- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂർ എംഎൽഎയുടെ ഫേസ്‌ബുക്ക് കുറിപ്പിൽ വിവാദം
തൃശൂർ: രാമായണത്തെ അവഹേളിച്ചു സിപിഐ എംഎൽഎയുടെ വിവാദ ഫേസ്‌ബുക്ക് പോസ്റ്റ്. ബിജെപി പ്രതിഷേധവുമായി രംഗത്തുവന്നതോടെ പിൻവലിച്ചു. തൃശ്ശൂർ എംഎൽഎ പി ബാലചന്ദ്രനാണ് ഫേസ്‌ബുക്കിൽ വിവാദ കുറിപ്പെഴുതി പണി വാങ്ങിയത്.
ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നു വിമർശനം കടുത്തതോടെയാണു ഫേസ്‌ബുക്കിലെ പോസ്റ്റ് ബാലചന്ദ്രൻ പിൻവലിച്ചത്. രാമായണത്തിലെ രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു എന്നുള്ള കുറിപ്പാണു വിവാദമായത്.
പി ബാലചന്ദ്രന്റെ വിവാദ പോസ്റ്റ് ഇങ്ങനെ:
രാമൻ ഒരു സാധുവായിരുന്നു കാലിൽ ആണിയുണ്ടായിരുന്നതുകൊണ്ട് എടുത്ത് ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണൻ ഇറച്ചിയും പൊറോട്ടയും കൊണ്ടു വന്നു. ചേട്ടത്തി സീത അതു മൂന്നു പേർക്കും വിളമ്പി. അപ്പോൾ ഒരു മാൻ കുട്ടി അതു വഴി വന്നു. സീത പറഞ്ഞു രാമേട്ടാ അതിനെ കറി വച്ച് തരണം, രാമൻ മാനിന്റെ പിറകേ ഓടി. മാൻ മാരിയപ്പൻ എന്ന ഒടിയനായിരുന്നു. മാൻ രാമനെ വട്ടം കറക്കി വഴി തെറ്റിച്ച് നേരം പോയി. ലക്ഷ്മണൻ ഇറച്ചി തിന്ന കൈ നക്കി ഇരിരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയി നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടു വാ.. മുല്ലപ്പൂ പന്തൽ ഷാപ്പിൽ മാനിറച്ചിയല്ല ഏത് ഇറച്ചിയും കിട്ടും. അപ്പോൾ രാമാനുജന്റെ മനസ്സിൽ ഇറച്ചി തന്നെയായിരുന്നു.
ബാലചന്ദ്രന്റെ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ച് വിമർശനവുമായി ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ രംഗത്തെത്തി. "കോടിക്കണക്കിനു ഹൈന്ദവ വിശ്വാസികളുടെ വിശ്വാസപ്രമാണങ്ങളെ ഇത്രയും നികൃഷ്ടവും നീചവുമായ പ്രയോഗങ്ങളിലൂടെ ചവിട്ടി മെതിക്കാൻ ഒരു കമ്യൂണിസ്റ്റുകാരനല്ലാതെ മറ്റാർക്കാണു കഴിയുക? മതഭീകരവാദികളുടെ വോട്ടിനു വേണ്ടി സ്വന്തം നാടിനെയും സംസ്‌കാരത്തെയും പിതൃശൂന്യരായ ഇക്കൂട്ടർ വ്യഭിചരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി! ഇതുപോലെ വൃത്തികെട്ട ജനപ്രതിനിധിയെയും അവന്റെ പാർട്ടിയെയും ചുമക്കാൻ അവസരമുണ്ടാക്കിയവർ ആത്മാഭിമാനമുണ്ടെങ്കിൽ ഇതുകണ്ട് ലജ്ജിച്ചു തല താഴ്‌ത്തട്ടെ" അനീഷ് സമൂഹമാധ്യമത്തിൽ കുറിച്ചു.
അതേസമയം ബിജെപി വിഷയം ആയുധമാക്കിയതോടെ നിർവ്യാജം ഖേദം പ്രകടിപ്പിച്ചു പി ബാലചന്ദ്രൻ രംഗത്തെത്തി. വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി എംഎൽഎ അറിയിച്ചു. കഥകൾ എഴുതാറുണ്ടെന്നും പണ്ടെങ്ങോ എഴുതിയ കഥ ഫേസ്‌ബുക്കിലിട്ടിരുന്നുവെന്നും സുഹൃത്തുക്കൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ തന്നെ ഡിലീറ്റ് ചെയ്‌തെന്നും പി ബാലചന്ദ്രൻ പറഞ്ഞു. അതേസമയം ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്നതെന്ന് ആരോപിച്ച് പോസ്റ്റിനെതിരെ പൊലീസിൽ പരാതി നൽകുമെന്ന് ബിജെപി അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയാണ് ഫേസ് ബുക്കിൽ പോസ്റ്റ് ഇടുന്നത്. പോസ്റ്റ് വിവാദമായതോടെ മണിക്കൂറുകൾക്കകം പോസ്റ്റ് പിൻവലിച്ചു. രാമൻ, സീത, ലക്ഷ്മണൻ എന്നിവരെ പരാമർശിച്ചായിരുന്നു പോസ്റ്റ്. ഹിന്ദുമതത്തെ അവഹേളിക്കുന്ന എംഎൽഎയ്‌ക്കെതിരെ ശക്തമായ പ്രതികരണം ഉയർന്ന് വരണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ നാഗേഷ് പറഞ്ഞു. എംഎൽഎയേയും പാർട്ടിയേയും ചുമക്കുന്നവർ ലജ്ജിച്ച് തല താഴ്‌ത്തണമെന്നും നാഗേഷ് വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ എഫ്ബി പോസ്റ്റ് മണ്ഡലത്തിൽ ചർച്ചയാക്കാൻ ഒരുങ്ങുകയാണ് ബിജെപി.