- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ തിരോധാനത്താൽ സംസ്ഥാനത്ത് ഗുരുതര ഭരണ പ്രതിസന്ധി
കണ്ണൂർ: വിദേശയാത്ര നടത്തിവരുന്ന മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷമായ വിമർശനവുമായി ബിജെപി നേതൃത്വം. സഹപ്രവർത്തകരേയും നാട്ടുകാരേയും അറിയിക്കാതെ വിദേശത്തേക്ക പോയ മുഖ്യമന്ത്രിയുടെ നടപടി സംസ്ഥാനത്ത് ഗുരുതര ഭരണ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിനോദ സഞ്ചാരത്തിന്റെ ഭാഗമായാണ് വിദേശ യാത്രയെന്നാണ് പറയപ്പെടുന്നത്. സംസ്ഥാനം അതീവ ഗുരുതര പ്രതിസന്ധി നേരിടുമ്പോഴാണ് ആരേയും അറിയിക്കാതെ മുഖ്യമന്ത്രി വിദേശത്തേക്ക് പോയത്. പ്രതിസന്ധിയിൽ നിന്നുള്ള ഒളിച്ചോട്ടമായി മാത്രമേ ഇതിനെ കാണാനാവൂ. ഉഷ്ണ തരംഗത്തിന്റെ ഫലമായി മനുഷ്യർ മരിക്കുന്ന സാഹചര്യം നിലനിൽക്കുന്നു. തോട്ടം മേഖല നശിക്കുന്നു. കാർഷിക വിളകൾ നശിച്ച് കർഷകർ
ദുരിതംപേറുകയാണ്. കള്ളക്കടൽ പ്രതിഭാസം നിലനിൽക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയിൽ ജനം പൊറുതി മുട്ടുകയാണ്. ഇതൈല്ലാം ഉള്ള സമയത്താണ് 19 ദിവസത്തേക്കാണെന്ന് പറയുന്നു മുഖ്യമന്ത്രി വിദേശത്തേക്ക് പോയിരിക്കുന്നത്. വിനോദ സഞ്ചാരത്തിനും വിദേശത്ത് പോകാനും മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. പക്ഷേ ജനപ്രതിനിധിയെന്ന നിലയിൽ ജനങ്ങളോട് പറഞ്ഞിട്ടാവണം യാത്ര.
എന്തൊക്കെയോ മറച്ച് വെയ്ക്കാൻ ശ്രമം നടക്കുകയാണ്. യാത്രയുമായി ബന്ധപ്പെട്ട് യാതൊരു സുതാര്യതയുമില്ല. മന്ത്രിസഭാ യോഗം പോലും മാറ്റിവെച്ചിരിക്കുകയാണ്. ദിവസങ്ങൾ സംസ്ഥാനത്ത് നിന്നും വിട്ടു നിൽക്കുമ്പോഴും ആർക്കും ചുമതല നൽകിയിട്ടില്ല. മന്ത്രിസഭയിലെ ആരേയും സ്വന്തം മരുമകനെയൊഴികെ മുഖ്യമന്ത്രിക്ക് വിശ്വാസമില്ല. മരുകനാകട്ടെ അദ്ദേഹത്തിന്റെ കൂടെ വിദേശ യാത്രയിലാണ്. ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലാത്ത മുഖ്യമന്ത്രി ധിക്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും ഭാഷയാണ് ഉപയോഗിക്കുന്നത്.
റോമാ സാമൃാജ്യം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയുടെ അനന്തരവനായി പിണറായി മാറിയിരിക്കുകയാണ്. സ്വാകാര്യ യാത്രയിൽ ചെലവ് വഹിക്കുന്നത് സർക്കാരാണോ സ്‌പോൺസേർഡാണോ സ്വന്തം കൈയിലെ കാശുപയോഗിച്ചാണോയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഇക്കാര്യത്തിൽ തികഞ്ഞ മൗനം പാലിക്കുകയാണ്. കേരളത്തിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും ഇൻഡി മുന്നണിയുടെ ഭാഗമായ മുഖ്യമന്ത്രി മറ്റ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ മുന്നണിക്കായി പ്രചാരണത്തിന് പോകാതെ വിദേശത്തേക്ക് കടന്നതെന്തു കൊണ്ടാണെന്ന് വ്യക്തമാക്കണം.
ഇടതില്ലെങ്കിൽ ഇന്ത്യയില്ലെന്ന് പ്രചാരണം നടത്തിയ മുഖ്യമന്ത്രി ഇടതില്ലാവുന്നതിനാൽ ഇടതില്ലെങ്കിൽ രാജ്യം വിടുമെന്നാണോ തിരോധാനത്തിലൂടെ അർത്ഥമാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ആരുമില്ല. രാജ്യ ചരിത്രത്തിൽ ആദ്യമാണ് സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിയിങ്ങനെ മുങ്ങുന്നത്.
സിപിഎം ഇക്കാര്യത്തിൽ മറുപടി പറയണമെന്നും ജനങ്ങൾ മുഖ്യമന്ത്രിയുടെ നടപടിയിൽ പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കകത്ത് ഭിന്നതിയുണ്ടെന്ന തരത്തിലുള്ള പ്രചാരണം പച്ചക്കള്ളമാണെന്നും പാർട്ടി സംസ്ഥാനത്ത് ലോകസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് ടി.സി. മനോജ്, ട്രഷറർ യു.ടി. ജയന്തൻ എന്നിവർ പങ്കെടുത്തു.