- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി സി ജോർജും ഷോൺ ജോർജും ബിജെപിയിൽ ചേർന്നു
ന്യൂഡൽഹി: പി.സി.ജോർജ് നേതൃത്വം നൽകുന്ന കേരള ജനപക്ഷം (സെക്കുലർ) ബിജെപിയിൽ ലയിച്ചു. പാർട്ടി ചെയർമാൻ പി.സി.ജോർജ്, മകൻ ഷോൺ ജോർജ്, ജോർജ് ജോസഫ് കാക്കനാട് എന്നിവർ ബിജെപി അംഗത്വം സ്വീകരിച്ചു. ഡൽഹിയിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, ബിജെപി. കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ, അനിൽ ആന്റണി എന്നിവർ സന്നിഹിതരായ ചടങ്ങിലായിരുന്നു അംഗത്വം സ്വീകരണം.
പ്രകാശ് ജാവദേക്കറും വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും സംസ്ഥാനത്തിന്റെ ചുമതലയുള്ള രാധാമോഹൻദാസ് അഗർവാളും ചേർന്ന് പി.സി. ജോർജിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. പി.സി. ജോർജിന്റെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജും അംഗത്വം സ്വീകരിച്ചു.
രണ്ടു മാസമായി നടക്കുന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണു തീരുമാനമെന്നും ബിജെപിയിൽ ചേരണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണെന്നും പി.സി.ജോർജ് പ്രതികരിച്ചിരുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ പത്തനംതിട്ടയിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി അഞ്ചു സീറ്റ് നേടുമെന്ന് പിസി ജോർജ് പറഞ്ഞു.
പിസി ജോർജിന്റെ വരവോടെ ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചാരണം പൊളിഞ്ഞുവെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ഇത് വെറും തുടക്കം മാത്രമാണെന്ന് പ്രകാശ് ജാവദേക്കറും പ്രതികരിച്ചു. ഇനിയും കൂടുതൽ പേർ പാർട്ടിയിലേക്ക് വരുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. വൈകിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ എന്നിവരുമായി പി സി ജോർജ് കൂടിക്കാഴ്ച നടത്തും.