- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പാർട്ടി പ്രവർത്തകർക്ക് ഏതെങ്കിലും വ്യതിചലനം ഉണ്ടായാൽ പാർട്ടി ചൂണ്ടിക്കാട്ടും, തിരുത്താൻ ആവശ്യപ്പെടും; തിരുത്തിയില്ലെങ്കിൽ സിപിഎമ്മിൽ അവർക്ക് സിപിഎമ്മിൽ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കും'; ആരായാലും പാർട്ടി തിരുത്തുമെന്ന് ഓർമ്മിപ്പിച്ച് വീണ്ടും പി ജയരാജൻ; വ്യക്തിപൂജാ വിവാദത്തിൽ ഒതുക്കിയവർക്കെതിരെ പി ജെ രണ്ടും കൽപ്പിച്ചു കളത്തിൽ
കാഞ്ഞങ്ങാട്: സിപിഎമ്മിലുള്ളിൽ എം വി ഗോവിന്ദൻ തുടങ്ങിവെച്ച ശുദ്ധീകരണ ലൈനിൽ പിടിച്ച് ഇ പി ജയരാജനെതിരെ ആഞ്ഞടിച്ച പി ജയരാജൻ വീണ്ടും പാർട്ടി നേതാക്കളെ തിരുത്തുന്നത് എങ്ങനെയെന്ന് ഓർമ്മപ്പെടുത്തി വീണ്ടും രംഗത്ത്. പാർട്ടി പ്രവർത്തകർക്ക് ഏതെങ്കിലും വ്യതിചലനം ഉണ്ടായാൽ പാർട്ടി ചൂണ്ടിക്കാണിക്കുകയും തിരുത്താൻ ആവശ്യപ്പെടുകയും ചെയ്യും. തിരുത്തിയില്ലെങ്കിൽ സിപിഎമ്മിൽ അവർക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുമെന്ന് പി ജയരാജൻ പറഞ്ഞു. കാഞ്ഞങ്ങാട് ഒരു സിപിഎം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിനു വേണ്ടി പൊരുതുകയും നാട്ടിലെ ജനങ്ങൾക്ക് സേവനം ചെയ്യുകയും ചെയ്തിട്ടുള്ള സിപിഎമ്മിനെ എല്ലാക്കാലത്തും ഇല്ലാക്കഥകൾ പ്രചരിപ്പിച്ച് ആക്രമണം നടത്താൻ വലതുപക്ഷ രാഷ്ട്രീയക്കാരും വലതുപക്ഷ മാധ്യമങ്ങളും തയ്യാറായിട്ടുണ്ട്. സിപിഎമ്മിനകത്ത് വലിയ കുഴപ്പം നടക്കാൻ പോകുന്നു എന്ന മട്ടിലാണ് ഇന്നലത്തെയും ഇന്നത്തെയും മാധ്യമങ്ങളിലെ വാർത്തകൾ പറയുന്നത്.
ജനങ്ങളോട് പറയുന്ന കാര്യങ്ങൾ മാധ്യമങ്ങൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്താൽ മതി. അല്ലയോ വലതുപക്ഷ മാധ്യമങ്ങളേ...സിപിഎം എന്ന പാർട്ടി ഒരു പ്രത്യേക തരം പാർട്ടിയാണ്. അത് കോൺഗ്രസിനെപ്പോലെയല്ല, ബിജെപിയെപ്പോലെയല്ല, മുസ്ലിം ലീഗിനെപ്പോലെയല്ല... ഓരോ പാർട്ടി മെമ്പറും സിപിഎമ്മിലേക്ക് കടന്നുവരുമ്പോൾ ഒപ്പിട്ടു നൽകുന്ന ഒരു പ്രതിജ്ഞയുണ്ട്. വ്യക്തി താൽപ്പര്യം പാർട്ടിയുടേയും സമൂഹത്തിന്റേയും താൽപ്പര്യങ്ങൾക്ക് കീഴ്പ്പെടുത്തണം എന്നാണ്.
അത് കൃത്യമായിട്ട് നടപ്പാക്കും കമ്യൂണിസ്റ്റ് പാർട്ടി. ഈ നാടിന്റെ താൽപ്പര്യത്തിന്, പാർട്ടിയുടെ താൽപ്പര്യത്തിന് കീഴ് വഴങ്ങിക്കൊണ്ടുള്ള നിലപാടാണ് ഓരോ പാർട്ടി നേതാവും ഓരോ പാർട്ടി അംഗവും സ്വീകരിക്കേണ്ടത്. സ്വാഭാവികമായിട്ടും നമ്മുടെ സമൂഹത്തിൽ ഒട്ടേറെ ജീർണതകളുണ്ട്. ആ ആശയങ്ങൾ സിപിഎമ്മിന്റെ ഏതെങ്കിലും ഒരു പ്രവർത്തകനെ ബാധിക്കുമ്പോൾ സ്വാഭാവികമായിട്ടും പാർട്ടി ചർച്ച ചെയ്യും. ഇങ്ങനെ ബാധിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടും.
കാരണം സിപിഎം നിലകൊള്ളുന്നത് മതനിരപേക്ഷതയ്ക്കു വേണ്ടിയിട്ടാണ്. ആ മതനിരപേക്ഷതയുടെ സത്ത ഉൾക്കൊണ്ട് പ്രവർത്തിക്കേണ്ടതാണ് സിപിഎം പ്രവർത്തകന്മാർ. വ്യതിചലനം ഉണ്ടെങ്കിൽ പാർട്ടി ചൂണ്ടിക്കാണിക്കും. തിരുത്താൻ ആവശ്യപ്പെടും. തിരുത്തിയില്ലെങ്കിൽ സിപിഎമ്മിൽ അവർക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കും. അതാണ് സിപിഎമ്മിന്റെ സവിശേഷത. പി ജയരാജൻ പറഞ്ഞു.
ഈ നിലപാട് കോൺഗ്രസിനകത്ത് ഉണ്ടോയെന്ന് വലതുപക്ഷ മാധ്യമങ്ങൾ പറയട്ടെയെന്ന് പി ജയരാജൻ അഭിപ്രായപ്പെട്ടു. കമ്യൂണിസ്റ്റ് പാർട്ടിയിൽ ചർച്ച നടന്നാൽ ഈ പാർട്ടി തകരുകയല്ല ചെയ്യുക, ഊതിക്കാച്ചിയ പൊന്നു പോലെ ശുദ്ധമായ സ്വർണം കിട്ടുന്നതുപോലെ ശുദ്ധമായിട്ടുള്ള ഒരു പ്രസ്ഥാനം രൂപപ്പെടുകയാണ് ചെയ്യുന്നതെന്നും പി ജയരാജൻ പറഞ്ഞു.
കണ്ണൂരിലെ മൊറാഴയിൽ ആയുർവേദ റിസോർട്ടിന്റെ മറവിൽ എൽഡിഎഫ് കൺവീനറും മുതിർന്ന സിപിഎം നേതാവുമായ ഇപി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന്, സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജൻ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പി ജയരാജന്റെ ഇപ്പോഴത്തെ പ്രസ്താവനയും.
ഇരുതല മൂർച്ചയുള്ള വാളുമായാണ് പി ജയരാജന്റെ നീക്കങ്ങൾ. ജയരാജൻ കരുതലോടെയാണ് നീങ്ങുന്നത്. ആദ്യ ലക്ഷ്യമാണ് ഇപി ജയരാജൻ. പാർട്ടി ചട്ടക്കൂടിൽ നിന്ന് തന്നെ തളർത്തിയവർക്ക് മറുപടി പറയുകയാണ് ജയരാജൻ. ഇത് കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തെ മാറ്റി മറിക്കും. പാർട്ടിയുടെ സ്വത്വത്തിൽ നിന്ന് വ്യതിചലിച്ചാൽ ചൂണ്ടിക്കാട്ടുകയും അത് തിരുത്താൻ ആവശ്യപ്പെടുകയും ചെയ്യും. തിരുത്തിയില്ലെങ്കിൽ സിപിഎമ്മിൽ അവർക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുമെന്നും പി.ജയരാജൻ. പാർട്ടിയിൽ ചർച്ച നടന്നാൽ അത് തകരുകയല്ല ചെയ്യുക. ഊതിക്കാച്ചിയ ശുദ്ധമായ സ്വർണം കിട്ടുന്നതുപോലെ ശുദ്ധമായ പ്രസ്ഥാനമായി മാറുമെന്നും ജയരാജൻ പറയുന്നത് ഈ തന്ത്രങ്ങളുടെ ഭാഗമാണ്. വി എസ് അച്യുതാനന്ദനെ പോലെ അണികളുടെ നേതാവാകാനുള്ള തയ്യാറെടുപ്പിലാണ് ജയരാജൻ.
സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ജയരാജനൊപ്പമുണ്ട്. അതാണ് പിജെയുടെ കരുത്ത്. സിപിഎം സംസ്ഥാന സമിതിയിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉന്നയിച്ചതായ വാർത്തകൾ വന്ന പശ്ചാത്തലത്തിലുള്ള പിജെയുടെ പ്രതികരണങ്ങൾ കരുതലോടെയാണ്. കാഞ്ഞങ്ങാട് നടന്ന പാർട്ടി പരിപാടിക്കിടെയാണ് ജയരാജൻ ആരോപണം തള്ളാതെ ഇക്കാര്യങ്ങൾ വിശദീകരിച്ചത്. അതേ സമയം തന്റെ ആരോപണം ഉയർത്തി സിപിഎമ്മിൽ കുഴപ്പമുണ്ടാകുമെന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകളെ അദ്ദേഹം വിമർശിക്കകുയം ചെയ്തു. സിപിഎമ്മിനകത്ത് നടക്കുന്ന ചർച്ചകൾ പാർട്ടിയെ ശക്തമാക്കുകയെ ഉള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതെല്ലാം ഉൾപാർട്ടി ജനാധിപത്യത്തിന്റെ ആവശ്യകത ചർച്ചയാക്കുകയാണ്. ഇനിയും സംസ്ഥാന സമിതി യോഗത്തിൽ ജയരാജൻ നേതാക്കളുടെ അനധികൃത ഇടപാടുകൾ ചർച്ചയാക്കും.
കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ മറവിൽ ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് സിപിഎം. മുൻ കണ്ണൂർ ജില്ലാസെക്രട്ടറിയും സംസ്ഥാനകമ്മിറ്റിയംഗവുമായ പി. ജയരാജൻ ഉന്നയിച്ചത്. നേതാക്കളുടെ വഴിവിട്ട പോക്കുതടയാൻ സിപിഎം. തെറ്റുതിരുത്തൽരേഖയുമായി രംഗത്തുവന്നിരിക്കേയായിരുന്നു പി. ജയരാജന്റെ ആരോപണം. തുടർഭരണം പാർട്ടിയിലുണ്ടാക്കിയ ജീർണതയും സംഘടനാപരമായി ഏറ്റെടുക്കേണ്ട അടിയന്തര കടമയും സംബന്ധിച്ച തെറ്റുതിരുത്തൽരേഖ ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാനകമ്മിറ്റി ചർച്ച ചെയ്തിരുന്നു. ഈ രേഖയുടെ ചർച്ചയിൽ ഇ.പി.ക്കെതിരേ പി. ജയരാജൻ തുറന്നടിക്കുകയായിരുന്നു. ഇതിനൊപ്പം ഇനിയും നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉയരും.
മറുനാടന് മലയാളി ബ്യൂറോ