കണ്ണൂർ: കോൺഗ്രസ്സ് നേതാവും കർണ്ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാർ നടത്തിയ കേരളവിരുദ്ധ പ്രസ്ഥാവന നിരുപാധികം പിൻവലിച്ച് നിർവ്യാജം മലയാളികളോട് മാപ്പ് ചോദിക്കണമെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കർണ്ണാടക സർക്കാരിനെ അട്ടിമറിക്കാൻ കണ്ണൂർ ജില്ലയിലെ ഒരു ക്ഷേത്രത്തിന് സമീപത്ത് ശത്രുഭൈരവയാഗം നടത്തിയെന്നും 21 പോത്ത്, 21 ചെമ്മരിയാട് അഞ്ച് പന്നികളെയും ബലിനൽകിയെന്നുമാണ് ശിവകുമാർ പരസ്യമായി പറഞ്ഞത്.

ഇത് അടിസ്ഥാന രഹിതമാണെന്ന് മാത്രമല്ല കേരളീയ ജനതയെ അവഹേളിക്കാൻ ബോധപൂർവ്വം നടത്തിയതുമാണ്. കേരളീയ ജനതയ്ക്ക് കേട്ടുകേൾവിയില്ലാത്ത സംഭവമാണ് ശിവകുമാർ പറഞ്ഞത്. ഡികെ. ശിവകുമാർ നടത്തിയ പ്രസ്ഥാവന കേരളവിരുദ്ധം മാത്രമല്ല ദേശവിരുദ്ധം കൂടിയാണ്. മലയാളികളെ പരസ്യമായി അപമാനിക്കുകയാണ് കോൺഗ്രസ്സ് നേതാവ് ചെയ്തത്.

അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ആഭിചാരക്രിയകളുടെയം നാടാണ് കേരളമെന്നും മലയാളികൾ പ്രകൃതരാണെന്നുമുള്ള രീതിയിലുള്ള പ്രസ്ഥാവനയാണ് അദ്ദേഹം നടത്തിയത്. രാജരാജേശ്വര ക്ഷേത്രത്തെ അവഹേളിക്കൽ കൂടിയാണ് ഇത്തരത്തിലുള്ള പരാമർശം നടത്തിയത്. രാജരാജേശ്വക്ഷേത്രം ആഭിചാര ക്രിയകളുടെ കേന്ദ്രമാമെന്നാണ് അദ്ദേഹം പറഞ്ഞത്. ഏത് ഭാഗത്തു നിന്നാണ് അദ്ദേഹത്തിന് ഇത്തരത്തിലുള്ള വിവരങ്ങൾ കിട്ടിയത്. കേരളീയ സമൂഹത്തെ അവഹേളിക്കാൻ കോൺഗ്രസ്സ് നേതാവ് ഇത്തരത്തിലുള്ള പരസ്യപ്രസ്താവന നടത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്.

കോൺഗ്രസ്സിന്റെ ദേശീയ നോതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. കർണ്ണാടക സർക്കാരിനെ അട്ടിമറിക്കനാണ് യാഗം നടത്തിയതെന്നാണ് ശിവകുമാർ പറഞ്ഞത്. എന്നാൽ മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദിച്ചിട്ടും സംഭവത്തിന് പിന്നിൽ ആരാണെന്ന് ശിവകുമാർ വ്യക്തമാക്കിയില്ല. ഇത് സംശയാസ്പതമാണ്. കർണ്ണാടകത്തിലെ കോൺഗ്രസ്സിനകത്ത് അതിശക്തമായ വിഭാഗീയത നിലനിൽക്കുകയാണ്. സിദ്ധാരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നീന്ന് നീക്കാനുള്ള ശ്രമവും കോൺഗ്രസ്സിലെ ഒരു വിഭാഗം നടത്തുന്നു.

അതിൽ ഏതെങ്കിലും ഒരു വിഭാഗമാണ് ഇതിന് പിന്നിലെന്നായിരിക്കും ശിവകുമാർ മനസ്സിലാക്കിയിട്ടുണ്ടാവുക. അങ്ങനെയെങ്കിൽ തങ്ങളുടെ കൂടെയുള്ള ആരാണ് പിന്നിലെന്ന് പരസ്യമായി അദ്ദേഹം പ്രഖ്യാപിക്കണം. അതല്ലാതെ എല്ലാവരെയും സംശയത്തിന്റെ നിഴലിൽ നിർത്തുകയല്ല വേണ്ടത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കണ്ണൂർ ജില്ലക്കാരനാണ്. അദ്ദേഹമറിയാതെ ഇത്തരത്തിൽ ഒരു ആഭിചാരക്രിയ നടക്കാൻ സാധ്യതയില്ല. അദ്ദേഹത്തിന്റെ പിൻതുണയോടെയാണോ അല്ലയോ എന്ന് കെ. സുധാകരൻ വ്യക്തമാക്കേണ്ടതുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, ജില്ലാ ജനറൽസെക്രട്ടറി ബിജു ഏളക്കുഴി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.