- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിക്കും വെള്ളാപ്പള്ളിക്കും തുഷാറിനും ദൈവം കൊടുക്കും; പി സി ജോർജ്ജ്
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് നിഷേധത്തിൽ പി സി ജോർജ്ജിന് കലിപ്പു തീർന്നിട്ടില്ല. തുഷാർ വെള്ളാപ്പള്ളിക്ക് എതിരെയാണ് ജോർജ്ജിന്റെ എതിർപ്പ് മുഴുവനും. തുഷാർ അടക്കമുള്ളവർക്കെതിരെ വീണ്ടും വിമർശനം ആവർത്തിച്ചു പി.സി. ജോർജ് രംഗതത്തുവന്നു. പത്തനംതിട്ട മണ്ഡലത്തിൽനിന്ന് തന്നെ ഒഴിവാക്കുന്നതിനായി പ്രവർത്തിച്ച തുഷാർ വെള്ളാപ്പള്ളിക്കും വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ദൈവം കൊടുക്കുമെന്ന് പി.സി. ജോർജ് പറഞ്ഞു. മനോരമ ന്യൂസ് ചാനലിനോടായിരുന്നു പി സിയുടെ പ്രതികരണം.
പത്തനംതിട്ട സീറ്റ് കിട്ടാത്തതിൽ നഷ്ടബോധം ഇല്ല. നിന്നാൽ ജയിക്കുമായിരുന്നെന്ന് നൂറു ശതമാനം ഉറപ്പുണ്ട്. തുഷാർ വെള്ളാപ്പള്ളി കോട്ടയത്ത് മത്സരിക്കും എന്ന് കേൾക്കുന്നു. ജയിപ്പിക്കാൻ പറ്റുമോ എന്ന് നോക്കുമെന്നും പി.സി. ജോർജ് മുനവെച്ചു കൊണ്ട് വ്യക്തമാക്കി. 'ദൈവം സാക്ഷിയായി പറയുകയാണ്. ഞാനൊരിക്കലും ആരോടും സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ബിജെപിയിൽ ചേർന്നത് ജനുവരി 31നാണ്. പാർട്ടിയിൽ ചേർന്ന ഉടനെ സീറ്റ് വേണമെന്ന് പറയുന്നത് മര്യാദയല്ല.'- പി.സി. ജോർജ് പറഞ്ഞു.
പത്തനംതിട്ടയിൽ ബിജെപി നേതൃത്വം ഒരു അന്വേഷണം നടത്തിയപ്പോൾ 95 ശതമാനം ആളുകളും സ്ഥാനാർത്ഥിയായി പി.സി. ജോർജിന്റെ പേരാണ് പറഞ്ഞത്. അല്ലാതെ ഞാൻ സീറ്റ് ആവശ്യപ്പെട്ടിട്ടില്ല. അനിൽ ആന്റണിക്ക് ആരുമായും ബന്ധമില്ല. ആന്റണിയുടെ മകൻ എന്ന് പറഞ്ഞു മനസ്സിലാക്കണം. ആ ചെറുപ്പക്കാരൻ കോൺഗ്രസിന്റ മീഡിയ പ്രവർത്തനവുമായി ഡൽഹിയിലായിരുന്നു. പിന്നീടാണ് ബിജെപിയിൽ ചേർന്നത്. കേരളത്തിൽ ബിജെപി പ്രവർത്തകരുടെ ഇടയിൽ പോലും പ്രശസ്തനായ ഒരാളല്ല." പി.സി. ജോർജ് ചൂണ്ടിക്കാട്ടി.
വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും നടത്തിയ ഗൂഢാലോചനയിൽ തുഷാർ വെള്ളാപ്പള്ളി പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്ന് പി.സി. ജോർജ് പറഞ്ഞു. തുഷാർ കോട്ടയത്തു നിന്നാൽ ജയിപ്പിക്കാൻ ശ്രമിക്കും. ബിജെപിയുടെ സ്ഥാനാർത്ഥി ആരായാലും ജയിപ്പിക്കാൻ പരമാവധി ശ്രമിക്കുമെന്നും പി.സി. ജോർജ് വ്യക്തമാക്കി.
അതേസമയം ജോർജ്ജിന്റെ പ്രസ്താവനയിൽ ബിജെപി സംസ്ഥാന നേതൃത്വവും അമർഷത്തിലാണ്. ജോർജിനെതിരെ പരാതിയുമായി ബിഡിജെ എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ഡൽഹിയിൽ പോകുന്നുണ്ട്. ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയെ തുഷാർ കാണും. അച്ഛനായ വെള്ളപ്പാള്ളി നടേശനും തനിക്കുമെതിരെ പിസി ജോർജ് പ്രസ്താവന തുടർന്നാൽ കോട്ടയത്ത് മത്സരിക്കില്ലെന്ന നിലപാട് ബിജെപി നേതൃത്വത്തെ തുഷാർ അറിയിക്കും.
ഇതിനൊപ്പമാണ് ബിജെപി സംസ്ഥാന നേതൃത്വവും പിസിക്കെതിരെ കേന്ദ്ര നേതൃത്വത്തെ നിലപാട് അറിയിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം മണ്ഡലങ്ങളിൽ പിസിയുടെ അഭിപ്രായങ്ങൾ ബിജെപിക്ക് തിരിച്ചടിയാകുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. അനിൽ ആന്റണിയെ അപമാനിക്കുന്ന തരത്തിൽ പിസി പ്രസ്താവന തുടരുകയാണ്. കേന്ദ്ര നേതൃത്വത്തിന്റെ പ്രതിനിധിയായാണ് പിസി ബിജെപിയിൽ എത്തിയത്. അതുകൊണ്ട് തന്നെ ദേശീയ നേതൃത്വം വിഷയത്തിൽ ഇടപെടണമെന്നാണ് ആവശ്യം.
പത്തനംതിട്ടയിൽ ക്രൈസ്തവ വിഭാഗമടക്കം മുഴുവൻ സമുദായങ്ങളുടെയും പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അനിൽ ആന്റണി. ബിജെപി കഴിഞ്ഞ തവണ സമാഹരിച്ചതിനേക്കാൾ ഏറെ ദൂരം മുന്നോട്ടുപോകുമെന്നും തന്റെ വിജയത്തിൽ പിസി ജോർജ്ജിനും ഒരു പങ്ക് ഉണ്ടായിരിക്കുമെന്നും അനിൽ ആന്റണി പറഞ്ഞിരുന്നു. എന്നാൽ പിസിയുടെ ശ്രമം ക്രൈസ്തവ വോട്ടുകളെ ഭിന്നിപ്പിക്കും. ഇതിനൊപ്പം എൻ എസ് എസ് വോട്ടുകളും വഴിമാറാൻ അവസരമൊരുക്കുമെന്ന ആശങ്ക ബിജെപി സംസ്ഥാന നേൃത്വത്തിനുണ്ട്. പത്തനംതിട്ടയിൽ മൂന്ന് ക്രൈസ്തവർ തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാ വിഭാഗങ്ങളേയും അനിൽ ആന്റണിയിലേക്ക് അടുപ്പിക്കാനാണ് ബിജെപി ശ്രമം. ഇതിന് വിഘാതമാകും പിസിയുടെ പരസ്യ പ്രസ്താവനകൾ.
എടുത്ത ചാട്ടങ്ങൾ വേണ്ടെന്ന സന്ദേശം പിസിക്ക് ബിജെപി കേന്ദ്ര നേതൃത്വം നൽകും എന്നണാണ് സൂചന. എകെ ആന്റണിയുടെ മകനാണ് അനിൽ. കോൺഗ്രസ് പ്രവർത്തക സമിതിയിലെ ഏറ്റവും മുതിർന്ന അംഗങ്ങളിലൊരാളായ കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയാണ് എകെ. പ്രതിരോധ മന്ത്രിയായി യുപിഎ ഭരണകാലത്ത് കോൺഗ്രസിൽ പ്രധാനിയായ മുഖം. അനിൽ ആന്റണി എന്ന പ്രവർത്തക സമിതി അംഗത്തിന്റെ മകൻ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയാകുന്നത് ദേശീയ തലത്തിൽ തന്നെ ചർച്ചയാകും. ഈ ലക്ഷ്യത്തിലാണ് എ ക്ലാസ് മണ്ഡലം ആന്റണിയുടെ മകന് ബിജെപി നൽകുന്നത്.
ബിജെപിയുടെ ദേശീയ സെക്രട്ടറി കൂടിയായ അനിലിന് വോട്ട് കുറഞ്ഞാൽ കേരളത്തിലെ ബിജെപിക്കാർക്ക് മറുപടി പറയേണ്ടി വരും. പിസിക്കും വിനയായി അതു മാറും. കേരളത്തിലെ ഈഴവ വോട്ടുകളിൽ ബിജെപി പ്രതീക്ഷവയ്ക്കുന്നുണ്ട്. എസ് എൻ ഡി പി നേതാവായ വെള്ളപ്പള്ളി നടേശൻ പരസ്യമായി പിസിയെ തള്ളി പറഞ്ഞതും പത്തനംതിട്ടയിൽ നിർണ്ണായകമായി.