- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മന്ത്രിയെ മന്നം സമാധിയിൽ പറഞ്ഞയച്ചത് മഞ്ഞുരുക്കാൻ; പിന്നാലെ ക്ഷേത്രം ഭരിക്കേണ്ടത് വിശ്വാസികളെന്ന പ്രഖ്യാപനവും; സുകുമാരൻ നായരെ രാധാകൃഷ്ണൻ കണ്ടത് ന്യൂനപക്ഷത്തെപ്പോലെ ഭൂരിപക്ഷ സമുദായവും ഒപ്പം വേണമെന്ന സെക്രട്ടറിയുടെ തിയറി പ്രകാരം; പിണറായിയും സമ്മതം മൂളി; ജാഥാകാലത്ത് എല്ലാവരേയും അടുപ്പിക്കാൻ ഗോവിന്ദൻ
കോട്ടയം: എൻ എസ് എസ് ആസ്ഥാനത്ത് മന്ത്രി കെ രാധാകൃഷ്ണനെ എത്തിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ തന്ത്രം. പാർട്ടിക്കാരു പോലും അറിയാതെ മന്ത്രി രാധാകൃഷ്ണൻ സുകുമാരൻ നായരെ കണ്ടത് ന്യൂനപക്ഷത്തെപ്പോലെ ഭൂരിപക്ഷ സമുദായവും ഒപ്പം വേണമെന്ന എം വി ഗോവിന്ദന്റെ മാക്സിസ്റ്റ് തിയറി പ്രകാരമെന്നാണ് സൂചന. എൽ ഡി എഫിന് തുടർ ഭരണം ഉണ്ടാകാതിരിക്കാൻ മുന്നിൽ നിന്നും കാര്യങ്ങൾ നീക്കിയ സുകുമാരൻ നായർക്ക് പിഴച്ചതോടെ ഇടതു സർക്കാരും എൻ എസ് എസും തമ്മിൽ അടുക്കാൻ പറ്റാത്ത വിധം അകന്നിരുന്നു. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ ന്യൂനപക്ഷ പ്രീണനം കൂടി ഏറിയതോടെ അവസരം കിട്ടിയപ്പോഴെല്ലാം സർക്കാരിനെതിരെ ആഞ്ഞടിക്കാൻ സുകുമാരൻ നായർ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിലും എൻ എസ് എസിനെ കടന്നാക്രമിക്കേണ്ടതില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. ഇത് മുഖ്യമന്ത്രി പിണറായി വിജയനും അംഗീകരിച്ചിട്ടുണ്ട്.
പിണറായിയുമായി സുകുമാരൻ നായർ തെറ്റിലായതു കൊണ്ട് തന്നെ ചങ്ങനാശ്ശേരിയില എൻ എസ് എസ് ആസ്ഥാനത്തേക്കുള്ള വഴി സി പി എം നേതാക്കൾ പലരും മറന്നു പോകുകയോ മനഃപൂർവ്വം പോകാതിരിക്കുകയോ ചെയ്തിരുന്നു. അങ്ങനെയുണ്ടായ വിടവ് നികത്താൻ മഞ്ഞുരുകലിനാണ് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനെ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പെരുന്നയിലേക്ക് അയച്ചത്. സർക്കാരിലെ സൗമ്യ മുഖമായ കെ രാധാകൃഷ്ണനോടു സുകുമാരൻ നായർ ഇടഞ്ഞു സംസാരിക്കില്ലന്ന ഗോവിന്ദന്റെ കണക്കു കൂട്ടലും ശരിയായി. ഇതിനൊപ്പം വിശ്വാസികളേയും ചേർത്തു നിർത്തുമെന്ന സന്ദേശം ഗോവിന്ദൻ നൽകി. പാർട്ടി നേതൃത്വമല്ല വിശ്വാസികളാണ് ക്ഷേത്രഭരണം കൈകാര്യം ചെയ്യേണ്ടതെന്ന് ഗോവിന്ദൻ വ്യക്തമാക്കിയിട്ടുണ്ട്.
ദേവസ്വം ബോർഡ് ഭരണസമിതിയിൽ സജീവ രാഷ്ട്രീയ പ്രവർത്തകർ വേണ്ടെന്ന ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട ഇ.പി ജയരാജന്റെ നിലപാട് തള്ളിക്കൊണ്ടാണ് പാർട്ടി സെക്രട്ടറിയുടെ പ്രതികരണം. രാജ്യത്തെ എല്ലാ പാർട്ടികൾക്കും ഇന്ത്യൻ പ്രധാനമന്ത്രിക്കും ഇത് ബാധകമാകണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാർട്ടി കമ്മിറ്റിയിലുള്ള ആളുകളിൽ വിശ്വാസികളായ ആളുകളുണ്ടാകും. അവർക്ക് ക്ഷേത്ര കമ്മിറ്റിയിൽ അംഗങ്ങളാകുന്നതിൽ തടസമില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ഏതായാലും എൻ എസ് എസിന്റെ നിലപാട് വിശ്വാസികൾക്ക് ക്ഷേത്ര ഭരണം നൽകണമെന്നതാണ്. അതിന് അടുത്ത് എത്തുകയാണ് ഗോവിന്ദനും. ഈ തിയറിയോട് മുഖ്യമന്ത്രി പിണറായി വിജയനും യോജിച്ചു.
എൻ എസ് എസ് കൂടുതൽ അകന്നത് 2018ലാണ്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ യുദ്ധം പ്രഖ്യാപിച്ച സുകുമാരൻ നായർ ചങ്ങനാശ്ശേരിയിൽ വിശ്വാസികളെ അണി നിരത്തി നടത്തിയ പ്രതിഷേധം സി പി എം കേന്ദ്രങ്ങളെ പ്പോലും ഞെട്ടിച്ചിരുന്നു. ഇന്നലെ രാധാകൃഷ്ണനെ സ്വീകരിച്ച സുകുമാരൻ നായർ ഒരു നീരസവും പ്രകടിപ്പിച്ചതുമില്ല. സി പി എം ന്റെ കോട്ടയം ജില്ലാ ഘടകം പോലും അറിയാതെ നടത്തിയ പെരുന്ന ഓപ്പറേഷന്റെ സൂത്രധാരകൻ ഗോവിന്ദൻ മാഷ് മാത്രമായിരുന്നു. താൻ നയിക്കുന്ന യാത്ര കോട്ടയത്ത് എത്തുമ്പോൾ സ്ഥിതിഗതികൾ മാറണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ട്. എൻ എസ് എസ് അടക്കമുപള്ള ഭൂരിപക്ഷ സമുദായങ്ങളെ കൂടി കേൾക്കാൻ തയ്യാറാവുക വഴി വരുന്ന ലോക്സഭാ തെരെഞ്ഞടുപ്പ് എന്ന പാലം നിഷ്പ്രയാസം കടക്കുക എന്ന ചാണക്യ തന്ത്രവും മട്ടന്നൂരിലെ പാർട്ടി സൈദ്ധാന്തികനുണ്ട്.
കെ റെയിലും സ്വപ്നയും സ്വർണകള്ളക്കടത്തുമൊക്കെ രാഷ്ട്രീയ ആയുധമാകുമ്പോൾ തെരെഞ്ഞടുപ്പ് ഗോദയിൽ നന്നേ വിയർക്കേണ്ടി വരുന്ന സി പി എം ന് എൻ എസ് എസ് ഉൾപ്പെടെയുള്ള സമുദായ സംഘനകളുടെ പിന്തുണ കൂടിയേ തീരു. ആദ്യം ജില്ലയിലെ മന്ത്രിയായ വി ൻെ വാസവനെ മന്നം സമാധിയിൽ അയക്കാനാണ് തീരുമാനിച്ചത്. എന്നാൽ രാധാകൃഷ്ണൻ പോകുന്നത് ആണ് നല്ലെതെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. ഗോവിന്ദനോടു സുകുമാരൻ നായർക്ക് താല്പര്യമാണ്.എന്നാൽ പിണറായിയോടു നീരസം ഉണ്ട്. ഗോവിന്ദൻ പിണറായിക്ക് വിധേയനാകില്ലന്ന് മനസിലായതോടെയാണ് ഗോവിന്ദനോടുള്ള താല്പര്യം ഏറിയത്.
എന്തും ചെയ്യാനുള്ള അധികാരം മുഖ്യമന്ത്രി പിണറായി വിജയന് സിപിഎം നൽകിയില്ലെന്ന് ജാഥ തുടങ്ങുന്നതിന് മുമ്പ് മാധ്യമങ്ങൾക്ക് നലകിയ അഭിമുഖത്തിൽ എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയല്ല പാർട്ടിയാണ് പ്രധാനമെന്ന് അദ്ദേഹം സമർത്ഥിക്കുകയും ചെയ്തു. . 140 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ മാർച്ച് 18നു തിരുവനന്തപുരത്തു സമാപിക്കും. ഇഡിക്ക് മുഖ്യമന്ത്രിയെ തൊടാനാവുന്നില്ലെന്ന് പറഞ്ഞ് പിണറായിയെ പ്രതിരോധിക്കുന്നു ഗോവിന്ദ്ൻ . ശിവശങ്കർ സിപിഎമ്മിന്റെ വക്താവല്ല എന്നും വ്യക്തമാക്കിയരുന്നു. അയാൾ ജയിലിൽ കിടക്കട്ടേ എന്നാണ് സിപിഎം സെക്രട്ടറിയുടെ പ്രഖ്യാപനം. മുസ്ലിം ലീഗിനെ ഇടതുപക്ഷത്ത് ചേർക്കില്ലെന്നും ഗോവിന്ദൻ പറയുന്നു. അവർക്ക് ഇടതു പക്ഷ രാഷ്ട്രീയമില്ലെന്നാണ് ഗോവിന്ദൻ പറയുന്നത്. ആകാശ് തില്ലങ്കേരിയേയും തള്ളുന്നു. ക്രിമിനലാണ് ആകാശെന്നും പാർട്ടിക്ക് സംരക്ഷിക്കേണ്ട ബാധ്യതയില്ലെന്നും ഗോവിന്ദൻ പറയുന്നു. പിണറായിക്ക് പാർട്ടി ബ്ലാക്ക് ചെക്ക് നൽകിയിട്ടില്ല. നയം പാർട്ടി തീരുമാനിക്കുമെന്നാണ് ഗോവിന്ദന്റെ പ്രഖ്യാപനം.
ഫലത്തിൽ പിണറായിയുടെ ഏകാധിപത്യമല്ലെ സിപിഎമ്മിൽ നടക്കുന്നതെന്ന് പ്രഖ്യാപിക്കുകയാണ് ഗോവിന്ദൻ. പെട്രോൾ സെസിൽ ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തും. സർക്കാരിന്റെ നിലനിൽപ്പിന്റെ പ്രശ്നമായി ഇതിനെ അവതരിപ്പിക്കാണാണ് ഗോവിന്ദന്റെ നീക്കം. കേന്ദ്ര സർക്കാരിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണ പരിപാടി എന്ന നിലയ്ക്കാണ് 'ജനകീയ പ്രതിരോധ ജാഥ' സിപിഎം സംഘടിപ്പിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പു തയ്യാറെടുപ്പിനു തുടക്കം കുറിച്ചു നടന്ന ഗൃഹസന്ദർശന പരിപാടിക്കു ശേഷമാണു ജാഥയുമായി പാർട്ടി രംഗത്തെത്തുന്നത്. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ എം വിഗോവിന്ദൻ നയിക്കുന്ന ആദ്യത്തെ സംസ്ഥാനതല പ്രചാരണപരിപാടി കൂടിയാണിത്.
ഗോവിന്ദ്ന്റെ ജാഥ തിരുവനന്തപുരത്ത്് എത്തുമ്പോൾ എല്ലാ വിഭാഗം ആളുകളും പാർട്ടിക്ക് ഒപ്പം വേണമെന്ന കാർക്കശ്യവും അദ്ദേഹത്തി്നുണ്ട്. അതു കൊണ്ട് തന്നെ അകന്നു നില്ക്കുന്ന മറ്റു സമുദായക്കാർ പാർട്ടി വിട്ടവർ ഇവരൊയൊക്കെ അടുപ്പിക്കാനും കൂടെ കൂട്ടാനുമുള്ള ശ്രമങ്ങൾ ഉണ്ടായേക്കും.പൗര പ്രമുഖന്മാരുമായി അദ്ദേഹം നടത്തുന്ന ചർച്ചകളു ഫലം കാണുന്നുണ്ട്.. നേതാക്കളായ സി.എസ്.സുജാത, പി.കെ.ബിജു, എം.സ്വരാജ്, കെ.ടി.ജലീൽ, ജെയ്ക് സി.തോമസ് എന്നിവരാണു ഗോവിന്ദനൊപ്പം ജാഥയിലെ സ്ഥിരാംഗങ്ങൾ.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്