- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിൽ ആന്റണിക്കെതിരെ കലാപവുമായി ഇറങ്ങിയ പി സി ജോർജ് അയഞ്ഞു
പത്തനംതിട്ട: ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടതോടെ, അനിൽ ആന്റണിക്കെതിരെ കലാപവുമായി ഇറങ്ങിയ പി സി ജോർജ് അയഞ്ഞു. പത്തനംതിട്ട സീറ്റ് നിഷേധിച്ചതിൽ കടുത്ത പ്രതിഷേധം ഉയർത്തിയ പിസി തന്റെ വീട്ടിലെത്തിയ അനിൽ ആന്റണിയെ മധുരം നൽകി സ്വീകരിച്ചു. താൻ പ്രചാരണത്തിനിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് അഞ്ചേകാലോടെ ഈരാറ്റുപേട്ടയിലെ വസതിയിലെത്തിയാണ് ജോർജിനെ അനിൽ കണ്ടത്. ഇരുവരും അൽപനേരം ചർച്ച നടത്തി.
'കേരളത്തിലെ ജനങ്ങൾക്കു മുന്നിൽ അനിൽ ആന്റണിയെന്ന് പറഞ്ഞാൽ എ.കെ.ആന്റണിയുടെ മകനാണ്. അതു വലിയ അംഗീകാരമാണ്. പത്തനംതിട്ടയിൽ അനിൽ ആന്റണിയെ ബിജെപി സ്ഥാനാർത്ഥിയായി നിശ്ചയിച്ചത് പാർട്ടി തീരുമാനമാണ്. ഞാൻ സ്ഥാനാർത്ഥിയാകുമെന്ന് ഒരു സ്ഥലത്തും പറഞ്ഞിട്ടില്ല. ചില വട്ടന്മാർ ഇങ്ങനെ പറഞ്ഞോണ്ട് നടന്നാൽ ഉത്തരം പറയാൻ നേരമില്ല. യാതൊരു വിട്ടു വീഴ്ചയുമില്ലാത്ത പോരാട്ടമാണ്. നല്ല മത്സരമായിരിക്കും. കാണിച്ചു തരാം ജയിക്കുന്നത് എങ്ങനെയാണെന്ന്." പി.സി.ജോർജ് മാധ്യമങ്ങളോടു പറഞ്ഞു. ബിഷപ്പുമാരടക്കം തനിക്കു തന്ന പിന്തുണയ്ക്ക് ഒരു ബ്ലോക്ക് വന്നിട്ടുണ്ടെന്നും അതു മാറ്റാനാണു ശ്രമിക്കുന്നതെന്നും ജോർജ് പറഞ്ഞു.
പത്തനംതിട്ടയിൽ പി.സി.ജോർജിന്റെ അനുഗ്രഹത്തോടെ തന്നെ വിജയിക്കുമെന്ന് അനിൽ ആന്റണി പറഞ്ഞു. ഡൽഹിയിൽ നിന്ന് കൊച്ചിയിലെത്തിയ അനിൽ, മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. "പി.സി.ജോർജിനെയും കുടുംബത്തെയും ചെറുപ്പം മുതൽ അറിയാം. അദ്ദേഹം എന്റെ അകന്ന ബന്ധുവാണ്. ഷോൺ ജോർജ് തന്റെ മൂത്ത സഹോദരനെ പോലെയാണ്. ജോർജിന്റെ ബിജെപി പ്രവേശനം പാർട്ടിക്ക് ഒരുപാട് ശക്തി പകരുന്നതാണ്. അദ്ദേഹത്തിന്റെ ഉൾപ്പെടെയുള്ള പ്രവർത്തനത്തിലൂടെയാകും കേരളത്തിൽ ബിജെപി നമ്പർ വൺ പാർട്ടിയാകുന്നത്." അനിൽ ആന്റണി പറഞ്ഞു.
തന്നെ വിമർശിച്ചുള്ള തുഷാർ വെള്ളാപ്പള്ളിയുടെ പ്രതികരണത്തിനും പിസി ജോർജ് മറുപടി നൽകി. തുഷാർ വെള്ളാപ്പള്ളിക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയവും തനിക്ക് തന്റെ രാഷ്ട്രീയവുമാണ്. കോട്ടയത്ത് തുഷാർ മത്സരിച്ചാൽ വിളിച്ചാൽ പോകുമെന്നും വിളിക്കാത്ത സ്ഥലത്ത് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വയം നിയന്ത്രിക്കണമെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞത് നന്നായെന്നും തുഷാർ തന്നെ പ്രചാരണത്തിന് വിളിക്കുമെന്ന് തോന്നുന്നുണ്ടോയെന്നും പിസി ജോർജ് ചോദിച്ചു. വിളിക്കാതെ പ്രചാരണത്തിന് പോകേണ്ട കാര്യം ഇല്ലല്ലോ. വിളിക്കാതെ പോകാൻ താൻ ചന്തയല്ലെന്നും പിസി ജോർജ് തുറന്നടിച്ചു. അതേസമയം, പിസി ജോർജിന് പിണക്കമെന്നത് മാധ്യമ സൃഷ്ടിയെന്ന് അനിൽ ആന്റണി പറഞ്ഞു.
മുതിർന്ന നേതാവായ ജോർജിന്റെ പിന്തുണ തനിക്കുണ്ടാകും. പിസി ജോർജിന്റെ അനുഗ്രഹത്തോടെ പ്രചാരണം തുടങ്ങാൻ കഴിഞ്ഞത് സന്തോഷമെന്നും അനിൽ ആന്റണി പറഞ്ഞു.ഉറപ്പിച്ച് സീറ്റ് അനിൽ ആന്റണിക്ക് നൽകിയതിലായിരുന്നു പിസി ജോർജിന്റെ കടുത്ത അമർഷം. മിതത്വം പാലിക്കണമെന്ന് ദേശീയ നേതാക്കൾ ജോർജ്ജിനെ വിളിച്ചറിയിച്ചിരുന്നു. വേണ്ട പരിഗണന നൽകുമെന്നും പറഞ്ഞിരുന്നു.
അതേ സമയം ജോർജ്ജിന്റെ വിമർശനങ്ങളിൽ സംസ്ഥാന എൻഡിഎ നേതൃത്വത്തിന് അതൃപ്തിയുണ്ട്. പി സി ക്കെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞുയ ഭാഷയിൽ മിതത്വം പാലിക്കണമെന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ. പാർട്ടി എല്ലാം മനസിലാക്കുന്നു. അനിൽ ആന്റണിയെ അറിയാത്ത ആരും കേരളത്തിൽ ഇല്ല. മികച്ച സ്ഥാനാർത്ഥിയാണ്, അദ്ദേഹം വിജയിക്കും. പൊതു പ്രവർത്തകർ സംസാരിക്കുമ്പോൾ മിതത്വം പാലിക്കണം. ഏന്തെങ്കിലും ഫെയ്‌സ് ബുക്കിലൂടെ പറയുന്നവർക്കെതിരെ നടപടിയുണ്ടാകും.പി സി ജോർജ് ഇപ്പോൾ വന്നല്ലേയുള്ളൂ, നിലവിൽ നടപടിയെടുത്തത് വർഷങ്ങളായി പാർട്ടിയിലുള്ളവർക്കു നേരെയാമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.