കണ്ണൂർ: സകല ദുഷിച്ച പ്രവർത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങൾക്കും പിന്തുണ നൽകുകയും ചെയ്തിട്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ താൻ ഹരിശ്ചന്ദ്രനാണെന്നും പറഞ്ഞു ഇറങ്ങിയിരിക്കുകയാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലെന്ന് പി ജയാരജൻ. എത്രയൊക്കെ തറവേല നടത്തിയാലും ശൈലജ ടീച്ചറുടെ ജയം തടയാനാകില്ലെന്നും വൻ ഭൂരിപക്ഷത്തിൽ ടീച്ചർ വിജയിക്കുമെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു

പി.ജയരാജന്റെ ഫേസ്‌ബുക്ക് കുറിപ്പ്

സകല ദുഷിച്ച പ്രവർത്തനങ്ങളും ചെയ്യുകയും എല്ലാ തോന്ന്യാസങ്ങൾക്കും പിന്തുണ നൽകുകയും ചെയ്തിട്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഞാൻ ഹരിശ്ചന്ദ്രനാണെന്നും പറഞ്ഞു ഇറങ്ങിയിരിക്കുകയാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. മതത്തിന്റെ പ്ലസ് വേണ്ടെന്നും വർഗീയവാദിയെന്ന പേര് വേദനിപ്പിച്ചുവെന്നുമാണ് ഇപ്പൊ ടിയാൻ പറയുന്നത്. പോളിങ് തീരുന്ന സമയം വരെ എന്തുകൊണ്ടാ ഈ മാന്യൻ ഇതൊന്നും പറയാതിരുന്നത്?

ശൈലജ ടീച്ചർ ഇസ്ലാമിനെതിരെ പ്രസംഗിച്ചു എന്നും പറഞ്ഞു യുഡിഎഫുകാർ ഇറക്കിയ വ്യാജ വിഡിയോയെ ഇലക്ഷൻ തീരുന്നത് വരെ എവിടെയെങ്കിലും ഈ മാന്യദേഹം തള്ളി പറഞ്ഞുവോ? ഒരു നാടിനെയാകെ മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ട് ഇപ്പോൾ മോങ്ങിയിട്ട് കാര്യമില്ല മിസ്റ്റർ ഷാഫി. തിരഞ്ഞെടുപ്പ് വരും പോകും. ജയിക്കും തോൽക്കും.പക്ഷെ ഒരു നാട്ടിൽ ഇത്തരം വിഷലിപ്തമായ പ്രചരണം നടത്തരുത്. ഇന്നലെ മുളച്ചുപൊന്തിയ ബുദ്ധിയില്ലാത്ത മാങ്കൂട്ടങ്ങൾക്ക് നാടിനെ സംരക്ഷിക്കണമെന്നോ മാന്യമായി രാഷ്ട്രീയം പറയണമെന്നോ ഉണ്ടാവില്ല.

മൂന്നു തവണ എംഎൽഎ ആയിരുന്ന ഷാഫിക്കെങ്കിലും ഈ ചിന്ത വേണമായിരുന്നു. അമർ അക്‌ബർ അന്തോണി എന്ന സിനിമയിലെ നല്ലവനായ ഉണ്ണിയെപ്പോലെയാണ് ഷാഫി പറമ്പിൽ. നിങ്ങൾ നടത്തിയ വർഗീയ പ്രചരണം സമൂഹത്തിലുണ്ടാക്കിയ ആഘാതത്തിന്റെ പ്രത്യാഘാതം തിരിച്ചറിഞ്ഞു നാടിന്റെ നന്മ ആഗ്രഹിക്കുന്ന നിങ്ങളുടെ കൂട്ടത്തിൽ തന്നെയുള്ളവർ പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്. എത്രയൊക്കെ തറവേല നടത്തിയാലും ശൈലജ ടീച്ചറുടെ ജയം തടയാൻ നിങ്ങൾക്കാകില്ല.വൻ ഭൂരിപക്ഷത്തിൽ ടീച്ചർ വിജയിക്കും.