- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരേ മുന്നണിയിലെ നേതാക്കന്മാർ; കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതരെ പിന്നെങ്ങനെ സമരം ചെയ്യും; ബിജെപി നടത്തുന്ന നിയമപരമായ പോരാട്ടങ്ങളോടും ജനങ്ങൾ സഹകരിക്കണമെന്ന് പി കെ കൃഷ്ണദാസ്
തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിഷയത്തിൽ ഇടതു മുന്നണിയെയും യുഡിഎഫിനെയും കുറ്റപ്പെടുത്തി ബിജെപി. ഒരേ മുന്നണിയിൽ പെട്ടവർ എങ്ങനെ സമരം ചെയ്യുമെന്ന ചോദ്യം ഉയർത്തിയാണ് ബിജെപി രംഗത്തുവന്നിരിക്കുന്നത്. ബാങ്ക് തട്ടിപ്പിനെതിരെ ബിജെപി നിയമപരമായ പോരാട്ടം നടത്തുമെന്നു ബിജെപി നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.
കുംഭകോണം നടന്ന ബാങ്കുകളിലെ നിക്ഷേപകരെ വിളിച്ചു പരാതി കേട്ടു നിയമപരമായ പരിഹാരം കാണാൻ ശ്രമിക്കും. സംസ്ഥാനത്തുടനീളം സഹകരണ അദാലത്തു നടത്തുകയാണെന്നും കൃഷ്ണദാസ് വിശദീകരിച്ചു. ഒരേ മുന്നണിയിലെ രണ്ടുനേതാക്കളാണു മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും. ഇന്ത്യ മുന്നണിയിലെ രണ്ടു നേതാക്കന്മാരാണു ഇരുവരും. പിന്നെ എങ്ങനെയാണു സമരം ചെയ്യാൻ സാധിക്കുക എന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസിൽ നിന്നു പിണറായി സർക്കാരിന്റെ അഴിമതിയെക്കുറിച്ച് സമരമോ പ്രതികരണമോ പ്രതിഷേധമോ പ്രതീക്ഷിക്കണ്ട. ബിജെപി നടത്തുന്ന എല്ലാ നിയമപരമായ പോരാട്ടങ്ങളോടും ജനങ്ങൾ സഹകരിക്കണമെന്നും കൃഷ്ണദാസ് അഭ്യർത്ഥിച്ചു. സഹകരണ ബാങ്കുകളിലൂടെ കള്ളപ്പണം വെളുപ്പിക്കലാണു മാർക്‌സിസ്റ്റ് പാർട്ടി ചെയ്യുന്നതെന്ന് കൃഷ്ണദാസ് ആരോപിച്ചു. തീവ്രവാദബന്ധമുള്ള സംഘടനകളുടെ കള്ളപ്പണമുൾപ്പടെ വെളുപ്പിക്കുകയാണ്. തീവ്രവാദസംഘടനകളുടെ നേതാക്കൾ മാർക്‌സിസ്റ്റ് പാർട്ടി നേതാക്കളിലൂടെയാണു സഹകരണബാങ്കുകളിൽ കള്ളപ്പണം നിക്ഷേപിക്കുന്നത്.
മാർക്‌സിസ്റ്റ് പാർട്ടിയുടെ നേതാക്കന്മാർ അവരുടെ കള്ളപ്പണം വെളുപ്പിക്കാൻ സഹകരണ ബാങ്കുകളെ ദുരുപയോഗം ചെയ്യുകയാണ്. സഹകരണബാങ്കുകളെ സ്വിസ് ബാങ്കുകളാക്കി മാറ്റാനാണു മാർക്‌സിസ്റ്റ് നേതൃത്വം പരിശ്രമിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. 5000 കോടിയിലധികം രൂപയുടെ കുംഭകോണമാണു നടന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.




