ന്യൂഡൽഹി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപത്തിന്റെ ചില്ലെറിഞ്ഞ് തകർത്ത സംഭവത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. നെയ്യാറ്റികര പൊൻവിളയിൽ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത സ്തൂപത്തിന് നേരെയാണ് രാത്രി എട്ട് മണിയോടെ ആക്രമണമുണ്ടായത്. പൊൻവിള കോൺഗ്രസും യൂത്ത് കോൺഗ്രസുമാണ് സ്തൂപം സ്ഥാപിച്ചത്. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകർ ആണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവസ്ഥലത്ത് കോൺഗ്രസുകാർ പ്രതിഷേധിച്ചിരുന്നു.

ഈ വിഷയത്തിലാണ് കെസി വേണുഗോപാലിന്റെ പ്രതികരണം. ഉമ്മൻ ചാണ്ടിയുടെ ഓർമകളെപ്പോലും ഭയക്കുന്ന ഒരു കൂട്ടർ ഇന്നും ഇവിടെയുണ്ടെന്ന് ഈ സംഭവം തെളിയിക്കുകയാണെന്ന് കെ സി ഫേസ്‌ബുക്കിൽ കുറിച്ചു. ജീവിച്ചിരുന്നപ്പോൾ ആ മനുഷ്യന്റെ നേർക്ക് ചിലർ കല്ലെറിഞ്ഞു. ഇപ്പോൾ മരിച്ച ശേഷവും അദ്ദേഹത്തെ ആക്രമിക്കുന്നു. ഓരോ നിമിഷവും ഉമ്മൻ ചാണ്ടിയുടെ കരുത്തുറ്റ ഓർമകൾ ഉയരുന്ന ഓരോ ഇടങ്ങളും ചിലരെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്നതിന്റെ നേർസാക്ഷ്യമാണീ സംഭവമെന്നും അദ്ദേഹം പ്രതികരിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റ്

ഉമ്മൻ ചാണ്ടിയുടെ ഓർമകളെപ്പോലും ഭയക്കുന്ന ഒരു കൂട്ടർ ഇന്നും ഇവിടെയുണ്ട് എന്ന് തെളിയിക്കുകയാണ് അൽപ്പം മുൻപ് നടന്ന സംഭവം. തിരുവനന്തപുരം നെയ്യാറ്റിൻകര പൊൻവിളയിൽ ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചുതകർത്തുവെന്ന വാർത്ത വളരെ വേദനയോടെയും അതിലുപരി രോഷത്തോടെയുമാണ് കേട്ടത്.

ജീവിച്ചിരുന്നപ്പോൾ ആ മനുഷ്യന്റെ നേർക്ക് ചിലർ കല്ലെറിഞ്ഞു. ഇപ്പോൾ മരിച്ച ശേഷവും അദ്ദേഹം ആക്രമിക്കപ്പെടുന്നു. ഓരോ നിമിഷവും ഉമ്മൻ ചാണ്ടിയുടെ കരുത്തുറ്റ ഓർമകൾ ഉയരുന്ന ഓരോ ഇടങ്ങളും ചിലർ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട് എന്നതിന്റെ നേർസാക്ഷ്യമാണീ സംഭവം.

അടിമുടി തകർന്ന് തരിപ്പണമായ ഒരു ക്രമസമാധാന നിലയാണ് കേരളത്തിലുള്ളതെന്ന് പറയാതിരിക്കാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ മൂക്കിൻത്തുമ്പത്താണ് അക്രമം നടന്നിരിക്കുന്നത്. ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയേണ്ടതുണ്ട്.

ക്രിമിനൽ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുടെ സ്തൂപമാണ് അടിച്ചുതകർത്തിരിക്കുന്നത്. ലക്ഷക്കണക്കിന് മനുഷ്യരുടെ വികാരത്തിന് നേർക്കാണ് അവർ ആയുധം വീശിയത്.

ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾക്കെതിരെ പോലും വിദ്വേഷം പ്രചരിപ്പിക്കുന്ന സാമൂഹിക ദ്രോഹികളെ അടിയന്തിരമായി കണ്ടെത്തണം. പൊലീസ് ഇവർക്കെതിരെ നടപടി സ്വീകരിക്കണം. കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങും വരെ കാത്തിരിക്കരുത് എന്ന് സർക്കാരിനെ ഓർമിപ്പിക്കുന്നു.