- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്‌കൂൾ കലോത്സവത്തിൽ സർക്കാർ കീഴ് വഴക്കം തെറ്റിക്കാനില്ല; ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രം; കലോത്സവ ഊട്ടുപുരയുടെ പേരിൽ ഇനിയൊരു സംശയവും ആരും ഉയർത്തേണ്ടതില്ല; വെജും നോൺവെജും ഉണ്ടാകുമെന്ന് കഴിഞ്ഞ വട്ടം പറഞ്ഞെങ്കിലും നയം വ്യക്തമാക്കി മന്ത്രി
കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വെജിറ്റേറിയൻ, നോൺവെജിറ്റേറിയൻ വിഭവങ്ങൾ ഉണ്ടാകുമെന്ന നിലപാട് മന്ത്രി വി ശിവൻകുട്ടി മാറ്റി. ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമേ ഉണ്ടാവുകയുള്ളു. കഴിഞ്ഞ കലോത്സവത്തിൽ ഭക്ഷണം സംബന്ധിച്ച് വിവാദമുണ്ടായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം ഇപ്പോഴേ പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കൊല്ലത്ത് സംസ്ഥാന സ്‌കൂൾ കലോത്സവ സംഘാടക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ ഇനിയൊരു സംശയവും ആരും ഉയർത്തേണ്ടതില്ല. കലോത്സവത്തിന്റെ സ്വർണക്കപ്പ് കോഴിക്കോടുനിന്ന് കൊല്ലത്തേക്ക് ആഘോഷപൂർവം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു
കഴിഞ്ഞ വർഷം വിവാദം ഉണ്ടായപ്പോൾ, അടുത്ത വർഷത്തെ കലോത്സവം മുതൽ നോൺ വെജ് വിഭവങ്ങൾ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. 'പണ്ടു മുതൽ തുടരുന്ന കീഴ്‌വഴക്കമാണ് വെജിറ്റേറിയൻ. എന്തായാലും അടുത്ത വർഷം വെജിറ്റേറിയനും നോൺവെജിറ്റേറിയനും ഉണ്ടാകും. കായിക മേളയ്ക്ക് വെജിറ്റേറിയനും നോൺ വെജിറ്റേറിയൻ ഭക്ഷണവും കൊടുക്കുന്നുണ്ട്'. സർക്കാരിനെ സംബന്ധിച്ച് ഇതിനു പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും മന്ത്രി പറഞ്ഞിരുന്നു. എന്തായാലും സുരക്ഷ കണക്കിലെടുത്ത് വെജിറ്റേറിയൻ മാത്രം മതിയെന്നാണ് സർക്കാർ തീരുമാനം.
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്നതിനെതിരെ മാധ്യമപ്രവർത്തകനും മുൻ അദ്ധ്യാപകനുമായ ഡോ. കെ അരുൺകുമാർ ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച് വലിയ വാദപ്രതിവാദങ്ങളാണ് സോഷ്യൽ മീഡിയയിൽ നടന്നത്. വിവാദങ്ങൾ വേദനിപ്പിച്ചുവെന്നും ഇനി സ്‌കൂൾ കലോത്സവത്തിൽ ഭക്ഷണം വിളമ്പാനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി പ്രതികരിച്ചിരുന്നു.
ഡോ അരുൺകുമാറിന്റെ വിവാദ പോസ്റ്റ് ഇങ്ങനെയായിരുന്നു
'ജാതി പ്രവർത്തിക്കുന്നത് ശുദ്ധി - അശുദ്ധി ബോധ്യങ്ങളിലൂടെയാണ്. ചിലപ്പോഴൊക്കെ അത് വേഷം മാറി സുരക്ഷിതവെജിറ്റേറിയൻ ഭക്ഷണം എന്ന രൂപത്തിൽ എത്താറുണ്ട്. ഭൂരിപക്ഷം കുട്ടികളും നോൺ വെജ് ആയ കലോത്സവത്തിൻ ഈ വെജിറ്റേറിയൻ ഫണ്ടമെന്റലിസം ജാതി വിശ്വാസത്തിന്റെ പ്രതിഫലനമാണ്. ഈ സീനൊക്കെ അവസാനിപ്പിക്കേണ്ട കാലമായി. നല്ല കോയിക്കോടൻ രുചി കൊടുത്താണ് താത്പര്യമുള്ള കുട്ടികളെ തിരിച്ചയയ്ക്കേണ്ടത്. ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്. നവോത്ഥാനം തോൽക്കുന്നത് ഇങ്ങനെയൊക്കെയാണ്. സവർണ്ണൻ ദേഹണ്ഡപുരയിൽ എത്തുന്നതല്ല, നാനാതരം രുചിഭേദങ്ങളും ആഘോഷപൂർവ്വം വിതരണം ചെയ്യപ്പെടുമ്പോഴും രുചി വൈവിധ്യത്തിൽ ശുദ്ധികലർത്താതിരിക്കുമ്പോഴുമാണ് അത് വിജയിക്കുന്നത്.''- ഈ പോസ്റ്റിനെ തുടർന്നാണ് സോഷ്യൽ മീഡിയിൽ വ്യാപകമായി വിഷയം ചർച്ചയായത്.




