- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയരാജനെ വെല്ലുവിളിച്ച് മനുതോമസ്; കണ്ണൂരിൽ സഖാക്കൾ രണ്ടു ചേരിയിലേക്ക്
കണ്ണൂർ: വാക് യുദ്ധം മനുതോമസും പി ജയരാജനും തമ്മിൽ. സിപിഐഎം നേതാവ് പി ജയരാജനെതിരെ തുറന്നടിച്ച് മുൻ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം മനു തോമസ് രംഗത്ത്. ഉന്നത പദവിയിലിരുന്ന് പാർട്ടിയെ പ്രതിസന്ധിയിൽ ആക്കിയ ആളാണ് പി ജയരാജൻ എന്ന് മനു തോമസ് പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിയെ വരെ പി ജയരാജൻ മാറ്റിയിരുന്നതായി ഫേസ്‌ബുക്ക് പോസ്റ്റിൽ മനു തോമസ് പറയുന്നു. കണ്ണൂരിലെ സഖാക്കളെ രണ്ടു ചേരിയിലാക്കുന്ന തരത്തിൽ ഈ ഫെയ്‌സ് ബുക്ക് പോസ്റ്റ് കാര്യങ്ങളെത്തിക്കും. ആദ്യമായാണ് കണ്ണൂരിൽ സിപിഎമ്മുമായി അടുത്തു നിന്ന ഒരാൾ പി ജയരാജനെതിരെ രൂക്ഷമായ വിമർശനം ഉയർത്തുന്നത്.
പി ജയരാജന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണെന്ന് മനു തോമസ് ഫേസ്‌ബുക്കിൽ കുറിച്ചു. വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ കോപ്പി കച്ചവടങ്ങളുണ്ടെന്നും മനു തോമസ് പറയുന്നു. തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്ന് പറഞ്ഞ മനു തോമസ് പാർട്ടിയിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ പി ജയരാജൻ ശ്രമിച്ചതായും വെളിപ്പെടുത്തി. ഇതോടെ ജയരാജനും മനു തോമസും തമ്മിലുള്ള പോര് പുതിയ തലത്തിലെത്തുകയാണ്. തന്റെ പ്രതികരണങ്ങൾക്ക് ജയരാജൻ ഫെയ്‌സ് ബുക്കിലൂടെ മറുപടി പറയണമെന്ന പരോക്ഷ സൂചനയാണ് മനുതോമസ് വയ്ക്കുന്നത്. തന്റെ പോസ്റ്റിന്റെ കമന്റ് ബോക്‌സ് ഓഫ് ചെയ്ത് മനുതോമസ് ജയരാജനെ നേരിട്ട് വെല്ലുവിളിക്കുകയാണ്. ആർമികൾക്കായി കമന്റ് ബോക്‌സ് തുറന്നു കൊടുക്കുന്നില്ലെന്ന പരാമർശവും മനു തോമസ് നടത്തുന്നു.
സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെതിരെ പി.ജയരാജൻ രംഗത്ത് വന്നിരുന്നു. നിർണ്ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോലും പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാത്തയാൾ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം ഉന്നയിക്കുന്നത് കബളിപ്പിക്കലാണെന്ന് പി.ജയരാജൻ ഫേസ്‌ബുക്ക് കുറിപ്പിൽ വിശദീകരിച്ചു. ജൂൺ 25 ന്റെ മനോരമ പത്രത്തിൽ തനിക്കെതിരെയും അദ്ദേഹം ഒരു പരാമർശം നടത്തിയതായി കാണുന്നുവെന്നും അത് ഒരു പൊതുപ്രവർത്തകനായ തന്നെ ജനമധ്യത്തിൽ താറടിച്ചു കാണിക്കാനുള്ള ശ്രമമാണെന്നും ജയരാജൻ പറഞ്ഞു. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് മനു തോമസ് ആരോപണം കടുപ്പിക്കുന്നത്.
മനുതോമസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ
ശ്രി. പി.ജയരാജൻ ..
താങ്കൾ തന്നെ സോഷ്യൽ മീഡിയയിലൂടെ ഒരു സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക്
മാധ്യമങ്ങളിലൂടെ പാർട്ടിയെ കൊത്തി വലിക്കാൻ അവസരമൊരുക്കുകയാണ് താങ്കൾ' ചെയ്യുന്നത്.
ഉന്നത പദവിയിലിരുന്ന് പാർട്ടിയെ പലവട്ടം ഇതുപോലെ പ്രതിസന്ധിയിൽ ആക്കിയ' ആളാണ് താങ്കൾ..ഓർമ്മയുണ്ടാകുമല്ലോ പലതും.
താങ്കളുടെ' ഇന്നത്തെ അവസ്ഥ പരമദയനീയവുമാണ്
താങ്കൾ' സ്വന്തം' ഫാൻസുകാർക്ക് വേണ്ട കണ്ടന്റ് പാർട്ടിയുടെത് എന്ന് തെറ്റിദ്ധരിപ്പിച്ചു തുടങ്ങിയതുകൊണ്ട്' എന്തായാലുംനമ്മുക്കൊരു സംവാദം തുടങ്ങാം "
ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിമാരെ വരെ സൃഷ്ടിക്കാൻ കഴിയുന്ന താങ്കളുടെ പാടവവും
വിദേശത്തും സ്വദേശത്തും മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് കെട്ടിപൊക്കിയ 'കോപ്പി'കച്ചവടങ്ങളും എല്ലാം നമ്മുക്ക്' പറയാം
ഈയടുത്ത് പാർട്ടിയിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ചർച്ച നടത്തിയതടക്കം
എല്ലാം ജനങ്ങൾ അറിയട്ടെ
പാർട്ടിക്കറിയാത്ത ജനങ്ങൾക്കറിയാത്ത
ഒന്നും എനിക്ക് മറച്ചുവയ്ക്കാനില്ല താങ്കൾക്ക് എന്തെങ്കിലും എന്നെ കുറിച്ച് പറയാനുണ്ടെങ്കിൽ പറഞ്ഞോ....'
പണിയെടുത്ത് തിന്നുന്നതാണ് എനിക്കിഷ്ട്ം??
സ്വാഗതം....'
(ആർമിക്കാർക്ക് കമന്റ് ബോക്‌സ് തുറന്നു കൊടുത്തിട്ടില്ല
സംവാദത്തിന്' ഫാൻസുകാരെ അല്ല ക്ഷണിച്ചത് വെറുതെ സമയംകളയണ്ട )
പി.ജയരാജന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ഒരു 'വിപ്ലവകാരി'യുടെ പതനം വലതുപക്ഷ മാധ്യമങ്ങൾ എത്ര ആഘോഷമായാണ് കൊണ്ടാടുന്നത് എന്നത് ആലോചിച്ചു നോക്കുക. കോളേജ് ജീവിത കാലത്ത് ചപ്പാരപ്പടവിലെ കർഷക കുടുംബത്തിൽ ജനിച്ച ഒരു യുവാവ് എസ്.എഫ്.ഐ പ്രവർത്തകൻ ആയി., കോളേജ് യൂണിയൻ ഭാരവാഹി ആയി, എസ്.എഫ്.ഐ നേതാവ് ആയി. ഡിവൈഎഫ്ഐ യുടെ നേതാവ് ആയി ഉയരുന്നു, തദ്ദേശ ഭരണ സ്ഥാപനത്തിലെ ഭാരവാഹി ആയും മാറുന്നു. സിപിഎം അംഗമാകുന്നു. ഒടുവിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗമായി നിയോഗിക്കപ്പെടുന്നു., കൊല്ലങ്ങളായി സിപിഎം നേതാവായി പ്രവർത്തിക്കുന്ന ഒരാൾക്ക് 2024 ജൂൺ 24 ന് അതേവരെ കിട്ടാത്ത മാധ്യമ കവറേജ് എന്തുകൊണ്ട് ലഭിക്കുന്നു എന്നതാണ് കൗതുകകരം. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. ജയിൽ ജീവിതം ഉണ്ടായിട്ടുണ്ട്. അക്കാലത്തൊന്നും നൽകാത്ത 'അനീതിക്കെതിരായ പോരാളി' പരിവേഷം ഇപ്പോൾ മാത്രം നൽകുന്നതിന്റെ പിന്നിലെന്താണ് ഒറ്റ ഉത്തരമേ ഉള്ളൂ. അദ്ദേഹം സിപിഎം ൽ നിന്ന് സ്വയം പുറത്ത് പോയിരിക്കുന്നു. അത്തരമൊരാളെ ഉപയോഗിച്ച് പാർട്ടിക്കെതിരെ എന്തെല്ലാം പറയിപ്പിക്കാൻ പറ്റും എന്നാണ് മാധ്യമ ശ്രമം. ഈ മാധ്യമ ശ്രമത്തിന്റെ ഭാഗമെന്നോണം ജൂൺ 25 ന്റെ മനോരമ പത്രത്തിൽ എനിക്കെതിരെയും അദ്ദേഹം ഒരു പരാമർശം നടത്തിയതായി കാണുന്നു. അത് ഒരു പൊതുപ്രവർത്തകനായ എന്നെ ജനമധ്യത്തിൽ താറടിച്ചു കാണിക്കാനുള്ള ശ്രമമാണ്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും.
കഴിഞ്ഞ 15 മാസമായി യാതൊരു രാഷ്ട്രീയ പ്രവർത്തനവും നടത്താതെ വീട്ടിലിരുന്ന ആൾ , എന്തിനേറെ പറയുന്നു അതിനിർണ്ണായകമായ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോലും പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാത്തയാൾ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന അവകാശവാദം ഉന്നയിക്കുമ്പോൾ ആരെയാണദ്ദേഹം കബളിപ്പിക്കാൻ ശ്രമിക്കുന്നത്. അദ്ദേഹം പാർട്ടിയിലെ ആരെയെങ്കിലും ലക്ഷ്യം വച്ച് ബോധപൂർവ്വം തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചാൽ അതിന് അരുനിൽക്കാൻ പാർട്ടിയെ കിട്ടില്ല.
അതേ സമയം പാർട്ടിക്ക് ലഭിക്കുന്ന അനുഭാവികളുടെ പരാതികൾ പോലും അന്വേഷിച്ച് നടപടി എടുക്കുന്ന പാരമ്പര്യമാണ് കണ്ണൂർ ജില്ലയിലെ പാർട്ടിക്കുള്ളത്. ഇവിടെ ഒരു ജില്ലാ കമ്മറ്റി അംഗത്തിന്റെ പരാതി എത്ര മാത്രം ഗൗരവമായാണ് പരിഗണിച്ചിട്ടുണ്ടാവുക എന്നത് അനുമാനിക്കാവുന്ന കാര്യമാണ്. അതുകൊണ്ട് അദ്ദേഹമാണ് ഇക്കാര്യത്തിൽ തിരുത്തൽ വരുത്തേണ്ടത്. പാർട്ടി ജില്ലാ കമ്മിറ്റിയിൽ മുഴുവൻ സമയ പ്രവർത്തകൻ എന്ന നിലയിൽ ഉൾപ്പെടുത്തപ്പെട്ടപ്പോൾ ഒരു കാര്യം അദ്ദേഹത്തോട് പാർട്ടി ആവശ്യപ്പെട്ടിരുന്നു. തളിപ്പറമ്പിലും , തലശ്ശേരിയിലും നടത്തുന്ന വ്യാപാര സംരംഭങ്ങളിൽ നിന്ന് ഒഴിവാകണം.
കമ്മ്യൂണിസ്റ്റ് പാർട്ടി നാനാ വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന പാർട്ടിയാണ്. പാർട്ടി അംഗത്വത്തിൽ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരുണ്ട്. എന്നാൽ മുഴുവൻ സമയ പാർട്ടി പ്രവർത്തകർ മറ്റ് ജോലികൾ ചെയ്യുന്നത് ഒഴിവാക്കണമെന്ന് എല്ലാവരോടും നിഷ്‌കർഷിക്കാറുണ്ട്. ഇക്കാര്യത്തിൽ തിരുത്തൽ വരുത്തേണ്ടത് അദ്ദേഹം തന്നെയായിരുന്നു. അതിനാൽ തന്റെ ഇരുപതിലേറെ വർഷക്കാലത്തെ രാഷ്ട്രീയ ജീവിതത്തിൽ വിലപ്പെട്ടതെന്ന് കരുതിയ പ്രസ്ഥാനത്തെ കരിവാരി തേക്കാതിരിക്കാൻ അദ്ദേഹം ഇനിയെങ്കിലും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഷാജറിനെതിരെ കത്ത് നൽകിയ മനു തോമസ്
സ്വർണ്ണ കടത്ത് ക്വട്ടേഷൻ ബന്ധം വിവാദത്തിൽ മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് നൽകിയ പരാതി പുറത്ത് വന്നിരുന്നു. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജറിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു മനു തോമസിന്റെ പരാതി. ഡിവൈഎഫ്ഐയുടെ മുൻ ജില്ല സെക്രട്ടറിയായിരുന്ന എം. ഷാജറിന് എതിരെ മനു തോമസ് പരാതി നൽകിട്ടില്ലെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം. വി. ജയരാജൻ വ്യക്തമാക്കിയിരുന്നു. ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന കത്താണ് പുറത്ത് വന്നിരിക്കുന്നത്.
സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ചേർന്ന് എം. ഷാജർ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് മനു തോമസിന്റെ പരാതിയിൽ പറയുന്നത്. 2023 ഏപ്രിലിലാണ് മനു തോമസ് സംസ്ഥാന സെക്രട്ടറിക്ക് പരാതിയായി കത്ത് നൽകിയത്. താൻ പറഞ്ഞ പരാതിയുടെ തെളിവായി ശബ്ദരേഖയും ജില്ലാ കമ്മിറ്റിക്ക് ലഭിച്ചതായി മനു തോമസ് പരാതിയിൽ പറയുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിക്കാണ് പരാതി നൽകിയിരിക്കുന്നത്.
ശബ്ദരേഖ വന്നത് ആകാശ് തില്ലങ്കേരിയുടെ രഹസ്യ വാട്സ്ആപ്പ് ഗ്രൂപ്പിലാണ്. പരാതി അന്വേഷിക്കാൻ ഒരു വർഷത്തോളം ജില്ലാ കമ്മിറ്റി തയ്യാറായില്ലെന്നും മൂന്ന് തവണ ജില്ലാ കമ്മിറ്റിയിൽ വിഷയം ഉന്നയിച്ചെന്നും മനു തോമസ് പറയുന്നു. ഷാജറിന് ശ്രദ്ധക്കുറവ് ഉണ്ടായി എന്ന പരാമർശം മാത്രമാണ് അന്വേഷണ കമ്മീഷൻ നടത്തിയതെന്നും മനു തോമസ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. മനു തോമസ് പാർട്ടിയിൽ നിന്ന് പുറത്ത് ആയതോടെ നടത്തുന്ന പ്രതികരണങ്ങൾ സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാണ് ആക്കുന്നത്.