാൻ ആലോചന നടക്കുന്നുവെന്നും പാർട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും ജോണി നെല്ലൂർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒടുവിൽ ഹിന്ദു പാർലമെന്റും പിന്തുണ പിൻവലിച്ചു

വ്യക്തമായ നയമോ മാർഗ്ഗരേഖകളോ പാർട്ടിക്കില്ല. എൻഡിഎയുടെ ഘടകകക്ഷി ആകുന്നെങ്കിൽ മാത്രമേ ഹിന്ദു പാർലമെന്റ് പിന്തുണയ്ക്കുകയുള്ളു എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, ആർക്കാണ് പിന്തുണ എന്ന കാര്യത്തിൽ വ്യക്തതയില്ല: ഈ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഹിന്ദു പാർലമെന്റ് പിന്തുണ പിൻവലിച്ചപ്പോൾ എൻപിപിയുടെ ഭാവി ചോദ്യചിഹ്നമാകുകയാണ്.