- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് ഐസക്കിനെതിരെ പി.സി.ജോർജ്
കോട്ടയം: പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി പി സി ജോർജ്ജ് എത്തുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചനകൾ. ഇതിനിടെ സിപിഎം സ്ഥാനാർത്ഥിയായി മുതിർന്ന സിപിഎം നേതാവ് ടി എം തോമസ് ഐസക്ക് എത്തുമെന്നുമാണ് സൂചനകൾ. ഇതിനിടെയാണ് ഐസക്കിനെ രൂക്ഷമായി വിമർശിച്ച് ജോർജ്ജ് രംഗത്തുവന്നത്.
കിഫ്ബി കച്ചവടം നടത്തി കേരളത്തെ കടക്കെണിയിലാക്കിയ ആളാണ് തോമസ് ഐസക് എന്ന് പി.സി.ജോർജ് പറഞ്ഞു. ആലപ്പുഴക്കാരനായ ഐസക്, എന്തിനാണ് പത്തനംതിട്ടയിൽ മത്സരിക്കുന്നതെന്നും ജോർജ് ചോദിച്ചു. "ഐസക് ധൈര്യമായിട്ട് ഇറങ്ങണം. കിഫ്ബി കച്ചവടം നടത്തി ഇവിടെ 4.5 ലക്ഷം കോടി രൂപ കടമുണ്ടാക്കി നടന്നവനാണ്. വോട്ടും ചോദിച്ചു ചെന്നാൽ ഇവനെ നാട്ടുകാർ അടിക്കും. ആലപ്പുഴക്കാരൻ എന്തിനാണു പത്തനംതിട്ടയിൽ മത്സരിക്കുന്നത്? സംസ്ഥാനത്തെ ഏറ്റവും വലിയ കടക്കെണിയിലാക്കിയത് ഐസക്കാണ്. കിഫ്ബി എന്ന ഇടപാട് തന്നെ കൊള്ളയാണ്. അതിന്റെ ആളാരാ, ഐസക്കാ. ഐസക് ഉണ്ടാക്കിയതാണ് കിഫ്ബി. ഇങ്ങോട്ടു വരട്ടെ, ഞാൻ ജയിപ്പിച്ചു തരാം." പി.സി.ജോർജ് പറഞ്ഞു.
പത്തനംതിട്ടയുടെ സിറ്റിങ് എംപിയായ കോൺഗ്രസ് നേതാവ് ആന്റോ ആന്റണിയെയും പി.സി.ജോർജ് വിമർശിച്ചു. സഹകരണ തട്ടിപ്പിന്റെ ആശാനാണ് ആന്റോ എന്ന് പി.സി.ജോർജ് പറഞ്ഞു. പത്തനംതിട്ടയിൽ തന്നെ പരിഗണിക്കുന്നതായി ബിജെപി കേന്ദ്രം നേതൃത്വം അറിയിച്ചിട്ടുണ്ട്. അയ്യപ്പന്റെ മണ്ണാണ് പത്തനംതിട്ട. അവിടെ മത്സരിക്കുന്നതിൽ സന്തോഷമുണ്ട്. മത്സരിച്ചാൽ ജയിച്ചെന്നു കരുതിയാൽ മതിയെന്നും അതിൽ തർക്കമില്ലെന്നും പി.സി.ജോർജ് പറഞ്ഞു.
മത്സരിക്കുന്നെങ്കിൽ താൻ പത്തനംതിട്ടയിൽ തന്നെ മത്സരിക്കുമെന്നാണ് പി സി ജോർജ്ജ് പറയുന്നത്. തന്റെ പാർലമെന്റ് മണ്ഡലം പത്തനംതിട്ടയാണ്. വേറൊരു മണ്ഡലത്തിലും മത്സരിക്കാൻ ആഗ്രഹിക്കുന്നില്ല. വേറെ മണ്ഡലത്തിൽ മത്സരിക്കാൻ ആവശ്യപ്പെട്ടാൽ ഉപദ്രവിക്കരുത് എന്ന് മറുപടി നൽകുമെന്ന് പി സി ജോർജ്ജ് പറഞ്ഞു. ശബരിമല അയ്യപ്പന്റെ നാടാണ് പത്തനംതിട്ട. പത്തനംതിട്ടക്കാർ തന്നെ പാർലമെന്റിലേക്ക് അയച്ചാൽ പാർലമെന്റിലെ ആദ്യ പ്രസംഗം അയ്യപ്പന് വേണ്ടിയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല ക്ഷേത്രം കേന്ദ്രം ഏറ്റെടുക്കണം. സംസ്ഥാന സർക്കാരിന് വട്ട് തട്ടാനുള്ളതല്ല ശബരിമല ക്ഷേത്രമെന്ന് പി സി ജോർജ്ജ് പറഞ്ഞു. പത്തനംതിട്ട മണ്ഡലത്തിൽ ക്രൈസ്തവരുടെ നൂറ് ശതമാനം പിന്തുണ തനിക്കായിരിക്കുമെന്നും പെന്തക്കോസ്ത് വിഭാഗം ഒറ്റക്കെട്ടായി തന്നെ പിന്തുണയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വെള്ളാപ്പള്ളി നടേശൻ നടത്തിയ വിമർശനങ്ങളിൽ പ്രതികരിച്ച പി സി ജോർജ്ജ് അദ്ദേഹത്തിന് തന്നോട് സ്‌നേഹം മാത്രമാണുള്ളത് എന്ന് പറഞ്ഞു. തന്നെ ജയിപ്പിക്കാൻ വേണ്ടിയാണ് വെള്ളാപ്പള്ളി വിമർശിക്കുന്നത്. വെള്ളാപ്പള്ളി തോൽക്കുമെന്ന് പറഞ്ഞവർ ജയിച്ചിട്ടുണ്ട്. ജയിക്കും എന്ന് പറഞ്ഞവർ തോറ്റിട്ടുമുണ്ടെന്നും പി സി ജോർജ്ജ് കൂട്ടിച്ചേർത്തു.