- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളീയം ധൂർത്തും കൊള്ളയുമെന്ന് ബിജെപി വിമർശിക്കുമ്പോൾ നല്ല പരിപാടിയെന്ന് വാഴ്ത്തി ഒ രാജഗോപാൽ; പങ്കെടുക്കേണ്ടത് കടമ; ബിജെപി ബഹിഷ്കരിക്കുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും സമാപന ചടങ്ങിൽ എത്തിയ മുതിർന്ന നേതാവ്
തിരുവനന്തപുരം: ജനങ്ങളെ കബളിപ്പിക്കാനുള്ള നാടകം മാത്രമായിരുന്നു കേരളീയം എന്ന് ബിജെപി വിമർശിക്കുമ്പോൾ കേരളീയം നല്ല പരിപാടിയാണെന്ന് ബിജെപി മുതിർന്ന നേതാവ് ഒ രാജഗോപാൽ. പ്രധാനപ്പെട്ട പരിപാടി ആയതിനാൽ പങ്കെടുക്കാതിരിക്കുന്നത് എങ്ങനെയെന്നും അദ്ദേഹം കേരളീയം സദസിലെത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
'കേരളീയം പ്രധാനപ്പെട്ട പരിപാടിയല്ലേ. അതിൽ പങ്കെടുക്കണമല്ലോ. മുഖ്യമന്ത്രി നടത്തുന്ന പ്രധാന പ്രഖ്യാപനങ്ങളൊക്കെ ഉള്ള പരിപാടിയാണ്. ബിജെപി ബഹിഷ്കരിക്കുന്നത് എന്തുകൊണ്ടെന്ന് അറിയില്ല.കണ്ണടച്ച് എതിർക്കുന്നവരല്ല. ന്യായമായ കാര്യങ്ങൾ ആര് ചെയ്താലും അതിനെ സ്വാഗതം ചെയ്യും. കമ്മ്യൂണിസ്റ്റ് ആയാലും കോൺഗ്രസായും അതിൽ മാറ്റമില്ലെന്നും'- അദ്ദേഹം പറഞ്ഞു.
ഒ രാജഗോപാലിന്റെ വരവ് മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. അദ്ദേഹത്തെ ചടങ്ങിലേക്ക് പ്രത്യേകം സ്വാഗതം ചെയ്തു. രാജഗോപാലിന്റെ ഇരിപ്പിടത്തിന് സമീപമെത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഹസ്തദാനം നൽകുകയും ചെയ്തു.
ബിജെപി വിമർശനം ഇങ്ങനെ
അതേസമയം, സംസ്ഥാനത്തിന്റെ യശസ്സ് വർധിപ്പിക്കാൻ ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ ചിലവഴിച്ച് നടത്തിയ കേരളീയം പരിപാടി അവസാനിക്കുമ്പോൾ കേരളത്തിന് തന്നെ അപമാനകരമാവുന്ന പല കാര്യങ്ങളുമാണ് അതിൽ നടന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. നമ്മുടെ നാടിന്റെ തന്നെ ഏറ്റവും വലിയ അഭിമാന സ്തംഭം ആയിട്ടുള്ള ആദിവാസി വിഭാഗങ്ങളെ പച്ചയായി അപമാനിക്കുന്ന നടപടിയാണ് കേരളീയത്തിൽ കണ്ടത്.
ആദിവാസി ഗോത്ര ജനവിഭാഗങ്ങളെ വികൃതമായ രീതിയിൽ വേഷം കെട്ടിച്ച് അവരെ പരസ്യമായി പൊതുസമൂഹത്തിനു മുൻപിൽ അപമാനിക്കുന്ന പ്രകടനമാണ് അവിടെ നടന്നത്. കേരളത്തിലെ ഗോത്ര സമൂഹത്തിന്റെ സ്വത്വത്തിന് നേരെ അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായത്. ഒരു ജനവിഭാഗത്തെ ആകെ ആക്ഷേപിച്ച് പരിഹാസ കഥാപാത്രമാക്കുന്ന നിലപാടാണ് അവിടെ ചിത്രീകരിക്കപ്പെട്ടത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇതിന് സംഘാടകർ ആദിവാസി ഗോത്ര ജനവിഭാഗങ്ങളോട് മാപ്പ് പറയണം എന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങളെ കബളിപ്പിക്കാനുള്ള ഒരു നാടകം മാത്രമായിരുന്നു എന്നാണ് മനസ്സിലാകുന്നത്. മാത്രമല്ല മാനവീയം വീഥിയിൽ രാത്രി മുഴുവൻ ജനങ്ങൾക്ക് ആസ്വദിക്കാനുള്ള തരത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത് എന്ന് പറഞ്ഞാണ് യുവതി- യുവാക്കളെ അങ്ങോട്ട് ക്ഷണിച്ചത്. പക്ഷേ അവിടെ എത്തിയ യുവതി യുവാക്കൾക്ക് നേരിടേണ്ടി വന്നത് ഭീകരമായിട്ടുള്ള ക്വട്ടേഷൻ സംഘങ്ങളുടെ ആക്രമണമാണ്.
കേരളത്തിലെ യഥാർത്ഥ ചിത്രം ലോകത്തിനു മുമ്പിൽ കാണിച്ചു കൊടുക്കാൻ വേണ്ടിയും, കേരളത്തിന്റെ സാംസ്കാരിക തനിമ, കേരളത്തിന്റെ ഉദാത്തമായിട്ടുള്ള പൈതൃകം ഇതെല്ലാം ലോകത്തിനു മുൻപിൽ കാണിച്ചു കൊടുക്കാനുമാണ് കേരളീയം എന്നാണ് മുഖ്യമന്ത്രി അടക്കം പറഞ്ഞത്. പക്ഷേ നാട്ടുകാർ കണ്ടത് മയക്കുമരുന്ന് സംഘങ്ങളും ക്വട്ടേഷൻ സംഘങ്ങളും അവിടെ ഏറ്റുമുട്ടുന്നതാണ്. അവിടെ നിരവധി ആളുകൾക്ക് പരിക്ക് പറ്റി എന്നത് മാത്രമാണ് നേട്ടമെന്നും സുരേന്ദ്രൻ പറഞ്ഞു.
കോടിക്കണക്കിന് രൂപയുടെ ധൂർത്താണ് നടന്നിരിക്കുന്നത്. ഇന്നലെ പുറത്തു വന്നിരിക്കുന്ന ഒരു വിവരം ഇവിടുത്തെ കരാറുകാരിൽ നിന്നും ക്വാറിക്കാരിൽ നിന്നുമൊക്കെ ഭീഷണിപ്പെടുത്തി കാശ് വാങ്ങുന്നുവെന്നാണ്. ഇരുപത്തിയഞ്ച് ലക്ഷം രൂപ വാങ്ങിയ ഒരു കേസ് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഉദ്യോഗസ്ഥന്മാരെ കൊണ്ട് വിളിപ്പിക്കുകയാണ്. അങ്ങനെ കോടിക്കണക്കിന് രൂപയാണ് പിരിച്ചെടുത്തിരിക്കുന്നത്. മാർക്സിസ്റ്റ് പാർട്ടി നേതാക്കന്മാർക്കും മന്ത്രിമാർക്കും കോടിക്കണക്കിന് രൂപ ഇങ്ങനെ പിരിച്ചെടുക്കാൻ ആരാണ് ഈ കാര്യത്തിൽ അവസരം കൊടുത്തത്? എങ്ങനെയാണ് ഇവർക്ക് ഇങ്ങനെ ആളുകളെ ഭീഷണിപ്പെടുത്തി ഇതിന്റെ പേരിൽ പണം പിരിക്കാൻ സാധിക്കുന്നത്?
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും അവരുടെ പാർട്ടി നേതാക്കൾക്കും സർക്കാർ ഖജനാവ് ഉപയോഗിച്ച് കോടിക്കണക്കിന് രൂപ കൊള്ള നടത്തണം. സംസ്ഥാനത്ത് ജനങ്ങളാകെ കഷ്ടപ്പെടുകയാണ്. സപ്ലൈകോയിൽ സാധനങ്ങളില്ല. വൈദ്യുതി ചാർജ് വർധിപ്പിച്ചു. തൊഴിലാളികൾക്ക് ബോണസില്ല. അദ്ധ്യാപകർക്കും ജീവനക്കാർക്കും ഡിഎ കൊടുക്കാൻ കഴിയുന്നില്ല. കെഎസ്ആർടിസിയിൽ ശമ്പളമില്ല, പെൻഷനില്ല. അതുപോലെ തന്നെ തൊഴിലുറപ്പ് പദ്ധതി അവതാളത്തിലായി. ജല ജീവൻ മിഷൻ പദ്ധതി സ്തംഭിച്ചിരിക്കുകയാണ്. വലിയ ധൂർത്തും കൊള്ളയുമാണ് ഈ വറുതിയുടെ കാലത്ത് നടത്തുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ