കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരെ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ. മനു തോമസ് പതിനഞ്ച് മാസമായി യാതൊരു രാഷ്ട്രീയപ്രവർത്തനവും നടത്താത്ത ആളാണെന്ന് ജയരാജൻ വിമർശിച്ചു. സ്വർണ്ണ-ക്വട്ടേഷൻ സംഘത്തിനെതിരെ പോരാടുകയാണെന്ന അവകാശവാദം ആരെ കബളിപ്പിക്കാനാണെന്ന് അദ്ദേഹം ചോദിച്ചു. പാർട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വെച്ച് തെറ്റായ ആരോപണങ്ങളുന്നയിച്ചാൽ കൂട്ടുനിൽക്കാനാവില്ല. ഒരു പത്രത്തിൽ നടത്തിയ പരാമർശത്തിലൂടെ തന്നെയും താറടിച്ച് കാണിക്കാൻ മനു തോമസ് ശ്രമിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.ജയരാജൻ ഫേസ്‌ബുക്കിൽ പോസ്റ്റിൽ പറഞ്ഞു.

മനു തോമസിന്റെ ആരോപണങ്ങൾ വാർത്തയാക്കിയ മാധ്യമങ്ങൾക്കെതിരെയും വിമർശനം ഉന്നയിച്ചു കൊണ്ടാണ് ജയരാജന്റെ വിമർശനം. കർഷക കുടുംബത്തിൽ നിന്ന് എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതാവായി വളർന്ന് പാർട്ടി ജില്ലാ കമ്മിറ്റിയിലെത്തിയ മനു തോമസിന് ജീവിതത്തിൽ ഒട്ടേറെ ത്യാഗങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ അന്നൊന്നും ലഭിക്കാത്ത അനീതിക്കെതിരായ പോരാളി ഇപ്പോൾ അദ്ദേഹത്തിന് മാധ്യമങ്ങൾ നൽകുകയാണെന്നും അദ്ദേഹം വിമർശിച്ചു. സിപിഎമ്മിൽ നിന്ന് പുറത്തുപോയതുകൊണ്ടാണ് ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ 15 മാസമായി യാതൊരു രാഷ്ട്രീയ പ്രവർത്തനവും നടത്താതെ വീട്ടിലിരുന്ന ആളാണ് മനു തോമസ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോലും പാർട്ടിക്കു വേണ്ടി പ്രവർത്തിക്കാത്തയാളാണ്. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം മനു തോമസ് ഉന്നയിക്കുന്നത് ആരെ കബളിപ്പിക്കാനാണ്? പാർട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വച്ച് ബോധപൂർവ്വം തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചാൽ അതിന് കൂട്ടുനിൽക്കാൻ പാർട്ടിയെ കിട്ടില്ലെന്ന് ജയരാജൻ പറയുന്നു.

അനുഭാവികളുടെ പരാതികൾ പോലും അന്വേഷിച്ച് നടപടി എടുക്കുന്ന പാരമ്പര്യമാണ് കണ്ണൂർ ജില്ലയിലെ പാർട്ടിക്കുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ കമ്മറ്റി അംഗത്തിന്റെ പരാതി എത്ര മാത്രം ഗൗരവമായാണ് പരിഗണിച്ചിട്ടുണ്ടാവുക എന്നത് അനുമാനിക്കാവുന്ന കാര്യമാണ്. അതുകൊണ്ട് മനു തോമസാണ് ഇക്കാര്യത്തിൽ തിരുത്തേണ്ടത്. പാർട്ടി ജില്ലാ കമ്മിറ്റിയിൽ മുഴുവൻ സമയ പ്രവർത്തകനായി ഉൾപ്പെടുത്തിയപ്പോൾ തളിപ്പറമ്പിലും , തലശ്ശേരിയിലും നടത്തുന്ന വ്യാപാര സംരംഭങ്ങളിൽ നിന്ന് ഒഴിവാകണമെന്ന് മനു തോമസിനോട് ആവശ്യപ്പെട്ടിരുന്നു.

പാർട്ടി അംഗത്വത്തിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുണ്ട്. എന്നാൽ മുഴുവൻ സമയ പാർട്ടി പ്രവർത്തകർ മറ്റ് ജോലികൾ ചെയ്യുന്നത് ഒഴിവാക്കണമെന്ന് നിഷ്‌കർഷിക്കാറുണ്ട്. ഇക്കാര്യത്തിൽ തിരുത്തേണ്ടത് അദ്ദേഹം തന്നെയാണ്. ഇരുപതിലേറെ വർഷക്കാലത്തെ രാഷ്ട്രീയ ജീവിതത്തിൽ വിലപ്പെട്ടതെന്ന് കരുതിയ പ്രസ്ഥാനത്തെ കരിവാരി തേക്കാതിരിക്കാൻ അദ്ദേഹം ഇനിയെങ്കിലും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഫേസ്‌ബുക്ക് കുറിൽ പി ജയരാജൻ വ്യക്തമാക്കി.