- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തട്ടം പരാമർശം തിരുത്തുകൊണ്ട് മാത്രം തീരില്ല; ഇന്ത്യ മുന്നണിയിലെ കക്ഷിക്ക് ഉണ്ടാവാൻ പാടില്ലാത്ത നിലപാട്; ഇത്തരം ഒരു പിഴവ് പറ്റി തിരുത്തേണ്ടി വന്ന സാഹചര്യം പരിശോധിക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി; അനിൽകുമാറിനെതിരെ സിപിഎം നടപടി എടുക്കുമോ?
കോഴിക്കോട്: തട്ടത്തിൽ തൊട്ട സിപിഎം സംസ്ഥാന സമിതി അംഗം കെ.അനിൽകുമാറിന് പാർട്ടിക്കുള്ളിൽ നിന്നും പണി കിട്ടുമോ? അനിലിനെതിരെ തരംതാഴ്‌ത്തൽ അടക്കമുള്ള നടപടികൾ ഉണ്ടാകുമെന്ന സൂചകൾക്കിടെ ഇന്ന് വീണ്ടും നിലപാട് കടുപ്പിച്ചു മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു. എം വി ഗോവിന്ദൻ അനിലിന്റെ നിലപാടു തള്ളുകയും നേതാവ് തിരുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ലീഗ് വീണ്ടും സ്വരം കടുപ്പിക്കുന്നത്.
അനിൽകുമാറിന്റെ പരാമർശം അനവസരത്തിലാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. എങ്ങിനെ സിപിഎമ്മിന് ഇത്തരം ഒരു പിഴവ് പറ്റി തിരുത്തേണ്ട സാഹചര്യം വന്നു എന്ന് പരിശോധിക്കണം. തിരുത്തുകൊണ്ട് മാത്രം തീരുന്ന വിഷയം അല്ല.ആരുടേയും വിശ്വാസങ്ങളിലേക്ക് കടന്നു കയറരുത്.ഇന്ത്യ മുന്നണിയിൽ ഇരിക്കുന്ന ഒരു കക്ഷിക്ക് ഉണ്ടാവാൻ പാടില്ലാത്ത നിലപാടാണിതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തട്ടം പരാമർശത്തിൽ കെ അനിൽകുമാറിനെതിരെ എന്ത് നടപടിയാണ് സിപിഎം സ്വീകരിക്കുക എന്ന് വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ ആവശ്യപ്പെട്ടു. ചില വസ്ത്രങ്ങളോട് മാത്രം വെറുപ്പ് ഉളവാക്കുന്ന രീതിയിൽ ആണ് സംസാരിക്കുന്നത്. സംഘപരിവാർ നിലപാടിൽ നിന്ന് ഒരു വ്യത്യാസവും സിപിഎമ്മിനില്ലെന്നും മുനീർ മലപ്പുറത്ത് പറഞ്ഞു.
അതേസമയം തട്ടം വിവാദത്തിൽ പ്രതികരണവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും രംഗത്തുവന്നിരുന്നു. സിപിഎം മതചാരങ്ങൾക്കെതിരാണെന്ന രീതിയിൽ അഡ്വ. അനിൽകുമാറിന്റെ പ്രസ്താവനയെ ചിത്രീകരിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണ്. ഏത് വിഭാഗത്തിനും അവർക്കിഷ്ടമുള്ള വസ്ത്രം ധരിക്കുവാൻ സ്വാതന്ത്ര്യമുണ്ടെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. അനിൽകുമാറിന്റെ പ്രസ്താവനയുടെ ചെറിയ ഭാഗം മാത്രമാണ് വിവാദമാക്കുന്നത്. ഇപ്പോഴുള്ള വിവാദങ്ങൾ അനാവശ്യമാണെന്നും എംഎ ബേബി പറഞ്ഞു.
അതിനിടെ അനിൽകുമാറിനെതിരെ സിപിഎം നടപടി എടുത്തേക്കുമെന്ന സൂചനകളമുണ്ട്. അനിൽകുമാറിനെ സംസ്ഥാന സമിതിയിൽ നിന്നും തരംതാഴ്‌ത്തുന്നതോ പരസ്യ ശാസനയോ ഉണ്ടായേക്കുമെന്നാണ് സൂചന. ഇനി ചേരുന്ന സിപിഎം സംസ്ഥാന നേതൃയോഗങ്ങളിൽ അനിൽകുമാറിന്റെ പ്രസ്താവനയും ചർച്ചാ വിഷയമാകും.
പാർട്ടി സഹയാത്രികൻ കെ.ടി. ജലീൽ സംസ്ഥാനസമിതി അംഗമായ അനിൽകുമാറിന്റെ പ്രസ്താവന സിപിഎം നിലപാടല്ലെന്ന വാദവുമായി രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച നാസ്തികസമ്മേളനത്തിലായിരുന്നു അനിൽകുമാറിന്റെ പരാമർശം. ലീഗിലെ കെ.എം. ഷാജിയായിരുന്നു ഇതിനെതിരേ ആദ്യം രംഗത്തെത്തിയത്. കമ്യൂണിസം നിഷ്‌കളങ്കമാണെന്ന് ഇനിയും വിശ്വസിക്കണോ വിശ്വാസികളേ എന്നായിരുന്നു ഷാജിയുടെ ചോദ്യം. നിരീശ്വര വാദികളുടെ സമ്മേളനത്തിലാണ് അനിൽ കുമാർ വിവാദ പരാമർശം നടത്തിയത്. ഇതും സിപിഎമ്മിനെ വെട്ടിലാക്കി. ഈ സാഹചര്യത്തിലാണ് അനിൽ കുമാറിനെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തന്നെ തള്ളി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനും അനിൽകുമാറിന്റെ വാക്കുകൾ ഞെട്ടലായി.
തട്ടമിടാത്തത് പുരോഗമനത്തിന്റെ അടയാളമേ അല്ലെന്നും കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലിം പെൺകുട്ടിയെയും തട്ടമിടാത്തവളാക്കിമാറ്റിയിട്ടില്ലെന്നുമായിരുന്നു സമൂഹികമാധ്യമത്തിലൂടെ ജലീലിന്റെ വിശദീകരണം. ജലീലിന്റെ ഈ കുറിപ്പ് എ.എം. ആരിഫ് എംപി. പങ്കുവെച്ച് അനിൽകുമാറിനെ തള്ളുന്ന നിലപാടിനൊപ്പമാണെന്ന് പ്രഖ്യാപിച്ചു. ഇത്രയൊക്കെയായിട്ടും സിപിഎം. നേതാക്കളാരും മിണ്ടാത്തതിനെ ചോദ്യംചെയ്തായിരുന്നു ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെ പ്രതികരണം. തൊട്ടു പിന്നാലെ എംവി ഗോവിന്ദൻ പ്രസ്താവനയുമായി എത്തി. അതിന് ശേഷവും സിപിഎമ്മിനെതിരെ കടന്നാക്രമണം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് അനിൽ കുമാറിനെതിരായ അച്ചടക്ക നടപടി സിപിഎം പരിഗണിക്കുന്നത്.




