തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന കോൺഗ്രസ് നിലപാടിനെ പരോക്ഷമായി വിമർശിച്ച് എൻഎസ്എസ്. രാഷ്ട്രീയം പറഞ്ഞ് അയോധ്യ ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നത് ഈശ്വര നിന്ദയാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കേണ്ടത് ഈശ്വര വിശ്വാസിയുടെ കടമയാണെന്നും എൻഎസ്എസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. കോൺഗ്രസിന്റെ പേര് പറയാതെയാണ് വിമർശനം. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് കോൺഗസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് വിമർശനവുമായി രംഗത്തെത്തിയത്.

അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കാനുള്ള കോൺഗ്രസ് ഹൈക്കമാന്റ് തീരുമാനം ഉചിതവും സ്വാഗതാർഹവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം.സുധീരൻ പറഞ്ഞു. ജവഹർലാൽ നെഹ്‌റുവും ഇന്ദിരാഗാന്ധിയും ഉയർത്തിപ്പിടിച്ച മതേതര മൂല്യങ്ങളെ കൂടുതൽ ശക്തിപ്പെടുത്താൻ ധീരമായ ഈ തീരുമാനം ഇടവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിലേക്കുള്ള ക്ഷണം കിട്ടിയ നേതാക്കൾ പങ്കെടുക്കില്ലെന്നാണ് കോൺഗ്രസിന്റെ തീരുമാനം. ആദരവോടെ ക്ഷണം നിരസിക്കുന്നുവെന്നും കോൺഗ്രസ് അറിയിച്ചു. ആർഎസ്എസ്, ബിജെപി പരിപാടിയെന്ന് വ്യക്തമാക്കിയാണ് ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ കോൺഗ്രസിന്റെ തീരുമാനം. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭാ കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ക്ഷണമുണ്ടായിരുന്നത്.

ജനുവരി 22നു നടക്കുന്ന പരിപാടിയിലേക്ക് ശ്രീരാമ തീർത്ഥ ട്രസ്റ്റ് ഇവരെ നേരിൽ സന്ദർശിച്ചാണ് ക്ഷണിച്ചത്. കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ച് പ്രസ്താവനയിറക്കിയത്. ചടങ്ങിനെ ബിജെപിയും ആർഎസ്എസും രാഷ്ട്രീയവൽക്കരിക്കുന്നുവെന്നും നിർമ്മാണം പൂർത്തിയാക്കാത്ത ക്ഷേത്രത്തിലെ ചടങ്ങ് ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടെന്നും വിലയിരുത്തിയാണ് വിട്ടുനിൽക്കാനുള്ള കോൺഗ്രസിന്റെ തീരുമാനം.

"മതം വ്യക്തിപരമായ കാര്യമാണ്. എന്നാൽ ആർഎസ്എസും ബിജെപിയും അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തെ രാഷ്ട്രീയ പദ്ധതിയായാണ് വിഭാവനം ചെയ്തത്. അപൂർണമായ ക്ഷേത്രത്തിന്റെ ഉദ്ഘാടനം ബിജെപിയും ആർഎസ്എസും തിരഞ്ഞെടുപ്പു നേട്ടത്തിന് വേണ്ടി കൊണ്ടുവന്നതാണ്. 2019 ലെ സുപ്രീം കോടതി വിധിയെ ബഹുമാനിക്കുകയും ശ്രീരാമനെ ബഹുമാനിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെ മാനിക്കുകയും ചെയ്യുമ്പോൾ, പരിപാടിയിലേക്കുള്ള മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, അധിർ രഞ്ജൻ ചൗധരി എന്നിവർക്കുള്ള ക്ഷണം ആദരപൂർവം നിരസിക്കുന്നു" പ്രസ്താവനയിൽ പറയുന്നു.

കോൺഗ്രസിന് ക്ഷണം ലഭിച്ച വിവരം ആദ്യം പുറത്തു വിടുന്നത് ദ്വിഗ് വിജയ് സിംഗാണ്. ക്ഷണം സോണിയ ഗാന്ധി സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചെന്നും സോണിയയോ അല്ലെങ്കിൽ അവർ നിർദ്ദേശിക്കുന്ന സംഘമോ അയോധ്യയിലേക്ക് പോകുമെന്നും ദ്വിഗ് വിജയ്സിങ് പറഞ്ഞിരുന്നു. അയോധ്യയിലെ ചടങ്ങിൽ പങ്കെടുക്കണമെന്ന നിലപാടാണ് ദ്വിഗ് വിജയ്സിങ് ഉന്നയിക്കുന്നത്. പിന്നീട് കോൺഗ്രസ് പങ്കെടുക്കുമെന്ന വാർത്തകൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു.

ഇന്ത്യ സഖ്യത്തിലുൾപ്പെടെ സമ്മർദ്ദം ശക്തമായി. അതിനിടയിലാണ് വീണ്ടും പ്രതിഷ്ഠാദിനത്തെ കുറിച്ച് പരാമർശവുമായി ദ്വിഗ് വിജയ്സിങ് വീണ്ടും രംഗത്തെത്തി. ശ്രീരാമൻ ഹൃദയത്തിലുണ്ട്. എന്നാൽ വിശ്വാസം മനസ്സിലുള്ള ആർക്കും ചടങ്ങിൽ പങ്കെടുക്കാമെന്ന് ദ്വിദ് വിജയ്സിംങ് പറഞ്ഞിരുന്നു. പഴയവിഗ്രഹം എന്തുകൊണ്ട് ഉപേക്ഷിക്കുന്നുവെന്നും പുതിയ വിഗ്രഹം എന്തുകൊണ്ടാണെന്നും ചോദിച്ച ദ്വിഗ് വിജയ്സിങ് ചടങ്ങ് രാഷ്ട്രീവൽക്കരിക്കുകയാണെന്നും പറഞ്ഞു.

ആദ്യഘട്ടത്തിൽപോവുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്ത്യ സഖ്യത്തിലെ സമ്മർദ്ദത്തെ തുടർന്ന് പ്രതിസന്ധിയിലാവുകയായിരുന്നു. തുടർന്നാണ് നേതാക്കൾ പങ്കെടുക്കുന്ന കാര്യത്തിൽ അഭിപ്രായം കോൺഗ്രസ് വ്യക്തമാക്കുന്നത്. പ്രതിപക്ഷ ഇന്ത്യ മുന്നണിയുടെ ഭാഗമായ തൃണമൂൽ കോൺഗ്രസ്, മുസ്ലിം ലീഗ്, സിപിഎം തുടങ്ങിയ കക്ഷികൾ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.