തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കാനുള്ള കോൺ?ഗ്രസ് നേതാക്കളുടെ തീരുമാനത്തിൽ പരോക്ഷ വിമർശനവുമായി എൻ.എസ്.എസ് രംഗത്തു വരുമ്പോൾ എല്ലാ ശ്രദ്ധയും മന്ത്രി കെബി ഗണേശ് കുമാറിലേക്ക്. ഗണേശിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇടതു മന്ത്രിസഭയിലെ അംഗമായ ഗണേശ് എൻ എസ് എസിന്റെ ഡയറക്ടർ ബോർഡ് അംഗമാണ്. രാഷ്ട്രീയത്തിന്റെ പേരിൽ ചടങ്ങ് ബഹിഷ്‌കരിക്കുന്നത് ഈശ്വരനിന്ദയാണെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്താക്കുറിപ്പിൽ വിമർശനം ഉന്നയിക്കുമ്പോൾ എൻ എസ് എസിന്റെ ഭാഗമായ ഗണേശ് എന്തു തീരുമാനം എടുക്കുമെന്നത് ശ്രദ്ധേയമാണ്.

രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ കഴിയുമെങ്കിൽ പങ്കെടുക്കേണ്ടത് ഏതൊരു ഈശ്വര വിശ്വാസിയുടേയും കടമയാണ്. അതിന് ജാതിയോ മതമോ നോക്കേണ്ടതില്ല. ഈശ്വരവിശ്വാസത്തിന്റെ പേരിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണഘട്ടം മുതൽ എൻ.എസ്.എസ് സഹകരിച്ചിരുന്നു. ഏതെങ്കിലും പാർട്ടിക്ക് വേണ്ടിയല്ല എൻ.എസ്.എസ്. നിലപാടെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് ഗണേശ് അയോധ്യയിലേക്ക് പോകുമോ എന്ന ചർച്ച വീണ്ടും ഉയരുന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയേയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ രാഷ്ട്രീയവുമായി വിശ്വാസത്തെ കൂട്ടിയോജിപ്പിക്കുന്നുവെന്ന ആരോപണത്തിൽ യെച്ചൂരി ക്ഷണം നിരസിച്ചു.

അയോധ്യയിലെ ചടങ്ങിനെ സിപിഎം അനുകൂലിക്കുന്നില്ലെന്ന പരോക്ഷ സൂചനയും നൽകി. അതുകൊണ്ട് തന്നെ ഗണേശിനോടും പോകരുതെന്ന ഉപദേശം സിപിഎം നൽകുമെന്നും റിപ്പോർട്ടെത്തി. ഇതിനിടെയാണ് എൻ എസ് എസ് ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ വിശ്വാസം മാത്രം കാണുന്നത്. ഈ സാഹചര്യത്തിൽ ഗണേശിന്റെ നിലപാട് നിർണ്ണായകമാണ്. സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ചടങ്ങിൽ പങ്കെടുക്കില്ലെന്ന എ.ഐ.സി.സി. പ്രസ്താവനയ്ക്ക് പിന്നാലെയാണ് എൻ.എസ്.എസ്. വാർത്താക്കുറിപ്പ്. എന്നാൽ കോൺഗ്രസിനെ പേരെടുത്ത് പറഞ്ഞ് വിമർശിക്കുന്നുമില്ല. ഇത് എൻ എസ് എസുമായി ചേർന്നു നിൽക്കുന്നവർക്കുള്ള സന്ദേശമാണെന്നും വിലയിരുത്തലുണ്ട്.

അതേസമയം, എൻ.എസ്.എസിന്റേത് വ്യക്തതയുള്ള നിലപാടാണെന്ന് ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രതികരിച്ചു. നിലപാട് ഹിന്ദുസമൂഹത്തിന് ആത്മവിശ്വാസം നൽകുന്നതാണ്. എൻ.എസ്.എസ് അഭിമാനമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ അധ്യക്ഷ സോണിയാ ഗാന്ധിയും പങ്കെടുക്കില്ലെന്ന് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിലാണ് മൂന്നിനായിരുന്നു നേതാക്കളെയും രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സംഘാടകർ ക്ഷണിച്ചത്. എന്നാൽ, ചടങ്ങിൽ പങ്കെടുക്കുന്ന കാര്യത്തിൽ കോൺഗ്രസ് തീരുമാനമെടുക്കാൻ വൈകിയിരുന്നു.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് സംസ്ഥാന ?ഗതാ?ഗത മന്ത്രി കെ.ബി. ഗണേശ്‌കുമാറിനെ വീട്ടിലെത്തി ക്ഷണിക്കുകയായിരുന്നു ആർഎസ്എസ്. പ്രാണപ്രതിഷ്ഷ്ഠാ മഹാസമ്പർക്കത്തിന്റെ ഭാഗമായാണ് നേതാക്കൾ മന്ത്രിയുടെ വീട്ടിലെത്തി ക്ഷണിച്ചത്. മന്ത്രിക്ക് അയോധ്യയിൽ നിന്നെത്തിച്ച അക്ഷതവും രാമക്ഷേത്രത്തിന്റെ ചിത്രവും നൽകി. പ്രാന്ത സഹസമ്പർക്ക പ്രമുഖ് സി.സി. ശെൽവൻ, കൊല്ലം വിഭാഗം സഹകാര്യ വാഹക് ജയപ്രകാശ്, ബിജെപി അഞ്ചൽ മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ്, സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് എന്നിവരാണ് കൊട്ടാരക്കര വാളകത്തെ വീട്ടിലെത്തി ക്ഷണിച്ചത്.

ഗണേശ് കുമാർ ചടങ്ങിന് പോകുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. നേരത്തെ നിശ്ചയിച്ചവരെയാണ് ക്ഷണിക്കുന്നത്. എൽഡിഎഫ് മന്ത്രിസഭയിലേക്ക് ഈയടുത്താണ് ഗണേശ് എത്തുന്നത്. മുന്നണിയിലെ പ്രധാന പാർട്ടിയായ സിപിഎം ചടങ്ങിന് പോകില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ ഗണേശിന്റെ നിലപാട് നിർണ്ണായകമാണ്.