കോട്ടയം: പി സി ജോർജ്ജും തുഷാർ വെള്ളാപ്പള്ളിയും തമ്മിലുള്ള ശീതസമരം എൻഡിഎ മുന്നണിക്ക് തലവേദനയാകുന്നു. പത്തനംതിട്ട സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ഉടക്ക് തുടരുന്ന ജോർജ്ജിനെ നേതൃത്വത്തിനും നിയന്ത്രിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. ഇതിനിടെ കോട്ടയത്തു നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷൻ പി.സി. ജോർജ് ബഹിഷ്‌കരിച്ചു. ബിഡിജെഎസ് നേതാവും സ്ഥാനാർത്ഥിയുമായ തുഷാർ വെള്ളാപ്പള്ളിയുമായുള്ള അഭിപ്രായ ഭിന്നതയാണ് ബഹിഷ്‌കരണത്തിനു പിന്നിലെന്നാണ് വിവരം.

വിളിക്കാത്ത കല്യാണത്തിന് ചോറുണ്ണാൻ പോകുന്ന പാരമ്പര്യം തനിക്കില്ലെന്ന് പി.സി.ജോർജ് പ്രതികരിച്ചു. "ഞാനിപ്പോൾ ബിജെപിയുടെ പ്രവർത്തകനാണ്. ഘടക കക്ഷികളുടെ യോഗത്തിന് ക്ഷണിച്ചാലല്ലേ പോകാൻ പറ്റൂ. എന്നെ ആരും വിളിച്ചിട്ടില്ല. വിളിക്കാത്ത കല്യാണത്തിന് ചോറുണ്ണാൻ പോകുന്ന പാരമ്പര്യം എനിക്കില്ലല്ലോ" പി.സി.ജോർജ് പറഞ്ഞു. നേരത്തെ ഇരുകൂട്ടരും രമ്യമായി പോകണമെന്നും പരസ്യ പ്രതികരണങ്ങൾ പാടില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നിർദേശിച്ചിരുന്നു.

അതേലമയം പി.സി ജോർജ് കോട്ടയത്തെ എൻ.ഡി.എ കണവെൻഷൻ ബഹിഷ്‌ക്കരിച്ചതിനു ന്യായീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും രംഗത്തുവന്നു. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എല്ലാ നേതാക്കളും വരില്ല. പി.സി ജോർജ് മറ്റു ജില്ലകളിലെ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

ഈ പാർലമെന്റ് കൺവെൻഷന് ബിജെപി സംസ്ഥാന പ്രസിഡന്റ് മാത്രമേ വന്നിട്ടുള്ളൂ. പി.സി ജോർജ് ഇന്നലെ കോഴിക്കോട്, കണ്ണൂർ പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ ഉദ്ഘാടനം ചെയ്തതാണ്. ഒരു നേതാവ് വരുമ്പോൾ എല്ലാ നേതാക്കന്മാരും കൂടെ വരില്ല. ഓരോ സ്ഥലത്തേക്കും ഒരു നേതാക്കന്മാരെയാണു നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോൾ നടക്കുന്നതെല്ലാം മാധ്യമങ്ങളുടെ തെറ്റായ പ്രചാരണമാണെന്നും സുരേന്ദ്രൻ വിമർശിച്ചു.

ഇന്ന് കെ.പി.എസ് മേനോൻ ഹാളിലായിരുന്നു എൻ.ഡി.എ കൺവൻഷൻ നടന്നത്. കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത പരിപാടിയിലേക്ക് പി.സി ജോർജിനു ക്ഷണമുണ്ടായിരുന്നില്ല. തുഷാർ വെള്ളാപ്പള്ളിയുടെ റോഡ് ഷോയിൽനിന്ന് ഉൾപ്പെടെ നേരത്തെ അദ്ദേഹം വിട്ടുനിന്നിരുന്നു. ബി.ഡി.ജെ.എസും പി.സി ജോർജും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇരുകൂട്ടരും ഇതുവരെ വഴങ്ങിയിട്ടില്ല. ഇതു മുന്നണിക്കു തലവേദനയായിരിക്കുകയാണ്.

പത്തനംതിട്ടയിൽ അനിൽ ആന്റണിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതോടെ അതിനെതിരെ പി.സി.ജോർജ് രംഗത്തുവന്നു. തുഷാറിന്റെ സ്ഥാനാർത്ഥിത്വത്തിനു പിന്നാലെ 'സ്‌മോൾ ബോയ്' എന്ന വിശേഷണമാണ് പി.സി നൽകിയത്. തുഷാറിന്റെ റോഡ് ഷോയിൽനിന്നും പി.സി വിട്ടുനിന്നിരുന്നു. ഇതിനു പിന്നാലെയാണ് ഞായറാഴ്ച കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത കൺവൻഷനിൽനിന്നും വിട്ടുനിന്നത്. എൻഡിഎ കൺവൻഷൻ ഉദ്ഘാടനം ചെയ്ത കെ.സുരേന്ദ്രൻ, എൽഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമർശിച്ചു. ജനങ്ങളുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇരുമുന്നണികളും ചർച്ച ചെയ്യുന്നതെന്നും നേതാക്കൾ അഴിമതിക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.